ജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത സൗദിയില്‍ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്ന് ബ്രൂണെക്കാരികള്‍. ഇക്കഴിഞ്ഞ ഫിബ്രവരി 23നാണ് മൂന്ന് യുവതികള്‍ ജിദ്ദ വിമാനത്താവളത്തില്‍ റോയല്‍ ബ്രൂണെ എയര്‍ലൈസ് വിമാനമിറക്കിയത്.
റോഡില്‍ വാഹനമോടിക്കാന്‍ സൗദിയിലെ ഒരു വിഭാഗം വനിതകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമന്‍ടുഡ്രൈവ് എന്ന പേരില്‍ പ്രക്ഷോഭവും കാമ്പയിനും നടത്തിവരുന്നതിനിടെയാണ് തലസ്ഥാനത്ത് മൂന്ന് യുവതികള്‍-ക്യാപ്റ്റന്‍ ഷരിഫ സെറാനയും സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരായ സരിയാന നോര്‍ഡിനും നാദിയ ഖഷിയെമ്മും വിമാനമിറക്കി ചരിത്രം കുറിച്ചത്. ബ്രൂണെ വ്യോമയാന ചരിത്രത്തിലും ഇതൊരു തിളക്കമാര്‍ന്ന പുതിയ അധ്യായമാണ്. ബ്രൂണെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഔദ്യോഗിക വിമാന സര്‍വീസായ റോയല്‍ എയര്‍ലൈസിന്റെ ബ്രൂണെ-ജിദ്ദ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ബി.ഐ. 081 വിമാനം പറത്താന്‍ ഈ യുവതികളെ നിയോഗിച്ചത്. ഇവര്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
Royal Brunei Airlines
രണ്ട് വര്‍ഷം മുന്‍പ് ബ്രൂണെ എയര്‍ലൈന്‍സിന്റെ ഡ്രീംലൈനര്‍ വിമാനം ആദ്യമായി ലണ്ടനിലെ ഹീത്രൂ വിമാനത്തില്‍ നിന്ന് പറത്തിയ ആളാണ് ക്യാപ്റ്റന്‍ ഷരീഫ സെരേന. ബെഡ്‌ഫോര്‍ഡ്ഷയറിലെ ക്രാന്‍ഫീല്‍ഡിലെ കബൈര്‍ ഫ്‌ളൈയിങ് സ്‌കൂളില്‍ നിന്നാണ് ഷരീഫ പരിശീലനം പൂര്‍ത്തിയാക്കിയത്.
ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യയും എയര്‍ കാനഡയുമെല്ലാം പൂര്‍ണമായി വനിതകളെ ഉപയോഗിച്ച് സര്‍വീസ് നടത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബ്രൂണെയും പുതുപരീക്ഷണം നടത്തിയത്.
പുരുഷന്മാര്‍ കൈയടക്കിവച്ച തൊഴില്‍ മേഖലകളിലേയ്ക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാനാണ് വനിതകളെ മാത്രം ഉപയോഗിച്ച് വിമാന സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് റോയല്‍ ബ്രൂണെയുടെ വക്താവ് അറിയിച്ചു. ഇതിനുവേണ്ടി എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ് അപ്രന്റീസ് പ്രോഗ്രാം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.