പറശ്ശിനിക്കടവ്: ഇണചേരാനുള്ള അര്‍ഹത നേടാന്‍ രാജവെമ്പാലകളുടെ യുദ്ധം. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിലാണ് ഈ അത്യപൂര്‍വ കാഴ്ച. പോരില്‍ ജയിക്കുന്നവന്‍ രഹസ്യമായി ഇണചേരുന്നത് ദൃശ്യവത്കരിക്കുന്നതിനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. അതിനായി നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്‌കവറി ചാനല്‍ പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു.

എതിരാളിയെ കീഴ്‌പെടുത്തുന്ന വീരനാണ് സാധാരണ പെണ്‍ രാജവെമ്പാലയുടെ ഇണയാവുക. അതാണ് രാജവെമ്പാലകളുടെ രീതി. 'പോരില്‍ തോറ്റവര്‍ അപമാന ഭാരത്താല്‍ പലപ്പോഴും രാജ്ഞിയെ കടിച്ചു കീറാനും ശ്രമിക്കും'- ഈ മേഖലയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍ പറയുന്നു.

മാര്‍ച്ച് മൂന്നിനാണ് രണ്ട് ആണ്‍ രാജവെമ്പാലകളെ പോര്‍ക്കളത്തിലിറക്കിയത്. എട്ട് ദിവസമായിട്ടും എതിരാളിയെ കീഴ്‌പെടുത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.

സാധാരണ ജനവരി മുതല്‍ മാര്‍ച്ച് വരെയാണ് രാജവെമ്പാലകള്‍ ഇണചേരുക. അതിനാലാണ് ഈ സമയം പാര്‍ക്കധികൃതര്‍ തിരഞ്ഞെടുക്കുന്നത്. പാമ്പിനെക്കുറിച്ചും പാമ്പ് വളര്‍ത്തലിനെക്കുറിച്ചും ക്യാമ്പും നടക്കുന്നുണ്ടിവിടെ. പിലിക്കുളം ബയോളജിക്കല്‍ പാര്‍ക്കിലെ ഗൗരിശങ്കറാണ് ഇതിന് നേതൃത്വം നല്കുന്നത്. പതിമ്മൂന്നാം വയസ്സില്‍ തന്നെ വിഷപ്പാമ്പുകളെക്കുറിച്ച് പഠനം നടത്തുന്ന ഗൗരിശങ്കര്‍ കര്‍ണാടക സര്‍ക്കാറിന്റെ വന്യമൃഗസംരക്ഷണ അതോറിറ്റിയുടെ പ്രധാന ഉദ്യോഗസ്ഥന്‍ കൂടിയാണ്.

ഇണ ചേര്‍ന്നുകഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്തുവെച്ച് കൂടുണ്ടാക്കി ഒരേ സമയം 30 മുതല്‍ 50 വരെ മുട്ടകള്‍ രാജവെമ്പാലകള്‍ ഇടാറുണ്ട്. ഇതില്‍ തൊണ്ണൂറ് ദിവസത്തോളം പെണ്‍ പാമ്പ് അടയിരിക്കും. കൂടിന്റെ അടുത്തോ ശ്രദ്ധിക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആണ്‍പാമ്പും നിരീക്ഷണത്തിനുണ്ടാകുമെന്നത് ഇവയുടെ പ്രത്യേകതയാണ്.