കേന്ദ്രത്തിന്റെ ഇടപെടല്‍; ജീവന്‍രക്ഷാ മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ കുറയും

മലപ്പുറം:
ജനങ്ങളുടെ ജീവനുംസ്വത്തിനും സംരക്ഷണമേകുന്നവിധത്തില്‍ ഔഷധമേഖലയില്‍
കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍. വിലനിയന്ത്രണപ്പട്ടികയിലുള്ള 530
രാസനാമങ്ങളുടെ വില ഏപ്രില്‍മുതല്‍ പുതുക്കും. ഇതോടെ ജീവന്‍രക്ഷാ ഔഷധങ്ങളായ
ഒട്ടുമിക്കതിന്റെയും വില കുറയും. ഇതിനുപുറമെ രോഗികളുടെ ആരോഗ്യത്തിന്
ഹാനികരമെന്നു കണ്ടെത്തിയ 343 മരുന്ന്‌സംയുക്തങ്ങള്‍
നിരോധിക്കുകയുംചെയ്തു.വില പുതുക്കുന്ന ഉത്തരവ് ദേശീയ ഔഷധവില നിയന്ത്രണ
സമിതിയാണ് പുറത്തിറക്കിയത്. അസാധാരണ ഗസറ്റായാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ
മന്ത്രാലയം നിരോധനഉത്തരവ് പ്രസിദ്ധീകരിച്ചത്. ഔഷധമേഖലയിലും കുത്തകസഹായ
നയങ്ങളാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനങ്ങളുടെ
പശ്ചാത്തലത്തിലാണ് പുതിയ ഇടപെടലുകളെന്ന് വിലയിരുത്തപ്പെടുന്നു.
എപ്രില്‍ ഒന്നുമുതല്‍ വിലകുറയുന്ന ചിലത്
വിരശല്യത്തിനുള്ള അല്‍ബന്റാസോള്‍, രക്തസമ്മര്‍ദത്തിനുള്ള അംലോഡിപ്പിന്‍, അണുബാധയ്ക്കുള്ള അമോക്‌സിലിന്‍, കൊളസ്‌ട്രോളിനുള്ള അറ്റോര്‍വ സ്റ്റാറ്റിന്‍, ഹൃദയരോഗത്തിനുള്ള ക്ലോപ്പി ഡോഗ്രല്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, വേദനസംഹാരിയായ കിറ്റമിന്‍, ശ്വാസംമുട്ടലിനുള്ള സാല്‍ബുട്ടാമോള്‍, മുണ്ടിനീരിനുള്ള കുത്തിവെപ്പ്, വൃക്കരോഗത്തിനുള്ള ആന്റി -ഡി ഇമ്മ്യൂണോഗ്ലോബിന്‍, ബി.സി.ജി. വാക്‌സിന്‍, ഡി.പി.ടി. വാക്‌സിന്‍, ഡിഫ്ത്തീരിയയ്‌ക്കെതിരെയുള്ള കുത്തിവെപ്പ്, ടെറ്റനസ് ടോക്‌സൈഡ് കുത്തിവെപ്പ്, ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എന്നിവ.വില നിയന്ത്രണത്തിലായതോടെ ലഭ്യതകുറഞ്ഞ വൃക്കരോഗകുത്തിവെപ്പ് മരുന്നായ ആന്റി -ഡി ഇമ്മ്യൂണോഗ്ലോബിന് 2439.89 രൂപയായിരുന്നത് 2373.76 ആയാണ് കുറയുന്നത്.
ആവശ്യത്തിന് മരുന്ന് കിട്ടുമോയെന്നതില്‍ മാത്രമേ
സംശയമുള്ളൂ. ഇതുപോലെ വിപണിയില്‍ കിട്ടാനില്ലാത്ത മരുന്നായ ആന്റി ടെറ്റനസ്
ഹ്യൂമണ്‍ ഇമ്മ്യൂണോേഗ്ലാബിന്‍ കുത്തിവെപ്പിന് വില കൂടും. 250 ഐ.യുവിന് 96
രൂപയും 500ന് 160 രൂപയുമാണ് കൂടുക.നിരോധിച്ച സംയുക്തങ്ങളില്‍ വിപണിയില്‍
വലിയ പങ്കുള്ളവ ഏറെയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നവയില്‍
മുപ്പതുശതമാനത്തിലധികവും ഈ ഗണത്തിലുള്ളവയാണെന്നാണ് കണക്കുകള്‍.
343 എണ്ണമാണ് നിരോധിച്ചതെങ്കിലും വിവിധ
ബ്രാന്‍ഡുകള്‍ കണക്കാക്കുമ്പോള്‍ മൊത്തം ഇരുപതിനായിരത്തിലധികം മരുന്നുകള്‍
വരുമിത്. മരുന്നുസംയുക്തങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍
പത്തുവര്‍ഷമായി നിലപാടെടുത്തുവരികയാണ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി
നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധനം. കുട്ടികള്‍ക്ക്
വയറിളക്കത്തിനും ഛര്‍ദ്ദിക്കും വ്യാപകമായി കൊടുക്കുന്ന ഡൈസൈക്ലോമൈന്‍,
പാരസെറ്റാമോള്‍, ഡോംപെരിഡോണ്‍ എന്നിവചേര്‍ന്ന സംയുക്തമാണ്
നിരോധിക്കപ്പെട്ടവയില്‍ ഒന്ന്. നീരിളക്കത്തോടെയുള്ള പനിക്ക്
ശുപാര്‍ശചെയ്യപ്പെടുന്ന ഡൈക്ലോഫെനക്, ട്രമഡോള്‍, പരാസെറ്റമോള്‍
എന്നിവചേര്‍ന്ന സംയുക്തവും നിരോധിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് മരുന്നുസംയുക്തങ്ങള്‍
രോഗങ്ങള്‍ക്കും അനുബന്ധരോഗങ്ങള്‍ക്കുമുള്ള രാസവസ്തുക്കള്‍ ഒത്തുചേര്‍ത്ത് ഒരു രൂപത്തില്‍ -ഗുളിക, സിറപ്പ്, കുത്തിവെപ്പ്- എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് മരുന്നുസംയുക്തങ്ങള്‍ (കോമ്പിനേഷന്‍ ഡ്രഗ്‌സ്). ശാസ്ത്രീയമായ സംയുക്തങ്ങള്‍ പുതുതലമുറ ചികിത്സയ്ക്ക് ആവശ്യമാണ്. എന്നാല്‍ കമ്പനികള്‍ സ്വന്തം നേട്ടംമാത്രം ലാക്കാക്കി ഇത്തരം മരുന്നുകളുണ്ടാക്കുകയാണ് പതിവ്. വിദേശരാജ്യങ്ങളില്‍ ഇത്തരം രീതി അനുവദിക്കപ്പെട്ടിട്ടില്ല.
സംയുക്തങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍
വ്യത്യസ്ത രാസവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ ലയിക്കുവാന്‍ വ്യത്യസ്തസമയം വേണ്ടിവരും. ഉദാഹരണത്തിന് പാരസെറ്റമോളും ഡൈക്ലോഫെനകും ചേര്‍ന്ന മരുന്നെടുത്താല്‍ ഇതിലെ ആദ്യഘടകം രക്തത്തില്‍ അലിയാന്‍ ആറുമണിക്കൂര്‍ മതി. എന്നാല്‍ രണ്ടാമത്തേതിന് 12 മണിക്കൂര്‍ വേണം. രണ്ടില്‍ക്കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ന്നവയാണ് മിക്കതും. രോഗിക്ക് ആവശ്യമില്ലാത്ത രാസഘടകവും ഇത്തരം മരുന്നുകളിലൂടെ ശരീരത്തിലെത്തുന്നു. ഇവ ഹാനികരമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
നിരോധിച്ച മരുന്നുകളുടെ സംസ്‌കരണം വലിയ പ്രശ്‌നമാണ്. നിലവില്‍ ഗുണപരിശോധനയില്‍ പരാജയപ്പെടുന്നവതന്നെ 15 ശതമാനംവരെ വരുന്നുണ്ടെന്നാണ് കണക്കുകള്‍. പൊട്ടക്കിണറുകളിലോ കുളങ്ങളിലോ തള്ളുകയാണ് മിക്കയിടത്തും. ശാസ്ത്രീയസംസ്‌കരണത്തിന് ചുരുങ്ങിയ സംവിധാനങ്ങളേയുള്ളൂ. പുതിയ ഉത്തരവു നടപ്പാകുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ ഭീഷണിയാണ് ഉയരുക.
നിരോധിച്ചവ പിടിച്ചെടുക്കും
മരുന്നു സംയുക്തങ്ങള്‍ നിരോധിക്കുന്ന ഉത്തരവ് സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കുമെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവിമേനോന്‍ പറയുന്നു. കോഡീന്‍ കലര്‍ന്ന സിറപ്പുകളും മറ്റും ലഹരിക്കു പകരമായി വലിയതോതില്‍ വില്‍ക്കുന്നുണ്ട്. നിരോധിച്ചവ കണ്ടെത്തി നശിപ്പിക്കുന്നതിന് നടപടി ഉടന്‍ തുടങ്ങും. ഇവ കമ്പനികള്‍തന്നെ തിരികെയെടുക്കുന്നതാവും നല്ലത്.
വിപണിയിലെത്തുംമുന്‍പ് നിരോധനംവേണം
ഹാനികരമായ മരുന്നുകള്‍ വിപണിയിലെത്താതിരിക്കാനുള്ള നിയമമാണ് കര്‍ശനമാക്കേണ്ടതെന്ന് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയിലെ പീഡിയാട്രിക് അഡീഷണല്‍ പ്രൊഫസറും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ ഡോ. ജയപ്രകാശ് ആവശ്യപ്പെടുന്നു. വിലനിയന്ത്രണത്തിലുള്ള മരുന്നുകളെ പട്ടികയില്‍ നിന്നൊഴിവാക്കിക്കിട്ടാനായാണ് അശാസ്ത്രീയമായ സംയുക്തങ്ങള്‍ നിര്‍മിക്കുന്നത്. രോഗി അവശ്യമില്ലാത്ത മരുന്ന് കഴിക്കുന്നൂയെന്നതാണ് വലിയ ദോഷം. 'ഇറാഷണല്‍ കോമ്പിനേഷന്‍ ഡ്രഗ്‌സ്' നിരോധിക്കാനുള്ള നീക്കം സ്വാഗതാര്‍ഹംതന്നെയന്നും അദ്ദേഹം വ്യക്തമാക്കി.
പകരം മരുന്നുനല്‍കി തിരിച്ചെടുക്കണം
നിരോധനം മികച്ച നീക്കമാണെങ്കിലും കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ നടപടി വേണമെന്ന് കേരള ഔഷധ റീട്ടെയില്‍ ഫോറം ചെയര്‍മാന്‍ സനല്‍ സി. ആലപ്പുഴ. നിരോധിച്ചവ കമ്പനികള്‍ തിരിച്ചെടുത്ത് പകരം മറ്റുമരുന്നുകള്‍ നല്‍കുന്നരീതി സ്വീകരിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ