2/29/2016

4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'

4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'


കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നാലായിരത്തോളം തത്തകളുടെ അന്നദാതാവാണ് ചെന്നൈ സ്വദേശിയായ ശേഖര്‍. ശേഖര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാനായി ചെന്നൈയുടെ പലഭാഗത്തു നിന്നും തത്തകള്‍ രണ്ട് നേരമാണ് എത്തുക. സ്വന്തം വീടിന് മുകളില്‍ ഒരുക്കുന്ന തത്ത സദ്യക്കായി ദിവസവും 60 കിലോ അരിയാണ് അദ്ദേഹം വാങ്ങുന്നത്.
ചെന്നൈ നഗരം കണ്ണടച്ചുറങ്ങുന്ന പുലര്‍ച്ചെ നാലിനാണ് ശേഖറിന്റെ ദിവസം ആരംഭിക്കുക. തത്തകള്‍ക്കുള്ള അരി വേവിക്കലാണ് ആദ്യ പണി. സ്വന്തം വീടിന് മുകളിലെ ടെറസില്‍ മരപ്പലകകള്‍ നിരത്തിവെച്ച് അതിന് മുകളിലാണ് ശേഖര്‍ തത്തകള്‍ക്ക് ചോറുവിളമ്പുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും കിലോമീറ്ററുകള്‍ അകലെ നിന്നും ശേഖറിന്റെ വീട്ടിലെത്തി തത്തകള്‍ ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങുന്നു.
ശേഖറിന്റെ വീട്ടിലെത്തുന്ന ആയിരക്കണക്കിന് തത്തകള്‍ മിക്കപ്പോഴും താഴെ റോഡിലൂടെ പോകുന്നവര്‍ക്ക് കൗതുകകാഴ്ച്ചയാവാറുണ്ട്. 71കാരനായ ശേഖര്‍ തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലുണ്ടായ സുനാമിക്ക് ശേഷമാണ് ആരംഭിച്ചത്. തന്റെ വീടിന് മുകളില്‍ വന്നിരുന്ന രണ്ട് തത്തകള്‍ക്ക് ചോറു കൊടുത്തായിരുന്നു തുടക്കം.
ഭക്ഷണം കിട്ടി തുടങ്ങിയതോടെ ഇവ എല്ലാ ദിവസവും ശേഖറിന്റെ വീട്ടിലെത്തി തുടങ്ങി. ദിവസവും വന്ന രണ്ട് തത്തകള്‍ കൂട്ടുകാരായ പത്തോളം തത്തകളെയും കൂട്ടി വന്നു. അവക്കും ശേഖര്‍ ഭക്ഷണം നല്‍കി. തത്തകളുടെ എണ്ണം 50, 100 എന്നിങ്ങനെ കൂടി വന്നു. ഇപ്പോള്‍ നാലായിരത്തോളം തത്തകളാണ് ശേഖറിന്റെ വീടിന് മുകളിലെത്തുന്നത്. നിറഞ്ഞ വയറോടെ സന്തോഷത്തില്‍ തത്തകള്‍ മടങ്ങുന്ന കാണുന്നതാണ് തന്റെ തൃപ്തിയെന്ന് ഈ പക്ഷി സ്‌നേഹി പറയുന്നു.
ആദ്യ കാലത്ത് ഒരു കിലോ അരിയായിരുന്നു തത്തകള്‍ക്കായി ചോറുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്നത് 60 കിലോഗ്രാം വരെയായിരിക്കുന്നു. തത്തകള്‍ക്ക് രണ്ട് നേരം ഭക്ഷണമുണ്ടാക്കുക എന്നത് തന്നെ വലിയ പണിയും പണച്ചെലവുമുള്ള കാര്യമാണെങ്കിലും ശേഖര്‍ ഒരു നിയോഗം പോലെ അത് തുടരുന്നു. ക്യാമറ ടെക്‌നീഷ്യനായി ജോലിയെടുക്കുന്ന ശേഖറിന്റെ വരുമാനത്തിലെ മൂന്നിലൊന്നും തത്തകള്‍ക്കുള്ളതാണ്.
സീസണിന് അനുസരിച്ച് വരുന്ന തത്തകളുടെ എണ്ണത്തിലും മാറ്റമുണ്ടെന്നാണ് 25 വര്‍ഷമായി ചെന്നൈയില്‍ താമസിക്കുന്ന ശേഖര്‍ പറയുന്നത്. വേനല്‍ക്കാലത്ത് തത്തകളുടെ എണ്ണം ആയിരം വരെ താഴും. ചൂട് കുറയുമ്പോള്‍ വീണ്ടും നാലായിരത്തിലേറെ തത്തകള്‍ ശേഖറിന്റെ ആതിഥ്യം സ്വീകരിക്കാനെത്തും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1