നാഗ്പൂര്‍: വിന്‍ഡീസിനെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന് ലോക ട്വന്റി-20യില്‍ നിന്ന് വിട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് 123 റണ്‍സിലൊതുങ്ങിയെങ്കിലും വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ 117 റണ്‍സിലൊതുക്കിയാണ് അഫ്ഗാന്‍ ആറ് റണ്‍സിന്റെ വിജയമാഘോഷിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 123/7 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 117/8 (20 ഓവര്‍).
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ജയങ്ങളുമായി സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിന്റെ അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ അര്‍ഹിച്ച ജയമായി ഇത്.
ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിലാണ് അഫ്ഗാന്‍ ശക്തരായ വിന്‍ഡീസിനെ അട്ടിമറിച്ചത്. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിനെ ഒതുക്കിയത് സ്പിന്നര്‍ മുഹമ്മദ് നബിയാണ്.
Afg
കൂറ്റനടികളുമായി നിന്ന ബ്രാത്ത്വെയ്റ്റിന് ആദ്യ രണ്ട് പന്തിലും റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. ഫുള്‍ടോസായ മൂന്നാം പന്ത് ബ്രാത്ത്വെയ്റ്റ് ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിയില്‍ ഒരു മനോഹര ഡൈവിങ് ക്യാച്ചിലൂടെ നജീബുളള കൈപിടിയിലൊതുക്കി. പിന്നീടെറിഞ്ഞ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നബി ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തേ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പെഷിലിസ്റ്റ് സ്പിന്നര്‍മാരുമായിറങ്ങിയ വിന്‍ഡീസ്, അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാരെ വെളളം കുടിപ്പിച്ചു. മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഉസ്മാന്‍ ഘാനിയുടെ (4) വിക്കറ്റ് നേടി സാമുവല്‍ ബദ്രി അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാന്‍സ്‌ക്സായിയും (16) ഓപ്പണര്‍ മുഹമ്മദ് ഷഹസാദും (24) ചേര്‍ന്ന് അഫ്ഗാന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഷഹസാദിന്റെ വിക്കറ്റ് സ്വന്തമാക്കി ബദ്രി അഫ്ഗാന്‍ സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.
Najibullah Zadran
പിന്നീട് വന്നവരെല്ലാം വിന്‍ഡീസ് ബൗളിങ്ങിന് മുന്‍പില്‍ അടിയറവു പറഞ്ഞെങ്കിലും ആറാമനായിറങ്ങിയ നജീബുള്ളാ സദ്രാന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന്‍ സ്‌കോര്‍ 120 കടത്തിയത്. 40 പന്തില്‍ നിന്ന് നാല് ഫോറുകളും ഒരു സിക്സറുമുള്‍പ്പടെ പുറത്താകാതെ 48 റണ്‍സാണ് നജീബുളള സദ്രാന്‍ നേടിയത്.
വിന്‍ഡീസ് ബൗളര്‍മാരില്‍ സാമുവല്‍ ബദ്രി നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഡ്രേ റസല്‍ രണ്ട് വിക്കറ്റും സുലൈമാന്‍ ബെന്‍ ഡാരന്‍സമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു 38 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ അഫ്ഗാന്‍ ബൗളര്‍മാരെ കൂടാരം കയറ്റി.
Afg
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാവോ-രാംദിന്‍ കൂട്ടുക്കെട്ട് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 14-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് നബി ഡ്വയ്ന്‍ ബ്രാവോയെ(28) വിക്കറ്റിന് മുമ്പില്‍ കുടുക്കി അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രാംദിനെ (18) കൂടെ നഷ്ടമായത് വിന്‍ഡീസിന് ഇരട്ട പ്രഹരമായി. പിന്നീടെത്തിയ അന്‍ഡ്രേ റസല്‍ അനാവശ്യ റണ്ണിന്‌ ശ്രമിച്ച് റണ്‍ ഔട്ടായതും വിന്‍ഡീസിന് തിരിച്ചടിയായി.
അഫ്ഗാന്‍ ബൗളിങ് നിരയില്‍ റാഷിദ് ഖാന്‍ മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അമീര്‍ ഹംസ ഹമീദ് ഹസന്‍ ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.