മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്
by സ്വന്തം ലേഖകൻ
**നിയമ വിരുദ്ധമായി മോടികൂട്ടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശം**കൊച്ചി ∙ മോടി പിടിപ്പിച്ച മോട്ടോർ വാഹനങ്ങൾക്കും ചെത്തു ബൈക്കുകൾക്കും മേൽ ഹൈക്കോടതിയുടെ പിടിമുറുകുന്നു. ഭേദഗതി ചെയ്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകണമെന്നു കോടതി ഉത്തരവിട്ടു. സൈലൻസറും മഡ്ഗാർഡും സാരിഗാർഡും മാറ്റിയും നിലവാരമില്ലാത്ത ചെറിയ ഹാൻഡിൽ പിടിപ്പിച്ചും ബൈക്കുകൾക്കു ഗ്ലാമർ കൂട്ടുന്നത് അനുവദിച്ചുകൂടെന്നു ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി.
പൊതുവിൽ കാണുന്ന മോടികൂട്ടലുകളുടെ ദോഷഫലങ്ങൾ കോടതി ചൂണ്ടിക്കാട്ടി:
1) സൈലൻസർ മാറ്റി, ഇടിമുഴക്കം പോലെ ശബ്ദമുണ്ടാക്കി വാഹനങ്ങൾ ചീറിപ്പായുന്നതു ജനങ്ങളുടെ ചെകിടു പൊട്ടിക്കുകയാണ്. പ്രായമായവരും രോഗികളും ഉൾപ്പെടെ വഴിയാത്രക്കാർക്ക് ഇതുണ്ടാക്കുന്ന അലോസരം ചെറുതല്ല. ശബ്ദമലിനീകരണം നിയന്ത്രിക്കണം. 2) നിലവാരമുള്ള കമ്പനി ഹാൻഡിൽ മാറ്റി നേർത്ത പൈപ്പ്/ട്യൂബ് പോലെ നിലവാരമില്ലാത്തവ പിടിപ്പിക്കുന്നതു ബൈക്കിന്റെ ബാലൻസ് തെറ്റിക്കും, അപകട സാധ്യതയുണ്ടാക്കും. 3) ടയറിന്റെ ഭംഗി എടുത്തുകാട്ടാൻ മഡ്ഗാർഡ് മാറ്റുന്നു. മഡ്ഗാർഡ് ഇല്ലാത്ത ബൈക്കുകൾ ഓടിക്കുന്നവരുടെ മാത്രമല്ല വഴി നടക്കുന്നവരുടെ മേലെയും ചെളി തെറിപ്പിക്കും. 4) കമ്പനി ഉദ്ദേശിക്കാത്തവിധം ‘തിയറ്റർ സീറ്റിങ്’ പോലെ ചരിച്ച് സീറ്റ് പിടിപ്പിക്കുന്ന രീതിയുണ്ട്. ഇതു മൂലം ചെറിയൊരു കുലുക്കമുണ്ടായാൽ പോലും പിൻസീറ്റ് യാത്രക്കാരൻ തെറിച്ചു പോകുന്ന സാഹചര്യമുണ്ടാകും.
മോട്ടോർ വാഹന ഇൻസ്പെക്ടർ തന്റെ മോട്ടോർ സൈക്കിളിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തതു തിരിച്ചുകിട്ടാൻ കടവന്ത്ര സ്വദേശി എം.സി. ഫ്രാൻസിസ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു കോടതി വിധി. 2016 ഫെബ്രുവരി 18നു വാഹന പരിശോധന നടത്തിയപ്പോൾ ലൈസൻസും ആർസിയും രേഖകളും കൃത്യമാണെങ്കിലും ചെക്ക് റിപ്പോർട്ട് തയാറാക്കി രേഖകൾ പിടിച്ചെടുത്തെന്നാണു ഹർജിക്കാരന്റെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സൈലൻസർ മാറ്റിവയ്ക്കണമെന്നും നിലവാരമില്ലാത്ത ഹാൻഡിൽ ഘടിപ്പിച്ചതു മാറ്റി, അസൽ ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു റിപ്പോർട്ട്. മൂന്നു ദിവസത്തിനകം ഇവ നടപ്പാക്കി ഹാജരാക്കിയാൽ രേഖകൾ തിരികെ വാങ്ങാമെന്ന നോട്ടിസ് ചോദ്യം ചെയ്താണു ഹർജി. വാഹനത്തിന്റെ അപാകത പരിഹരിച്ചു ഹാജരാക്കിയാൽ ആർസി ബുക്ക് തിരിച്ചു നൽകണമെന്നു കോടതി നിർദേശിച്ചു.
‘മോടി’ കൂട്ടൽ നിയമലംഘനങ്ങൾ**
∙ മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച് ബൈക്ക് മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ വരെ ആർടിഒയ്ക്കു സാധിക്കും. റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്.
∙ വാഹനങ്ങളിൽ സൈലൻസർ ഭേദഗതി ചെയ്യുന്നതു മോട്ടോർ വാഹന നിയമത്തിലെ 120–ാം ചട്ടത്തിന്റെയും പരിധിയിൽ വരും. വാഹന എൻജിൻ പുറന്തള്ളുന്ന പുകയുടെ ശബ്ദം കുറയ്ക്കാൻ സൈലൻസർ ഫിറ്റ് ചെയ്യണമെന്നാണു 120 (ഒന്ന്) ചട്ടം. അനുവദനീയ ശബ്ദപരിധിയായ 90 ഡെസിബെൽ കടക്കരുതെന്ന പരിസ്ഥിതി സംരക്ഷണ വ്യവസ്ഥ ഉറപ്പാക്കണമെന്ന് 120 (രണ്ട്) ചട്ടത്തിൽ പറയുന്നു.
∙ ഇടിമുഴങ്ങുംപോലെ വാഹനം ശബ്ദമുണ്ടാക്കിയാൽ വായു, ശബ്ദമലിനീകരണ നിയന്ത്രണ നിയമം 190 (രണ്ട്) പ്രകാരം പിഴയടിക്കാം. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ ആദ്യതവണ 1000 രൂപയും തുടർന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.
**ഒരു മാസത്തിനിടെ പിടിയിലായത് 300 ചെത്ത് ബൈക്ക്**
കാക്കനാട്∙ ബൈക്കുകൾ ‘ചെത്ത്’ രൂപത്തിലാക്കി നിരത്തിലൂടെ പാഞ്ഞ മുന്നൂറോളം പേരാണ് ഒരു മാസത്തിനിടെ പിടിയിലായത്.സൈലൻസറിൽ രൂപമാറ്റം വരുത്തി വലിയ ശബ്ദത്തോടെ ചീറിപ്പാഞ്ഞ ബൈക്കുകളായിരുന്നു ഇവയിലധികവും. കൊച്ചിയിലെയും പരിസരത്തെയും പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനകളിലാണു രൂപമാറ്റം നടത്തിയ ഇത്രയും ബൈക്കുകൾ പിടിച്ചത്. ഇവ ഓടിച്ചിരുന്നവരിൽ പകുതിയിലധികവും 25 വയസിൽ താഴെയുള്ളവരായിരുന്നു.
ഇക്കൂട്ടത്തിൽ നല്ലൊരു പങ്ക് വിദ്യാർഥികളുമുണ്ടായിരുന്നു. ബൈക്കുകളുടെ ഹാൻഡിലുകൾ ഇളക്കി പ്രത്യേക രീതിയിൽ ഘടിപ്പിച്ചവയും ഉദ്യോഗസ്ഥരുടെ വലയിൽ വീഴാറുണ്ട്. ലൈറ്റുകളിലും ഡെക്കറേഷൻ നടത്തുന്ന വില്ലൻമാരുണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് ഇന്ത്യയുടെ അംഗീകരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാർട്സിൽ പോലും മാറ്റം വരുത്തരുതെന്നാണു നിയമം. ഇതൊക്കെ കാറ്റിൽപ്പറത്തി ബൈക്കുകൾ ഏതു രൂപത്തിലേക്കും മാറ്റി കൊടുക്കുന്ന വർക്ക്ഷോപ്പുകൾ നാടു നീളെയുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അനധികൃത പാർട്സുകൾ വിൽക്കുന്ന കടകളും ഒട്ടേറെയുണ്ട്. ബൈക്കുകൾ രൂപമാറ്റം വരുത്തി പാഞ്ഞതിന്റെ പേരിൽ അടുത്തയിടെ പിടിയിലായ പലരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പലരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി പൂർത്തിയാകുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കൗമാരക്കാരിൽ പലരും ബൈക്കുകൾ രൂപമാറ്റം വരുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല കേസുകളിലും രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണു രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഉദ്യോഗസ്ഥർ വിട്ടു കൊടുക്കുന്നത്.
ഇവ പൂർവ സ്ഥിതിയിലാക്കി ആർടി ഓഫിസിൽ ഹാജരാക്കാമെന്ന വ്യവസ്ഥയോടെയാണു വിട്ടു കൊടുക്കുന്നത്. റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യൽ, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പിഴ ഈടാക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുന്നത്. വിചാരണയ്ക്കു ശേഷമാണു ശിക്ഷാ നടപടി.
ആളാകാൻ ആളെക്കൊല്ലണോ?
കൊച്ചി ∙ മറ്റുള്ളവർക്കു മുന്നിൽ വ്യത്യസ്തനാകാൻ ശ്രമിക്കുന്ന പ്രകടനപരതയാണു ബൈക്കുകളുടെ അമിത വേഗത്തിനു കാരണമെന്നു മനഃശാസ്ത്ര വിദഗ്ധർ. ക്ഷമയില്ലായ്മയാണ് അടുത്ത കാരണം. കുത്തിക്കയറി മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കി ബഹളം വച്ചു മുന്നോട്ടു പാഞ്ഞാലും ലാഭിക്കുന്നതു മൂന്നോ നാലോ മിനിറ്റുകൾ മാത്രമെന്നു പലരും ഓർക്കുന്നില്ല.
ഈ വേഗത്തിന്റെ കാരണം അന്വേഷിക്കുമ്പോൾ ചെറുപ്പകാലത്തെ വിഡിയോ ഗെയിമുകൾ മുതൽ പ്രതിപ്പട്ടികയിലെത്തും. കംപ്യൂട്ടർ ആനിമേറ്റഡ് റേസിങ് ഗെയിമുകളിൽ സ്പീഡിനാണു പോയിന്റ്. കുതിച്ചു പാഞ്ഞെത്തി അടുത്തവനെ ചവിട്ടിത്തെറിപ്പിച്ചാൽ വീണ്ടും പോയിന്റ് ലഭിക്കും. ഈ മാനസികാവസ്ഥ ബൈക്കുമായി റോഡിലിറങ്ങുമ്പോഴും കൈമോശം വരുന്നില്ല. ഒരു മിനിറ്റ് ഒന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ലോകം ഇടിഞ്ഞു വീഴുമെന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നതിൽ ഇത്തരം ഗെയിമുകൾ വഹിക്കുന്ന പങ്കു വലുതാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടിയാണ് അടുത്ത പ്രശ്നം. ഞാനാണു വലുതെന്ന ഭാവം കുറച്ചാൽത്തന്നെ റോഡിലെ പകുതി പ്രശ്നം കുറയും. നിങ്ങൾ ആരുമാകട്ടെ റോഡിൽ ഒരു ഡ്രൈവർ മാത്രമാണെന്ന ട്രാഫിക് ഓർമക്കുറിപ്പ് ഒരിക്കലെങ്കിലും വായിക്കുന്നതു നന്നായിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ