3/02/2016

ഒരു വർഷത്തെ ബഹിരാകാശ വാസത്തിനു ശേഷം 52കാരൻ വീട്ടിലെത്തിയപ്പോൾ

ഒരു വർഷത്തെ ബഹിരാകാശ വാസത്തിനു ശേഷം 52കാരൻ വീട്ടിലെത്തിയപ്പോൾ

by സ്വന്തം ലേഖകൻ

52 വയസ്സു പ്രായമുള്ള സ്കോട്ട്കെല്ലി ഒരു വർഷം ബഹിരാകാശത്ത് താമസിച്ചു എന്നു പറയുമ്പോൾ അദ്ഭുതം തന്നെയാണ്. അങ്ങകലെ ഒറ്റപ്പെട്ട ഒരിടത്ത് ഇത്രയും പ്രായം ചെന്ന ഒരാൾ രാവും പകലും കഴിച്ചുകൂട്ടുക അസാധ്യമെന്ന് തോന്നിയേക്കാം. എന്നാൽ നിലയത്തിൽ എത്തിയ അന്നു മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലെ കൂട്ടുകാർക്ക് പങ്കുവയ്ക്കാൻ കെല്ലിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് തിരിക്കുമ്പോൾ, യാത്രപറയുമ്പോൾ വരെ സൂര്യൻ ഉദിച്ചുയരുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് മടങ്ങിയത്. ആ ചിത്രങ്ങൾക്കും കുറിപ്പുകളിലും ബഹിരാകാശ ലോകത്ത് നിന്നു മടങ്ങുന്നതിന്റെ ചെറിയൊരു ദുഃഖം പ്രകടമായിരുന്നു. ഇപ്പോൾ കെല്ലി വീട്ടിൽ എത്തിയിരിക്കുന്നു. വലിയൊരു നേട്ടം കൈവരിച്ച്.
ഏകദേശം ഒരു വർഷത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് യുഎസ് ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലിയും റഷ്യൻ സഞ്ചാരി മിഖായേൽ കോർണിങ്കോയും ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.55നാണ് ഇവർ ഭൂമിയിൽ തിരിച്ചെത്തിയത്. മധ്യ കസഖ്സ്ഥാനിലെ ജെസ്കാസ്ഗനിലാണ് ഇവർ തിരിച്ചിറങ്ങി. കെല്ലിയും കോർണിങ്കോയും 340 ദിവസമാണ് ബഹിരാകാശത്തു കഴിഞ്ഞത്. ഇവർക്കൊപ്പം അഞ്ചുമാസത്തെ വാസത്തിനു ശേഷം റഷ്യയുടെ സെർജി വോൾക്കോവും തിരിച്ചു ഭൂമിയെത്തി.
ഏറ്റവും അധികം കാലം ബഹിരാകാശത്ത് വസിച്ച യുഎസ് സഞ്ചാരിയെന്ന റെക്കോ‍‍‍ഡ് കെല്ലി സ്വന്തം പേരിലെഴുതിച്ചേർത്തു. ഏറ്റവും ദീർഘകാലം ബഹിരാകാശത്തു വസിച്ച അഞ്ചാമത്തെ റഷ്യക്കാരനാണ് കോർണിങ്കോ. ഇരുവരും 144 മില്യൺ മൈലാണ് ബഹിരാകാശത്ത് യാത്രചെയ്തത്. ഭൂമിയെ 5,440 തവണ ചുറ്റി. 10,880 സൂര്യോദയവും അസ്തമയവും കണ്ടു. ഇന്നലെയാണ് കെല്ലി അവസാനമായി സൂര്യോദയത്തിന്റെ ചിത്രം പോസ്റ്റ് ചെയതത്. കഴിഞ്ഞ മാർച്ച് 27നാണ് ഇരുവരും ബഹിരാകാശത്തേക്കു പോയത്.
സർവസമ ഇരട്ടകളായ ഗഗനചാരികളിലൊരാളെ ബഹിരാകാശത്തേക്കയച്ചു ജനിതക ഘടനയിലുണ്ടായേക്കാവുന്ന മാറ്റങ്ങളുൾപ്പെടെ സൂക്ഷ്‌മമായി പഠിക്കുകയായിരുന്നു യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ പദ്ധതി. ഇരട്ട സഹോദരന്മാരായ മാർക്ക് കെല്ലിയും സ്‌കോട്ട് കെല്ലിയുമാണു നാസയുടെ വേറിട്ട പരീക്ഷണദൗത്യത്തിൽ പങ്കാളികളായത്. ബഹിരാകാശ യാത്രകൾ പുത്തരിയല്ലാത്ത ഇരുവർക്കും ഈ ഫെബ്രുവരി 21ന് 52 വയസ്സു തികഞ്ഞു. ഭൂമിയെ ഭ്രമണം ചെയ്യുന്ന, ഗവേഷണ ലബോറട്ടറിയായ രാജ്യാന്തര ബഹിരാകാശനിലയത്തിൽ ഒരു വർഷം സ്‌കോട്ട് ചെലവിട്ടപ്പോൾ നാസയിൽനിന്നു വിരമിച്ച ഇരട്ട സഹോദരനാകട്ടെ, ഭൂമിയിൽ തന്റെ വിശ്രമജീവിതം തുടർന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നാസ ദൗത്യങ്ങളുടെ കാലാവധി സാധാരണയായി നാലു മുതൽ ആറുമാസം വരെയാണ്. മിഖായേൽ കോർണിങ്കോയ്‌ക്കൊപ്പം സ്‌കോട്ട് കെല്ലിയും ഒരുവർഷം താമസിച്ചത് ദീർഘകാല ബഹിരാകാശ ജീവിതത്തിന്റെ സ്വാധീനം മനസ്സിലാക്കാനായിരുന്നു. ഭൂമിയിലുള്ള മാർക്കിന്റെയും ബഹിരാകാശത്തുള്ള സ്‌കോട്ടിന്റെയും മാനസിക, ശാരീരിക അവസ്‌ഥകൾ നിരന്തരം നിരീക്ഷിച്ച് മനുഷ്യമനസ്സിനെയും ശരീരത്തെയും ബഹാരാകാശ ജീവിതം എങ്ങനെ സ്വാധീനിക്കുന്നുവെന്നു കണ്ടെത്താനാണു നാസയുടെ ശ്രമം.
താഴെ ആകാശം
ഒരിലയനക്കം പോലുമില്ലാത്ത നിശബ്ദതയില്‍ ശൂന്യാകാശത്തുമ്പില്‍ ഒരു കിളിക്കൂട്. ഭക്ഷണവും വസ്ത്രവുമൊക്കെയായി പറന്നെത്തുന്ന യന്ത്രപ്പക്ഷികളെ പ്രതീക്ഷിച്ച് അത് ഒഴുകിനീങ്ങുന്നു. ദിവസവും പലവട്ടം സൂര്യനെ നോക്കി മുഖംമിനുക്കിയാണ് യാത്ര. വിണ്ണിലെ ഈ വീട്ടില്‍ താമസിച്ചത് ആറു പേര്‍. കഴിഞ്ഞ 17 വര്‍ഷമായി തുടരുന്ന വിസ്മയം...ചില ദിവസങ്ങളില്‍ ഒന്നു കണ്ണുയര്‍ത്തി നോക്കിയാല്‍ നമുക്കുംകാണാം, നമ്മുടെ തലയ്ക്കുമീതെ ആ അദ്ഭുതക്കാഴ്ച...
രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ നവംബര്‍ 20നു 17 വര്‍ഷം പൂര്‍ത്തിയായി. 330 കിലോമീറ്റര്‍ മുതല്‍ 435 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് കറക്കം. ഭൂമധ്യരേഖയ്ക്ക് 51.65 ഡിഗ്രി ചെരിഞ്ഞ ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതായത് ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ ! ബഹിരാകാശത്തു താമസിച്ചു പഠനങ്ങള്‍ നടത്താനായി നിര്‍മിച്ച ലബോറട്ടറി എന്ന് നിലയത്തെ വിശേഷിപ്പിക്കാം. ചെറിയ ഘടകങ്ങള്‍ പലപ്പോഴായി കൊണ്ടുവന്നു കൂട്ടിച്ചേര്‍ത്തായിരുന്നു നിര്‍മാണം. ബഹിരാകാശ സഞ്ചാരികള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി പേടകങ്ങള്‍ ഭൂമിയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് എത്തും. 17 വയസ്സ് പൂര്‍ത്തിയായ നിലയത്തെക്കുറിച്ചുള്ള ചില കൗതുകങ്ങള്‍...
16 തങ്ക സൂര്യോദയങ്ങള്‍
ഭൂമിയെ ചുറ്റി സഞ്ചരിക്കുമ്പോള്‍ നിലയത്തിലുള്ളവര്‍ക്ക് ഓരോ 92.71 മിനിറ്റിലും ഒരു സൂര്യോദയമോ സൂര്യാസ്തമയമോ കാണാം. ഒരു ദിവസം അവര്‍ സാക്ഷികളാകുന്നത് പതിനാറോളം സൂര്യോദയങ്ങള്‍ക്ക്. കൃത്യമായി പറഞ്ഞാല്‍ 15.5 തവണ. ഓരോ വട്ടംചുറ്റലിലും പലതവണ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം.
15 രാജ്യങ്ങള്‍
15 രാജ്യങ്ങള്‍ ചേര്‍ന്നാണ് നിലയം നിര്‍മിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് പങ്കാളികള്‍. ബല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലുള്ളത്.
15 വര്‍ഷം
ഭ്രമണപഥത്തില്‍ എത്തിയിട്ടു 17 വര്‍ഷം കഴിഞ്ഞെങ്കിലും ബഹിരാകാശ നിലയത്തില്‍ മനുഷ്യന്‍ താമസം തുടങ്ങിയത് 15 വര്‍ഷം മുന്‍പാണ്. 1998 നവംബര്‍ 20ന് ആണ് ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗം റഷ്യയില്‍ നിന്നു വിക്ഷേപിച്ചത്. രണ്ടാഴ്ച കഴിഞ്ഞു നാസ വിക്ഷേപിച്ച മറ്റൊരു ഭാഗം ഇതിനോടു കൂട്ടിച്ചേര്‍ത്തു നിലയത്തിന്റെ നിര്‍മാണം തുടങ്ങി. എന്നാല്‍ 2000 നവംബര്‍ രണ്ടിനായിരുന്നു മാനവരാശിയുടെ ഗൃഹപ്രവേശം.
13 ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ചരിത്രയാത്ര പുറപ്പെട്ട കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോം ആണു റഷ്യ ഇപ്പോഴും പേടകങ്ങളുടെ വിക്ഷേപണസ്ഥലമായി ഉപയോഗിക്കുന്നത്. തന്നെ കൊണ്ടുവന്ന ബസിന്റെ വലതുവശത്തെ പിന്നിലെ ടയറില്‍ ഗഗാറിന്‍ മൂത്രമൊഴിച്ചു.
പേടകത്തില്‍ കയറുന്നതിനു മുന്‍പു മൂത്രശങ്ക തീര്‍ക്കാനായിരുന്നു അത്. ആ മൂത്രമൊഴിക്കല്‍ ഇന്നും പലരും പിന്തുടരുന്നു. സ്ത്രീകളായ സഞ്ചാരികളാണെങ്കില്‍ അല്‍പ്പം സാംപിള്‍ കുപ്പിയില്‍ കൊണ്ടുവന്നു ടയറിന്റെ മുകളില്‍ ഒഴിക്കും. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് യാത്രയെങ്കിലും ഇത്തരം ആചാരങ്ങള്‍ ഇപ്പോഴും ചിലരുടെ കൂടപ്പിറപ്പാണ്. പേടകത്തിലേക്ക് കയറുന്ന യാത്രികരെ സ്വാഗതംചെയ്യുന്ന റഷ്യന്‍ ചീയര്‍ ഗേള്‍സ്, ഓരോ ദൗത്യത്തിനും മുന്‍പു വൃക്ഷത്തൈ നടീല്‍, വിക്ഷേപണത്തലേന്ന് സിനിമ കാണല്‍, കിടപ്പുമുറിയിലെ ചുവരിലും ഓര്‍മഫലകത്തിലും പേടകത്തിലും ഒപ്പുചാര്‍ത്തല്‍, കുതിച്ചുയരുംമുന്‍പു പ്രേമഗാനം കേള്‍ക്കല്‍....അനുഷ്ഠാനങ്ങളുടെ നിര നീളുന്നു. റോക്കറ്റും പേടകവും ഒരു വൈദികന്റെ ആശീര്‍വാദവും ഏറ്റുവാങ്ങും. ഓരോ സഞ്ചാരിയും തങ്ങളുടേതായി ഒരു പാവയെയും കൊണ്ടുപോകും. കുതിച്ചുയരുന്ന പേടകത്തിന്റെ ഉള്ളറയില്‍ തൂങ്ങിക്കിടക്കുന്ന ഈ പാവക്കുട്ടിയെ ഉപയോഗിച്ചു, തങ്ങള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം ഭേദിക്കുന്നത് എപ്പോഴാണെന്നു തിരിച്ചറിയാനും അവര്‍ക്കു കഴിയും.
12 മാസം താമസം
സാധാരണ ആറുമാസം വീതമാണ് ഓരോ ദൗത്യത്തിന്റെയും കാലാവധി. ഒരു ബഹിരാകാശ സഞ്ചാരി ആറു മാസമാവും നിലയത്തില്‍ കഴിയുക. ഒന്നാം ദൗത്യം മുതല്‍ ഇപ്പോഴുള്ള 42—ാം ദൗത്യം വരെയുള്ള പതിവ് ഇതാണ്. എന്നാല്‍ 12 മാസം നിലയത്തില്‍ താമസിക്കാനുള്ള ശ്രമവും വിജയിച്ചു. ഒരു വര്‍ഷത്തോളം നിലയത്തില്‍ താമസിച്ചു, ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം.
1152 മണിക്കൂര്‍
പതിനേഴ് വർഷം പൂർത്തിയാക്കിയപ്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി പേടകത്തിനു പുറത്തിറങ്ങി ബഹിരാകാശ യാത്രികര്‍ ഇതുവരെ ചെലവിട്ടത് 1152 മണിക്കൂറുകള്‍. ബഹിരാകാശ നടത്തങ്ങളെന്ന പേരിലാണ് ഈ ഊരുചുറ്റല്‍ അറിയപ്പെടുന്നത്. 184 ബഹിരാകാശ നടത്തങ്ങള്‍ക്കായി ആകെ എടുത്ത സമയമാണ് 1152 മണിക്കൂര്‍.
10 ഏജന്‍സികള്‍
സ്വകാര്യ ഏജന്‍സിയായ സ്പേസ് അഡ്വഞ്ചേഴ്സ് ഉള്‍പ്പെടെ പത്തു ബഹിരാകാശ ഏജന്‍സികളാണ് നിലയത്തിലേക്ക് ഇതുവരെ ആളുകളെ അയച്ചിരിക്കുന്നത്. യുഎസ്, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ബ്രസീല്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ബഹിരാകാശ ഏജന്‍സികളാണ് അവ. ഇവര്‍ അയച്ച സഞ്ചാരികളില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു.
92,782 വട്ടംചുറ്റല്‍
പതിനേഴ് വർഷത്തിനിടെയുള്ള കണക്കുകൾ പ്രകാരം നിലയം ഭൂമിയെ ചുറ്റി സഞ്ചരിച്ചത് 92,782 തവണയാണ്.
8 നിര ചിറകുകള്‍
എട്ടു നിരകളിലായി 16 വലിയ സൗരോര്‍ജ പാനല്‍ ചിറകുകളാണ് നിലയത്തിനു ജീവനേകുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി പരമാവധി 90 കിലോവാട്ട് വരെ വരും. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. രാവിലെയും വൈകിട്ടും നിലയത്തെ കാണാന്‍ കഴിയും.
7 വിനോദസഞ്ചാരികള്‍
ഇതുവരെ 216 പേര്‍ നിലയം സന്ദര്‍ശിച്ചു. ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പുറമെ കോടീശ്വരന്‍മാരായ ഏഴു വിനോദ സഞ്ചാരികളും ഇവരില്‍ ഉള്‍പ്പെടുന്നു. കോടിക്കണക്കിനു രൂപ മുടക്കിയായിരുന്നു യാത്ര. ഒന്നോ രണ്ടോ ആഴ്ചത്തെ സുഖവാസത്തിനു ശേഷം മടങ്ങുകയും ചെയ്തു. യുഎസ് വ്യവസായി ഡെന്നിസ് ടിറ്റോ ആയിരുന്നു ആദ്യ ബഹിരാകാശ വിനോദസഞ്ചാരി.
6 മുറികള്‍
നിലയത്തില്‍ സഞ്ചാരികള്‍ താമസിക്കുന്നതും ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥലങ്ങളുടെ വലുപ്പം ആറു മുറികളുള്ള ഒരു വലിയ വീടിനു തുല്യമാണ്.
52 കംപ്യൂട്ടറുകള്‍
നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് 52 കംപ്യൂട്ടറുകളാണ്.
4 റോബട്ടുകള്‍
നിലയത്തില്‍ മനുഷ്യനെ സഹായിക്കാന്‍ നാലു റോബട്ടുകളും ഉണ്ട്. ഇതില്‍ പ്രധാനമായത് രണ്ടു യന്ത്രക്കൈകളാണ്. കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ കാനഡാം 2, ജപ്പാന്റെ കിബോ ലബോറട്ടറിയുടെ ജെഇഎം - ആര്‍എംഎസ് എന്നിവയാണ് അവ. കാനഡയുടെ ഡക്സ്റ്റര്‍, നാസയുടെ റോബനോട്ട് 2 എന്നിവയാണ് മറ്റു രണ്ടു റോബട്ടുകള്‍.
360 മാരുതി എസ്‌യുവികള്‍
തുടക്കത്തില്‍ 19,300 കിലോഗ്രാം മാത്രമായിരുന്ന നിലയത്തിന്റെ ഭാരം. ഇപ്പോള്‍ അത് 4,50,000 കിലോഗ്രാം ആണ്. അതായത് ഏകദേശം 360 മാരുതി എര്‍ട്ടിഗ എസ്‌യുവികളുടെ ഭാരത്തിനു തുല്യം.
2 ശുചിമുറികള്‍
ഭൂമിയില്‍ തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്ന ചോദ്യങ്ങളിലൊന്ന്, ശൂന്യാകാശത്ത് ത്സന്ഥത്ഭഗ്മഗ്ന;കാര്യം സാധിക്കുന്നതെങ്ങനെ എന്നതാണ്. മാലിന്യം വലിച്ചെടുക്കുന്ന രീതിയിലാണ് നിലയത്തിലുള്ള രണ്ടു ശുചിമുറികളുടെ പ്രവര്‍ത്തനം. മൂത്രം സംസ്കരിച്ചു വെള്ളമാക്കി മാറ്റും. പൈപ്പില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളത്തില്‍ മുഖം കഴുകാനാവില്ല. കാരണം, വെള്ളം വലിയ തുള്ളികളായി ഒഴുകിനടക്കും ! പല്ലുതേച്ചാല്‍ തുപ്പാനാവില്ല. വിഴുങ്ങാം.
1 ജിംനേഷ്യം
ഒഴുകിനടക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് വ്യായാമം ചെയ്യാനുമുണ്ട് സ്ഥലം. ആരോഗ്യം കാത്തുസൂക്ഷിക്കാനും വര്‍ക്ക്ഔട്ടുകള്‍ക്കുമായി പേടകത്തില്‍ ഒരു ജിംനേഷ്യവും ക്രമീകരിച്ചിരിക്കുന്നു.
0 ഗുരുത്വം
ഊഞ്ഞാലില്‍ നിന്ന് ഊഞ്ഞാലിലേക്ക് കൈവിട്ട് ചാടിയും ഒഴുകിയിറങ്ങിയും കയ്യടി നേടുന്ന സര്‍ക്കസുകാരെ ഓര്‍മിപ്പിക്കും ഈ നിലയം. ബഹിരാകാശത്ത് ഭൂമിയുടെ ആകര്‍ഷണബലം വളരെ കുറവായതിനാല്‍ സഞ്ചാരികള്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്നു. സീറോ ഗ്രാവിറ്റി എന്നു വിശേഷിപ്പിക്കാമെങ്കിലും യഥാര്‍ഥത്തില്‍ ഗുരുത്വാകര്‍ഷണബലം പൂര്‍ണമായും ഇല്ലാതാകുന്നില്ല. പ്രപഞ്ചത്തിലെ ഏതു രണ്ടു വസ്തുക്കള്‍ തമ്മിലും ആകര്‍ഷണമുണ്ട്. ഗുരുത്വാകര്‍ഷണം സാര്‍വത്രികമാണ്. സീറോ ഗ്രാവിറ്റി എന്ന വാക്കിനുപകരം മൈക്രോഗ്രാവിറ്റിയാണ് ചേരുന്നത്.
രാജ്യങ്ങളുടെ അതിര്‍ത്തികളും അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളും മതവൈരവും പണത്തിനു വേണ്ടിയുള്ള നെട്ടോട്ടവുമെല്ലാം വെറുതെയാണെന്ന് ഓര്‍മിപ്പിക്കുന്നുമുണ്ട് ഈ വീട്. സംശയമുണ്ടെങ്കില്‍ താഴേക്കു നോക്കാം. മതവും ഭാഷയും വേഷവും നിറവും ഒന്നും അവിടെയില്ല. ശൂന്യാകാശത്തിന്റെ ഏകാന്തതയില്‍ ആകാശഗംഗയുടെ അനന്തതയില്‍ ഒരു നീലത്തുള്ളി പോലെ ഭൂമി....അതാ അങ്ങു താഴെ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1