3/14/2016

റഷ്യൻ സ്റ്റോം കരുത്തിൽ ലോക ശക്തിയാകാൻ ഇന്ത്യ

റഷ്യൻ സ്റ്റോം കരുത്തിൽ ലോക ശക്തിയാകാൻ ഇന്ത്യയും

by സ്വന്തം ലേഖകൻ

രാജ്യത്തിന്റെ സൈനികശേഷിയെ പരമാവധി വർധിപ്പിക്കാനുള്ള യത്‌നങ്ങളിലാണ് പ്രതിരോധവകുപ്പ്. പ്രത്യേകിച്ചും വ്യോമനാവികസേനകളുടെ കാര്യങ്ങളില്‍. തെക്കേ ഏഷ്യയിലെ ശാക്തിക സന്തുലനങ്ങളില്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാവിക ശേഷി പുറകിലാണ് എന്നത് വാസ്തവമാണ്. ഇക്കാരണത്താല്‍, ഇന്ത്യക്ക് ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ ശാക്തീകരണവും പരിഷ്‌കാരവും പെടുന്നു. അവിടെയാണ് 'സ്റ്റോം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റഷ്യയുടെ പ്രോജക്റ്റ് 23000E നമുക്ക് ആകര്‍ഷകമാകുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും വലിയ പ്രതിരോധപങ്കാളിയാണ് റഷ്യ. നമ്മുടെ രാജ്യം ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങുന്നതും ആയുധച്ചെലവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യ പണം നല്‍കുന്നതും റഷ്യക്കാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധകൂട്ടുകെട്ടിലെ ഏറ്റവും പുതിയ സംരംഭങ്ങളില്‍ ഒന്നായി മാറാന്‍ സാധ്യതയുള്ളതാണ് റഷ്യയുടെ പുതിയ നാവികക്കപ്പല്‍ നിര്‍മ്മാണപദ്ധതിയായ സ്റ്റോം.
ഇന്ത്യന്‍ നാവികസേനയുടെ ഇപ്പോഴത്തെ ആവശ്യങ്ങളിലൊന്ന് നവീനമായ വിമാനവാഹിനി കപ്പലാണ്. അറുപത്തയ്യായിരം ടണ്‍ കേവുഭാരവും മുന്നൂറു മീറ്റര്‍ നീളവും എഴുപത് മീറ്റര്‍ വീതിയുമുള്ള ആധുനികമായ ആണവപോര്‍ക്കപ്പല്‍ ആണ് ലക്ഷ്യം. ഇത് നിറവേറ്റാന്‍ പദ്ധതി സമര്‍പ്പണവുമായി അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ടെണ്ടര്‍ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റഷ്യയാണ്.
സ്റ്റോം ഇപ്പോഴും രൂപകല്‍പ്പനാ ദശയിലാണ്. എങ്കിലും അതിന്റെ മാതൃകതന്നെ അതിശയിപ്പിക്കുന്നതാണ്. ഒരു ലക്ഷം ടണ്‍ കേവുഭാരമുള്ള കപ്പലിന് മുന്നൂറു മീറ്റര്‍ നീളവും ഉണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. അയ്യായിരം സൈനികരെ വഹിക്കാന്‍ കഴിവുള്ള ഈ കപ്പലില്‍, പോര്‍വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും എല്ലാമായി നൂറോളം ആകാശയാനങ്ങളും ഉള്‍ക്കൊള്ളാനാകും. രണ്ട് റണ്‍വേകളുള്ള മാതൃകയാണിതിന്റേത്. ഒന്ന് പൊതുവായി വിമാനവാഹിനികളില്‍ കാണുന്ന ക്ലാസിക് ഇനം റണ്‍വേയാണെങ്കില്‍, മറ്റേത് അമേരിക്കന്‍ പോര്‍ക്കപ്പലുകളില്‍ക്കാണുന്ന പരന്നതരം റണ്‍വേയാണ്. ഇലക്ട്രോമാഗ്‌നെറ്റിക് കാറ്റാപുള്‍ട്ടുകള്‍ ഉപയോഗിച്ച് ചെറിയ റണ്‍വേകളില്‍പ്പോലും പറന്നുയരാവുന്ന വിമാനങ്ങള്‍ സജ്ജീകരിക്കാനുള്ള സംവിധാനവും ഇതിന്റെ സവിശേഷതകളില്‍പ്പെടുന്നു.
റഷ്യയുടെ ഈ പുതിയ വിഭാഗം പോര്‍ക്കപ്പലുകളെ സൂപ്പര്‍കാരിയര്‍ എന്ന അനൗദ്യോഗിക നാമത്തിലും വിളിക്കുന്നു. വിമാനവാഹിനിക്കപ്പലുകളിലെ ഏറ്റവും വലുപ്പമേറിയയവയാണ് സൂപ്പര്‍കാരിയറുകള്‍. അമേരിക്കയുടെ യുഎസ്എസ് എന്റര്‍പ്രൈസ്, യുഎസ്എസ് നിമിട്ട്‌സ് എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. നിലവില്‍ സൂപ്പര്‍കാരിയറുകളെ ഉപയോഗിക്കുന്ന രാജ്യം അമേരിക്ക മാത്രമാണ്. അതേസമയം, ബ്രിട്ടന്‍ ഈ വിഭാഗത്തിലെ രണ്ടെണ്ണം ഇപ്പോള്‍ നിര്‍മ്മിച്ചുവരുന്നു. റഷ്യ ഇതിന്റെ രൂപകല്‍പ്പനാദശയിലും. ഇപ്പോള്‍ ഇന്ത്യ ഇതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട് എങ്കില്‍ അതിനര്‍ഥം ഏഷ്യയിലെ ശാക്തികമത്സരത്തില്‍ ചൈനയേക്കാള്‍ മുന്നേറാനുള്ള സ്വപ്‌നങ്ങളാണ് ഇന്ത്യക്കുള്ളത് എന്നാണ്.
റഷ്യയിലെ ക്രിലോവ്‌സ്‌കി ഗവേഷണകേന്ദ്രവും നെവ്‌സ്‌കി എൻജിനീയറിംഗ് കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്ന സ്റ്റോമിന്റെ മാതൃക ഈയിടെ റഷ്യയില്‍ നടന്ന ആര്‍മി2015 എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സ്റ്റോം വിഭാഗത്തിലെ വിമാനവാഹിനികളുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായി കണക്കുകൂട്ടപ്പെടുന്നത്, സഞ്ചാരരോധത്തെ കുറക്കാനുള്ള അതിന്റെ രൂപകല്‍പ്പനയാണ്. മറ്റു വിമാനവാഹിനികളെ അപേക്ഷിച്ച് ഇതിന്റെ ശരീരവടിവ് കടലില്‍ നീങ്ങുമ്പോഴുള്ള രോധത്തെ മുപ്പതു ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ കൊടുംകാറ്റും പ്രതികൂല കാലാവസ്ഥയുംമൂലം കലുഷിതമായ അന്തരീക്ഷത്തിലും പറന്നുയരാന്‍ ഇതിലെ വിമാനങ്ങളെ സഹായിക്കും വിധമാണ് കപ്പലിന്റെ രൂപരേഖ. ഡെക്കിനടിയില്‍ ഏറ്റവും ആധുനികമായ പവര്‍ പ്ലാന്റുകളും ആണവപ്ലാന്റും സഞ്ചയിപ്പിച്ചിരിക്കുന്നതും സ്റ്റോമിന്റെ എഞ്ചിനീയറിംഗ് മികവായി പറയുന്നു.
ഏറ്റവും കൂടുതല്‍ സൂപ്പര്‍കാരിയര്‍ വിമാനവാഹിനികള്‍ നിര്‍മ്മിച്ചു കൂട്ടിയിരിക്കുന്ന രാജ്യമാണ് അമേരിക്ക. പക്ഷേ, ഇത് കാലഹരണപ്പെട്ട സൈനികസാങ്കേതികതയും ആവശ്യവും ആണെന്നും അമേരിക്ക കാണിച്ചിരിക്കുന്നത് മണ്ടത്തരമാണെന്നും ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും, ബ്രിട്ടനും ഒപ്പം റഷ്യയും സൂപ്പര്‍കാരിയറുകള്‍ തങ്ങളുടെ പടയണിയുടെ ഭാഗമാക്കുമ്പോള്‍, ഇവയുടെ സാന്നിധ്യം നാവികശക്തികള്‍ക്ക് ഉപേക്ഷിക്കാനുള്ള സമയമായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. തോക്കിനുമുന്നില്‍ വാളും കുന്തവും പരാജയപ്പെട്ട് യൂറോപ്യന്‍ ശക്തികളുടെ അടിമത്തത്തില്‍ വീണുപോയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള ആധുനികത എന്നത് സൈനികശാസ്ത്രപരമായി അത്യന്താപേക്ഷിതമാണ്.
അതിനാല്‍ത്തന്നെ ഇന്ത്യന്‍ നാവികസേന സൂപ്പര്‍കാരിയര്‍ ഇനങ്ങളില്‍പ്പെടുന്ന വിമാനവാഹിനികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതത്ര ചെറിയ കാര്യമല്ല. പ്രത്യേകിച്ചും, ലോകത്തേറ്റവും കൂടുതല്‍ വിമാനങ്ങളും കപ്പലുകളും സഞ്ചരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രപ്രദേശത്തിന്റെ ഹോര്‍മുസ് മുനമ്പിനും മലാക്കാ കടലിടുക്കിനും ഇടയിലുള്ള പ്രദേശത്തും അതിനുതെക്കുമുള്ള കടലിലും ആകാശത്തും ഇന്ത്യയോട് മത്സരിക്കാന്‍ ചൈന സദാസമയവും ഒരുമ്പെടുമ്പോള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1