തോൽവിയറിയാതെ 35 മൽസരങ്ങൾ, 35–ാം ഹാട്രിക്; ചരിത്രം തിരുത്തി ബാർസയും മെസ്സിയും
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ റെക്കോർഡുകൾ താണ്ടി ബാർസിലോന. ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 35 മൽസരങ്ങൾ പിന്നിട്ട ബാർസ, റയൽ മാഡ്രിഡിന്റെ ചരിത്രം തിരുത്തി എഴുതി. മെസ്സിയുടെ ഹാട്രിക്കിൽ റയോ വയ്യെക്കാനോയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപിച്ചാണ് ബാർസയുടെ ചരിത്രനേട്ടം.
ചരിത്രം തിരുത്തുക ബാർസയ്ക്കും മെസ്സിക്കും പുതുമയല്ല. പക്ഷെ ഇവിടെ ചിരവൈരികളായ റയലിന്റെ റെക്കോർഡ് തകർക്കാൻ ഇറങ്ങിയ മെസ്സിയും കൂട്ടരും എതിരാളികളെ കീറിമുറിച്ചാണ് കളികാണിച്ചത്. 22ാം മിനിറ്റിൽ ഇവാൻ റാക്കിറ്റിച്ചിലൂടെ ഗോൾമഴ പെയ്യിച്ച കറ്റാലൻമാർ പിന്നെ എതിരാളികളോട് കാട്ടിയത് ഒരുതരം കാട്ടുനീതിയാണ്. ഇവിടെ റയോ വയ്യെക്കാനോയുടെ ഡിഫന്റർമാർക്ക് വിശ്രമിക്കാനെ നേരമുണ്ടായില്ല.
മെസ്സിയുടെ ഹാട്രിക്കും അകമ്പടി ചേർന്നതോടെ ബാർസയുടെ ആഘോഷത്തിനും മാറ്റുകൂടി. 23, 53, 72 മിനിറ്റുകളിൽ അർജന്റീനന്‍ ഇതിഹാസം റയോ ഗോൾമുഖം ഇളക്കിമറിച്ചു. മെസ്സിയുടെ കരിയറിലെ 35ാം ഹാട്രിക്.
അതിനിടെ റയോയ്ക്കായി മനുഷോ ഗോൺകേവ്സിന്റെ ആശ്വാസഗോൾ. പക്ഷെ ബാർസയുടെ ഗോൾപട്ടിക പൂർത്തിയാക്കാൻ ടർക്കിഷ് താരം ആര്‍ദ തുറന്‍ കാത്തിരുന്നു. ഒടുവിൽ 86ാം മിനിറ്റിൽ ബാർസയുടെ അഞ്ചാം ഗോൾ. 1988-89 സീസണിൽ റയൽ കുറിച്ച റെക്കോർഡാണ് എന്‍്റിക്വയുടെ കുട്ടികൾ മറികടന്നത്. ഈ ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അത്്ലറ്റിക്കോ മാഡ്രിഡിനേക്കാൾ എട്ടു പോയിന്റ് മുന്നിലായി.
© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ