3/04/2016

മരണശേഷം പ്രകൃതിയില്‍ ലയിച്ചു ചേരാൻ എളുപ്പവഴി

മരണശേഷം പ്രകൃതിയില്‍ ലയിച്ചു ചേരാൻ എളുപ്പവഴി

by സ്വന്തം ലേഖകൻ

മരണശേഷം മനുഷ്യശരീരം പ്രകൃതിയിലേക്ക് പൂര്‍ണ്ണമായി ലയിച്ചു ചേരാന്‍ സഹായിക്കുന്ന വസ്ത്രം വിപണിയിലേക്ക്. കൂണുകളുടെയും ഫംഗസുകളുടെയും സഹായത്തിലാണ് ഈ വസ്ത്രം മനുഷ്യശരീരത്തെ എല്ലും തോലും ബാക്കിയില്ലാതെ എല്ലാം പ്രകൃതിയിലേക്ക് ലയിപ്പിക്കുക. മഷ്‌റൂം ഡെത്ത് സ്യൂട്ട് എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കളായ കോയിയോ കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്.
ഈ സ്യൂട്ട് ധരിപ്പിച്ചശേഷം ശരീരം മണ്ണില്‍ സാധാരണ പോലെ സംസ്‌ക്കരിക്കുക. മരണവസ്ത്രത്തിനുള്ളിലെ കൂണുകളുടേയും ഫംഗസുകളുടേയും പ്രവര്‍ത്തനഫലമായി പതുക്കെ ശരീരം അഴുകി തുടങ്ങും. ഇവക്ക് മാംസം മാത്രമല്ല എല്ലും തൊലിയും വരെ പൂര്‍ണ്ണമായും മണ്ണില്‍ ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഈ മരണ വസ്ത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിവാദങ്ങള്‍ വകവെക്കാതെ വരുന്ന ഏപ്രിലില്‍ മഷ്‌റൂം ഡെത്ത് സ്യൂട്ട്് വിപണിയിലെത്തും.
63കാരനായ ഡെന്നിസ് വൈറ്റ് എന്നയാള്‍ മരണ വസ്ത്രം ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞെന്ന് കോയിയോ കമ്പനിയുടെ പ്രധാനികളിലൊരാളായ ജേ റിം ലീ പറഞ്ഞു. 999 ഡോളര്‍ വിലയിട്ടിരിക്കുന്ന മരണ കുപ്പായത്തിനായി നിരവധി ആവശ്യക്കാരാണുള്ളതെന്നും അവര്‍ പറയുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയും ഇവര്‍ ഇത്തരം മരണ വസ്ത്രം നിര്‍മ്മിക്കുന്നുണ്ട്.
നിലവിലുള്ള ഏറ്റവും പ്രകൃതി സൗഹൃദ ശവസംസ്‌ക്കാര രീതിയാണിതെന്നാണ് മരണ ഉടുപ്പിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. കല്ലറകളില്‍ അടക്കം ചെയ്യുമ്പോള്‍ ശവപ്പെട്ടികള്‍ നിര്‍മ്മിക്കാനായി നിരവധി മരങ്ങളാണ് മുറിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പല ശവപ്പെട്ടികളും നൂറ്റാണ്ടുകളോളം കേടുകൂടാതിരിക്കുന്നത് പ്രത്യേകം പെയിന്റുകളും കെമിക്കലുകളും പൂശിയിരിക്കും. ഇതിനൊപ്പം ഇത്തരം സംസ്‌ക്കാരം നടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗ ശൂന്യമാവുകയും ചെയ്യും.
ശവപ്പെട്ടികളില്‍ അടക്കം ചെയ്യുന്നതിനെ അപേക്ഷിച്ച് ശരീരം കത്തിക്കുന്നത് കൂടുതല്‍ മെച്ചമാണെന്ന തോന്നലുണ്ടാക്കുമെങ്കിലും വാസ്തവം അതല്ല. 750 ഡിഗ്രിക്കും 1150 ഡിഗ്രിക്കും ഇടയിലുള്ള താപനിലയില്‍ 75 മിനിറ്റ് കത്തിച്ചാല്‍ മാത്രമേ മനുഷ്യശരീരം പൂര്‍ണ്ണമായും സംസ്‌ക്കരിക്കാനാകൂ. ഇതിന് ആവശ്യമായ ഊര്‍ജ്ജം വലുതാണ്. മാത്രമല്ല നിരവധി വിഷവാതകങ്ങളും ഈ സമയത്ത് അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നു. യുകെയിലെ മെര്‍ക്കുറി മലിനീകരണത്തിന്റെ 15ശതമാനം ശവസംസ്‌ക്കാര സമയത്ത് സംഭവിക്കുകയാണെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നു.
മരണശേഷം ശരീരങ്ങള്‍ പ്രകൃതിക്കിണങ്ങും രീതിയില്‍ സംസ്‌ക്കരിക്കുന്ന മേഖലയില്‍ പ്രവൃത്തിക്കുന്ന ഏക കമ്പനിയല്ല കോയിയോ. അടുത്തിടെ രണ്ട് ഇറ്റലിക്കാര്‍ ചേര്‍ന്ന് ഒരു ശവസംസ്‌ക്കാര പെട്ടി തയ്യാറാക്കിയിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് മരിച്ചയാളുടെ ശരീരം അടക്കം ചെയ്ത പെട്ടിയില്‍ നിന്നും ഒരു മരം വളരുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1