3/18/2016

അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച കുട്ടി മരിച്ചു

manoramaonline.com
കൊച്ചി∙ അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച പതിനാറുകാരൻ മരിച്ചു. ഇന്നലെ രാത്രി ഒൻപരയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് രോഗം കണ്ടെത്തിയ ആലപ്പുഴ സ്വദേശിയെ തിങ്കളാഴ്ച വൈകിട്ടാണു ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായിരുന്നില്ല. മരുന്നുകളോടും ശരീരം പ്രതികരിക്കുന്നില്ലായിരുന്നു.
രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. നിഗ്ലേറിയ ഫൗളേറി എന്ന അമീബയാണു രോഗകാരണമെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. തലച്ചോറിൽ വളരെ വേഗത്തിൽ നീർക്കെട്ടുണ്ടാകുന്ന അമീബ ബാധ രാജ്യത്ത് അപൂർവമായാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലക്ഷത്തിൽ ഒരാൾക്കാണു അണുബാധ്യതയ്ക്കു സാധ്യത.
കടുത്ത പനിയും തലവേദനയുമായി തിങ്കളാഴ്ചയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ നീർക്കെട്ടുള്ളതിനാൽ മസ്തിഷ്ക ജ്വര (മെനഞ്ചൈറ്റിസ്)ത്തിനുള്ള ചികിൽസ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ, കായലിൽ കുളിച്ച ശേഷമാണു കുട്ടിക്ക് അസുഖമുണ്ടായതെന്ന് കുട്ടിയുടെ അച്ഛൻ‌ ഉറപ്പിച്ചു പറഞ്ഞതിനെ തുടർന്നാണ് അമീബിക് മെനഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്.
കായലിൽ മുങ്ങിക്കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണു കുട്ടിക്ക് അസുഖം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. ഗുരുതരമായ രോഗമെന്ന തിരിച്ചറിവിൽ കൂടുതൽ പരിശോധനകൾക്കു നിർദേശിക്കുകയായിരുന്നു. തുടർന്നാണു കൊച്ചിയിലെത്തിച്ചത്.
മറ്റു മെനഞ്ചൈറ്റിസ് രോഗങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ തലച്ചോറിനു നാശം വരുത്തുന്നതാണു അമീബിക് മെനഞ്ചൈറ്റിസ്. വളരെ വേഗത്തിൽ തലച്ചോറിൽ നീർക്കെട്ടു ബാധിക്കുന്നതാണു രോഗം. രാജ്യത്തു തന്നെ ആകെ പത്തിനും 15നും ഇടയിൽ മാത്രമേ ഇത്തരത്തിലുള്ള രോഗം കണ്ടെത്തിയിട്ടുള്ളൂ എന്ന് ഇൻഫെക്‌ഷ്യസ് ഡിസീസസ് കൺസൽറ്റന്റ് ഡോ. അനൂപ് ആർ. വാരിയർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസിൽ രോഗത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗം വരുത്തുന്നത് മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബ
തലച്ചോറു തിന്നും അമീബ എന്നു വിളിപ്പേരുള്ള നിഗ്ളേറിയ ഫൗളേറിയാണ് പ്രൈമറി അമീബിക് മെനഞ്ചൈറ്റിസിനു കാരണക്കാരൻ. നമ്മുടെ ജലാശയങ്ങളിൽ സാധാരണ കാണപ്പെടുന്ന ഈ അമീബ അസുഖം വരുത്തുന്നത് അപൂർവങ്ങളിൽ അപൂർവം. ശുദ്ധജലത്തിൽ മാത്രമാണു നിഗ്‌ളേറിയ ഫൗളേറി കാണപ്പെടുന്നത്. മൂക്കിലൂടെ കടക്കുന്ന വെള്ളത്തിലൂടെ മാത്രമാണ് രോഗം വരാൻ സാധ്യത. വെള്ളത്തിലൂടെ മൂക്കിലെത്തുന്ന അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയാണു ചെയ്യുന്നത്. ഉയർന്ന അത്യാഹിത നിരക്കാണ് രോഗത്തെ ഭീകരമാക്കുന്നത്.
വേനൽക്കാലത്താണ് ഈ അമീബ കൂടുതൽ കാണപ്പെടുക. ശുദ്ധജലത്തിനു നിശ്ചിത ശതമാനം ചൂടുണ്ടാകുമ്പോഴാണ് അമീബയുടെ വളർച്ചാ നിരക്ക് കൂടുന്നത്.
വെള്ളത്തിൽ ഇത്തരത്തിലുള്ള അമീബ ഉണ്ടെന്നു കരുതി എല്ലാവർക്കും അസുഖം വരണമെന്നുമില്ല. ലക്ഷത്തിൽ ഒരാൾക്കാണ് അണുബാധയ്ക്കു സാധ്യത. ഇത്രയും അപൂർവമായതിനാൽ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് സാധാരണ ഗതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസുഖവുമല്ല. നിഗ്ളേറിയക്കു പുറമെ അക്കാന്തമീബ, ബാലമിത്തീയ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന അമീബകളും പ്രൈമറി അമീബിക് മെനഞ്ചൈറ്റിസിനു കാരണമാകും. ഇതിൽ ഏറ്റവും ഭീകരൻ നിഗ്‌ളേറിയ തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1