പട്‌ന: രാമായണത്തിലെ സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ കോടതിയില്‍ കേസ്. സീതമര്‍ഹി ജില്ലയിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. താക്കൂര്‍ ചന്ദന്‍ സിങ് എന്ന അഭിഭാഷകനാണ് രാമനെതിരെ കേസ് ഫയല്‍ ചെയ്തത്.
അലക്കുകാരന്റെ വാക്കുകേട്ട് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനെക്കുറിച്ച് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. രാവണനാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സീതയെ ഉപേക്ഷിക്കാന്‍ മാത്രം അവള്‍ ചെയ്ത തെറ്റെന്തായിരുന്നുവെന്ന് വ്യക്തമാക്കാനാണ് കേസ്. രാമന്‍ സീതയോട് ചെയ്തത് ക്രൂരതയായിപ്പോയി. ക്രൂരമൃഗങ്ങള്‍ വാഴുന്ന ഒരു കാട്ടിലേക്ക് തന്റെ ഭാര്യയെ തനിച്ചയക്കാന്‍ എങ്ങിനെയാണ് രാമന് സാധിച്ചത്. സീതയെ വനവാസത്തിനയച്ചതു വഴി രാമന്‍ ആത്മവഞ്ചന കാണിക്കുകയായിരുന്നു.  രാമനത് മനപ്പൂര്‍വം ചെയ്ത പ്രവൃത്തിയായിരിക്കില്ല. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനല്ല കേസ് നല്‍കിയതെന്നും താക്കുര്‍ ചന്ദന്‍ സിങ് പറയുന്നുണ്ട്.
നേരത്തെ പോളണ്ടില്‍ ശ്രീകൃഷ്ണനെതിരെയും ഇത്തരത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ശ്രീകൃഷ്ണന് സദാചാരബോധമില്ലായിരുന്നുവെന്നും പതിനാറായിരത്തിലധികം ഭാര്യമാരുണ്ടായിരുന്നത് അതുകൊണ്ടാണെന്നും കാണിച്ചായിരുന്നു കേസ്.
ട്വിറ്ററിലടക്കം നിരവധി പേരാണ് രാമനെതിരെയുള്ള കേസില്‍ പ്രതികരണമറിയിച്ചത്. രാമനെതിരെയുള്ള കേസ് സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി ഇന്ന് തീരുമാനിക്കും.