ന്യൂഡല്‍ഹി: തോട്ടവിളകള്‍ക്ക് വിപണി അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നു. റബ്ബര്‍, കാപ്പി, തേയില, പുകയില തുടങ്ങിയ വിളകളാണ് പദ്ധതിയില്‍ വരിക. യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയപദ്ധതിക്ക് രൂപംനല്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ ഏഴു ജില്ലകളില്‍ ആദ്യം നടപ്പാക്കും.
 
'റവന്യൂ ഇന്‍ഷുറന്‍സ് സ്‌കീം ഫോര്‍ പ്ലാന്റേഷന്‍ ക്രോപ്‌സ്' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് വില സ്ഥിരതാഫണ്ടില്‍ നിന്നായിരിക്കും പണം കണ്ടെത്തുന്നത്. ഒരു നിശ്ചിത ശതമാനത്തില്‍ താഴെ വിലയിടിഞ്ഞാല്‍ മാത്രമേ വില സ്ഥിരതാഫണ്ടില്‍ നിന്ന് സഹായം ലഭിക്കൂ എന്ന നിബന്ധനയ്‌ക്കെതിരെ കര്‍ഷകരും ഉത്പാദകരും എതിര്‍പ്പുയര്‍ത്തിയിരുന്നു.
 
മാനദണ്ഡങ്ങളും നിബന്ധനകളും ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും തയ്യാറാക്കിയശേഷം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷിക്കാരും സര്‍ക്കാറും പ്രീമിയംതുക പങ്കിടുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രീമിയം തുകയുടെ വിശദാംശങ്ങള്‍ നിശ്ചയിച്ചിട്ടില്ല.
ആഗോളകമ്പോളത്തിലെ വിലയിടിവ് മൂലം രാജ്യത്തെ റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടംമേഖല കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് 16 ലക്ഷം ഹെക്ടറിലുള്ള തോട്ടംകൃഷി മേഖല, 17.10 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കുന്നുണ്ടെന്നാണ് വാണിജ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം വിളകളുടെ ഒരു ശതമാനം മാത്രമാണ് തോട്ടം കൃഷിയെങ്കിലും കാര്‍ഷികോത്പന്ന കയറ്റുമതി വരുമാനത്തിന്റെ 15 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്.
 
പ്രതികൂല കാലാവസ്ഥ, ഉത്പാദനവുമായി ബന്ധപ്പെട്ട് വിലനിലവാരത്തിലുണ്ടാകുന്ന അസ്ഥിരത, രാജ്യാന്തരവിപണിയിലും ആഭ്യന്തരവിപണിയിലുമുണ്ടാകുന്ന വിലയിടിവ് തുടങ്ങിയ ഘടകങ്ങള്‍ മൂലം തോട്ടംവിളകള്‍ എപ്പോഴും പ്രതിസന്ധിയുടെ വക്കിലാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. കടുത്ത മത്സരമുള്ള രാജ്യാന്തരകമ്പോളത്തിലാണ് ഇവ വില്‍ക്കേണ്ടത് എന്നതിനാല്‍, വിലയിലെ കയറ്റിറക്കങ്ങള്‍ എളുപ്പം ബാധിക്കും. രാജ്യാന്തര കമ്പോളത്തിലെ ഉടമ്പടികളും പരോക്ഷ സബ്‌സിഡികളും ഈ പ്രതിസന്ധിയെ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
റബ്ബര്‍ വിലയിടിവ് തടയാന്‍ സമഗ്ര പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നിരന്തര സമ്മര്‍ദം ഉയര്‍ത്തി വരികയാണ്. മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും ആവശ്യമുന്നയിച്ച് പലവട്ടം നിവേദനം നല്കിയിരുന്നു.