3/05/2016

ഡാൻസ് ഫോർ ഫിറ്റ്നസ്

ഡാൻസ് ഫോർ ഫിറ്റ്നസ്

മൽസരവേദിയിലും കൂട്ടുകാർക്കിടയിലും തിളങ്ങാൻ അൽപം ഡാൻസ് പഠിച്ചിരുന്നതൊക്കെ പഴയ കാലം. ഇപ്പോൾ ഡാൻസ് ക്ലാസുകളിൽ പതിവായി ഹാജർ വയ്ക്കുന്നവർ ഏറെയുണ്ടു നഗരങ്ങളിൽ. ക്ലാസിക്കൽ ഡാൻസ് മാത്രമല്ല, സുംബ, സാൽസ, ഹിപ്ഹോപ് തുടങ്ങി ഒട്ടേറെ പുതുതലമുറ നൃത്തച്ചുവടുകളും കൊച്ചിക്കാർക്കു പ്രിയപ്പെട്ടതായി മാറുന്നു. വെറുമൊരു ഇഷ്ടത്തിന്റെ പേരിലല്ല ഈ ഡാൻസ് പഠനം. മികച്ച വ്യായാമമെന്ന രീതിയിലാണു ഭൂരിഭാഗം ആളുകളും നൃത്തത്തെ സമീപിക്കുന്നത്. വിവാഹശേഷമോ കുഞ്ഞിന്റെ ജനനശേഷമോ നൃത്തം മറക്കുന്നവരായിരുന്നു മുൻപ് അധികവും.
ഇന്നു സ്ഥിതി മാറി. ശരീരത്തെയും ആരോഗ്യത്തെയും മികവോടെ സംരക്ഷിക്കാൻ വിവാഹശേഷവും പ്രസവശേഷവും നൃത്തം പഠിച്ചു തുടങ്ങുന്നവരേറെ. വെസ്റ്റേൺ ഡാൻസ് രൂപങ്ങൾ കൊച്ചിയിൽ സജീവമാകുന്നതും ഇക്കാര്യത്താൽ തന്നെ. നഗരത്തിലെ മിക്ക ഡാൻസ് സ്കൂളുകളിലും ഇവ പരിശീലിപ്പിക്കുന്നുണ്ട്. എയ്റോബിക് ക്ലബുകളും സജീവമായിരിക്കുന്നു. സംഗീതവും നൃത്തവും സമന്വയിപ്പിച്ചുള്ള ഈ വ്യായാമ രീതിയുടെ ആരാധകർ തുടക്കത്തിൽ സ്ത്രീകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻമാരും യുവാക്കളും കുട്ടികളുമെല്ലാം ഇത്തരം ഡാൻസ് രൂപങ്ങളുടെ ആരാധകരാണ്.
എയ്‌റോബിക്‌സിലാണ് ആദ്യമായി താളച്ചുവടുകളെ കേന്ദ്രീകരിച്ചുള്ള ബോഡി ഫിറ്റ്‌നസ് ആൻഡ് ടോണിങ് അവതരിച്ചത്. അതേറെ പ്രചാരം നേടിയെങ്കിലും കൂടുതൽ കാലറി കുറയ്‌ക്കാൻ പര്യാപ്‌തമാണോ, അധികം ഹെവിനെസ് ഇല്ലാത്തതിനാൽ ഗുണം ചെയ്യുമോ തുടങ്ങിയ സംശയങ്ങളായി. തുടർന്നാണു ഡംബെൽസ് എയ്‌റോബിക്‌സ്, ബോൾ എയ്‌റോബിക്‌സ്, പ്രോപ് എയ്‌റോബിക്‌സ് തുടങ്ങിയവ വരുന്നത്. ജിംനേഷ്യവും യോഗയും സ്‌പായും ഉൾപ്പെടുന്ന പാക്കേജിനൊപ്പമാണു മിക്ക ഹെൽത്ത് ക്ലബുകളും എയ്‌റോബിക്‌സ് പരിശീലിപ്പിക്കുന്നത്.
ഇതിനു പിന്നാലെ സാൽസ, സുംബ, കണ്ടംപററി, ഹിപ്‌ഹോപ് എന്നിവയും സജീവമായി. ജോലി ചെയ്തു തളർന്ന ഒരാൾ സുംബ ക്ലാസിലെത്തി പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു. അടുത്ത ദിവസത്തേക്കുള്ള ഊർജമായി അതു മാറുന്നു. സുംബ ഒരു ഫിറ്റ്നസ്- ഡാൻസ് രൂപമാണെങ്കിൽ സാൽസ, ഹിപ്പ്ഹോപ്പ് എന്നിവ വേറിട്ട നൃത്തരൂപങ്ങളെന്ന നിലയിലാണു തരംഗമാകുന്നത്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിദഗ്ധരാണു സാൽസ, ഹിപ്‌ഹോപ് തുടങ്ങിയവ പരിശീലിപ്പിക്കുന്നത്. മാസം രണ്ടായിരം രൂപ മുതൽ ആരംഭിക്കുന്നു വിവിധ ഡാൻസ് സ്കൂളുകളിലെ ഫീസ് നിരക്കുകൾ. ക്ലാസുകളുടെ എണ്ണം അനുസരിച്ചു നിരക്കുകൾ വ്യത്യാസപ്പെടും.
നൃത്തമെന്ന വ്യായാമ രീതി
ഹൃദയത്തെ കാത്തുസൂക്ഷിക്കുന്ന സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമമുറകൾ നൽകുന്ന അതേഫലം തന്നെയാണു നൃത്തവും നൽകുന്നത്.ചെറിയ ചുവടുകളും ചലനങ്ങളുമായി വാം അപ് ചെയ്‌താണു നൃത്തവും തുടങ്ങുന്നത്. എയ്‌റോബിക്‌സിലാണെങ്കിൽ ആദ്യ സ്‌റ്റെപ്പുകൾ വാം അപ് ആയിത്തന്നെയാണു രൂപകൽപന ചെയ്‌തിരിക്കുന്നത്.
വെസ്‌റ്റേൺ നൃത്തരൂപങ്ങൾ എക്‌സർസൈസ് ആയി ചെയ്യുമ്പോൾ ആദ്യം പതിയെ തുടങ്ങി പിന്നീടു വേഗത്തിലാക്കുകയാണ്.പതിവായി നൃത്തംചെയ്‌താൽ അമിതവണ്ണം കുറയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം കാര്യക്ഷമമാകും. നൃത്തത്തിലെ അംഗചലനങ്ങൾ ശരീരത്തിലെ പേശികൾക്കും സന്ധികൾക്കും ഗുണകരമാകുന്നു. സന്ധിവേദന, ബലക്ഷയം എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കാനും നൃത്തത്തിലൂടെ കഴിയും.
സാൽസ
ചെറുപ്പക്കാരുടെ ഇഷ്ട നൃത്തങ്ങളുടെ പട്ടികയിലുണ്ട് സാൽസ. ഇതിലൊരു സ്ത്രീ സാന്നിധ്യമുണ്ട്. യുവാക്കൾ ഇഷ്ടപ്പെടുന്ന വേഗവും താളവുമുണ്ട്. പാർട്ടികളിൽ സാൽസ സംഗീതം ഉയർന്നാൽ ജോടികളായെത്തുന്നവർ അറിയാതെ തോളിൽ കൈവയ്ക്കും. കാലുകളും താളംപിടിക്കുന്നതോടെ സംഗീതത്തിനു വേഗം കൂടും. അതുസരിച്ചു ചുവടുകൾക്കും. സാൽസ മെയ്‌വഴക്കത്തിന്റെ മികവു കാട്ടേണ്ട ഇടം കൂടിയാണ്. പല രീതിയിൽ ശരീരം അനായാസം മാറ്റേണ്ട രീതി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളാണു സാൽസയുടെ കേന്ദ്രം. പ്രത്യേക സംഗീതവുമുണ്ട്. എന്നാൽ പാർട്ടികളിൽ ഏതുതരം സംഗീതം വച്ചാലും അതനുസരിച്ചു ചുവടുവയ്ക്കാനുള്ള പരിശീലനമാണു നഗരത്തിലെ ഡാൻസ് സ്കൂളുകളിൽ സാധാരണ നൽകുന്നത്. നന്നായി പഠിച്ചെടുക്കാൻ കുറഞ്ഞത് ഒരു വർഷമെടുക്കും.
ടാൻഗോ
സാൽസ അൽപം കൂടി ഇഴുകിചേർന്ന് അവതരിപ്പിച്ചാൽ ടാൻഗോ നൃത്തമായി. ശരീരം നന്നായി വളയ്ക്കണം. ചുവടുകൾക്കു പ്രാധാന്യം കൂടും. മെയ്‌വഴക്കത്തിനാണു ടാൻഗോയിൽ പ്രാധാന്യം. സാധാരണ ദമ്പതികളാണു ടാൻഗോ നൃത്തം ചെയ്യാറുള്ളത്.
ജൈവ്
സാൽസയുടെ മറ്റൊരു രൂപമാണിതും. അൽപം കൂടി വേഗത്തിലാകും ഇതിലെ നൃത്തം. ഇതും ലാറ്റിനമേരിക്കൻ നൃത്തരൂപം തന്നെ. സംഗീതത്തിലും ശരീരചലനത്തിലും നൃത്തച്ചുവടുകളിലും വ്യത്യാസമുണ്ടെന്നു മാത്രം.
ജാസ്
സിനിമകളിൽ കാണുന്ന നൃത്തം അൽപം കൂടി പരിഷ്കരിക്കുന്നതാണു ജാസ്. പക്ഷേ ചുവടുകളിലും ചലനങ്ങളിലും അൽപം കൂടി സ്വാഭാവികതയും ഭംഗിയും ഉണ്ടാകും.
ഹിപ്ഹോപ്
പാർട്ടികളിൽ തിളങ്ങാനുള്ളതല്ല ഹിപ്ഹോപ്. ഇവിടെ ജോടികളില്ല. ഒറ്റയ്ക്കോ, ഗ്രൂപ്പായോ ചെയ്യാം. ചാട്ടവും മറിച്ചിലും തെന്നിവീഴലുമൊക്കെയായി സ്റ്റെപ്പുകളേറെ. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാകും ഡാൻസ്. സ്റ്റേജ് ഷോകളിലും സിനിമയിലുമെല്ലാം ഒറ്റക്കയ്യിൽ തലകുത്തി പൊങ്ങുന്നതൊക്കെ കണ്ടിട്ടില്ലേ. ഹിപ്ഹോപിന്റെ രൂപങ്ങളാണിതെല്ലാം.
സുംബ
ഗുംബയെന്നും വിളിപ്പേരുള്ള ഡാൻസ് ഫിറ്റ്‌നസ് പ്രോഗ്രാം. കൊളംബിയൻ കൊറിയോഗ്രഫർ ബെറ്റോ എന്ന ആൽബെർട്ടോ പെരസ് തൊണ്ണൂറുകളിൽ രൂപപ്പെടുത്തിയതാണിത്. വേറിട്ട സംഗീതത്തിനൊപ്പം മംബോ, കുംബിയ, മേറെൻഗേയ്, ഫ്ലമെൻകോ, റെഗേയ്‌ടോൺ, ച- ച- ച, സാംബ, ബെല്ലിഡാൻസ്, ടാങ്കോ, ഹിപ്‌ഹോപ്, പിന്നെ നമ്മുടെ സ്വന്തം ഭാംഗ്ര- ഇവയുടെ ചുവടുകൾ– അതാണു സുംബ കോംബിനേഷൻ.
ആസ്വദിച്ചു കളിക്കാം, ഒപ്പം ആരോഗ്യവും ശരീരവടിവും സ്വന്തമാക്കാം. ഇതൊരു നൃത്തരൂപം എന്നതിനേക്കാൾ ഫിറ്റ്നസ് മാർഗമെന്ന നിലയിലാണ് അറിയപ്പെടുന്നത്. നൃത്തവും സംഗീതവും ചേർന്നുള്ള വ്യായാമമായതിനാൽ മാനസികോല്ലാസവുമുണ്ടാകും. ആദ്യം ട്രെയിനറുടെ സേവനം ആവശ്യമാണെങ്കിലും ചുവടുകൾ പഠിച്ചെടുത്താൽ വീട്ടിൽ സ്വയം ചെയ്യാവുന്നതേയുള്ളൂ.
മംബോ
ക്യൂബയിൽ ജനിച്ച ലാറ്റിൻ ഡാൻസാണു മംബോ. ഇതിനുപയോഗിക്കുന്ന സംഗീതത്തിൽ നിന്നാണു മംബോ എന്ന പേരു വന്നത്. 1930കളിലാണു മംബോ മ്യൂസിക്കും ഡാൻസും ഉരുത്തിരിഞ്ഞത്. താളത്തിനു പ്രാധാന്യം നൽകിയുള്ള സംഗീതവും നൃത്തവും ഏറെ ആകർഷകമാണ്. ഇനിയുമുണ്ട് ഡാൻസ് രൂപങ്ങളേറെ. ലാറ്റിൻ അമേരിക്കയിൽ നിന്നെത്തിയ കുംബിയ, മേറെൻഗേയ്, തെക്കൻ സ്പെയിനിൽ നിന്നെത്തിയ ഫ്ലമെൻകോ, റെഗേയ്ടോൺ, ച- ച- ച- ഇതെല്ലാം വിവിധതരം ഡാൻസുകളാണ്– ഡാൻസ് ബേസ്‌ഡ് ഫിറ്റ്‌നെസ് എന്ന തരംഗത്തിന്റെ തേരിലേറി വന്ന താരങ്ങൾ. ഇതുവരെ ഒരു ചുവടുപോലും വച്ചിട്ടില്ലാത്തവർക്കും സാൽസ ഉൾപ്പെടെ ഏതു നൃത്തവും പഠിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൃത്യമായി പരിശീലിച്ചാൽ പ്രായത്തെ വെല്ലുന്ന ശരീരവടിവിന്റെ ഉടമയാകും. ഈ ശരീരവടിവാണല്ലോ എല്ലാവരും കൊതിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1