2/24/2016

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും


കഴിഞ്ഞ 2,800 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് സമുദ്രനിരപ്പില്‍ വര്‍ധനയുണ്ടാകുന്നതെന്ന് പഠനങ്ങള്‍. മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനമാണ് സമുദ്രനിരപ്പ് വര്‍ധിക്കുന്നതിന്റെ പ്രധാനകാരണമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങള്‍ പ്രകാരം 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പില്‍ 28 മുതല്‍ 131 സെന്റി മീറ്ററിന്റെ വരെ വര്‍ധനവുണ്ടാകും.
ലോകത്തെ 24ലേറെ പ്രദേശങ്ങളില്‍ നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1880കളില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നതുവരെ പരമാവധി 3 മുതല്‍ 4 സെന്റിമീറ്റര്‍ വരെയാണ് ഒരു നൂറ്റാണ്ടിനിടെ പരമാവധി സമുദ്രനിരപ്പില്‍ മാറ്റമുണ്ടായിരിക്കുന്നത്. 2000 വര്‍ഷത്തെ ശരാശരി സമുദ്രനിരപ്പിനേക്കാള്‍ മൂന്ന് ഇഞ്ചിലേറെ കൂടുതലോ കുറവോ വ്യാവസായിക വിപ്ലവത്തിന് മുമ്പ് സംഭവിച്ചിരുന്നില്ല.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്ഥിതിഗതികള്‍ വലിയ തോതില്‍ മാറി മറിഞ്ഞു. സമുദ്രജലനിരപ്പില്‍ 14 സെന്റിമീറ്ററിന്റെ (5.5 ഇഞ്ച്) വ്യത്യാസമാണ് ഈ നൂറ്റാണ്ടില്‍ മാത്രമായി ഉണ്ടായിരിക്കുന്നത്. 1993 മുതലുള്ള സമുദ്രനിരപ്പിലെ വര്‍ധന കണക്കാക്കിയാല്‍ വരാനിരിക്കുന്ന നൂറ്റാണ്ടില്‍ 30 സെന്റി മീറ്ററിലേറെയായിരിക്കും സമുദ്രജലനിരപ്പ് വര്‍ധിക്കുക.
'ഇരുപതാം നൂറ്റാണ്ടിലാണ് ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ സമുദ്രനിരപ്പ് വര്‍ധിച്ചത് എന്നതില്‍ സംശയമില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചതും വ്യാവസായിക വിപ്ലവുമാണ് അന്തരീക്ഷതാപനിലയിലേയും സമുദ്രനിരപ്പിലേയും വര്‍ധനക്ക് കാരണമായത്' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബോബ് കൊപ്പ് പറഞ്ഞു.
സമുദ്രനിരപ്പ് വര്‍ധിക്കുന്നതും അന്തരീക്ഷതാപനില ഉരുന്നതും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ചൂടുകൂടുമ്പോള്‍ വികസിക്കുകയും തണുക്കുമ്പോള്‍ ചുരുങ്ങുകയുമാണ് ജലത്തിന്റെ പ്രാഥമി സ്വഭാവങ്ങളിലൊന്ന്. വ്യാവസായിക വിപ്ലവത്തിന് ശേഷം ക്രമാനുഗതമായി സമുദ്രജല നിരപ്പ് വര്‍ധിച്ചെന്നു മാത്രമല്ല അതിന് മുമ്പ് സമുദ്ര നിരപ്പ് കുറയുകയായിരുന്നുവെന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സമുദ്രജലനിരപ്പ് കുത്തനെ ഉയർന്നാൽ ലോകത്തെ ഒട്ടുമിക്ക തീരദേശ നഗരങ്ങളും വെള്ളത്തിൽ മുങ്ങും. ഇന്ത്യൻ തീരദേശ നഗരങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1