2/09/2016

സ്മാർട്ട്ഫോൺ വിപണി കുതിപ്പ് മോദിയുടെ നേട്ട൦ .(മനോരമ )

manoramaonline.com

സ്മാർട്ട്ഫോൺ വിപണി കുതിപ്പ് മോദിയുടെ നേട്ടമോ?

by സ്വന്തം ലേഖകൻ

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ കുതിക്കുന്നു. ഇതോടെ ലോകത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ആദ്യസ്ഥാനം ചൈനയ്ക്കു തന്നെയാണ്.
2015 അവസാനത്തോടെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 220 ദശലക്ഷം കവിഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ഇത് വലിയൊരു കുതിച്ചുചാട്ടമാണ്. ഇന്ത്യന്‍ വിപണി സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന് എത്രത്തോളം അനുകൂലമാണെന്ന് ഇത് കാണിക്കുന്നുണ്ട്. പക്ഷേ, ആകെയുള്ള ഇന്ത്യന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍, ജനങ്ങളില്‍ മുപ്പതു ശതമാനം പോലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല. ഇതും പക്ഷേ, നിരാശാജനകമല്ല. വലിയൊരു സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താനായി ഇനിയും ബാക്കിയാണ് എന്നര്‍ഥം.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുമ്പോള്‍, അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിമാനിക്കാവുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്ത് മേക്ക് ഇന്‍ ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വിപണിയില്‍ സ്ഥാനം പിടിച്ചിട്ടുള്ള നൂറ്റമ്പതോളം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റുകളില്‍ അമ്പതു ശതമാനത്തോളവും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവയാണ്. തീരുന്നില്ല, ബാക്കിയുള്ളതില്‍ ഇരുപത് ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു.
ഇന്ത്യയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ നാല്‍പ്പതു ശതാമാനത്തോളവും സ്മാര്‍ട്ട് ഫോണുകള്‍ ആണ്. മൈക്രോമാക്‌സ് അടുത്ത വർഷത്തോടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുമെന്ന് അവരുടെ മേധാവിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നു. മറ്റൊന്ന്, ഐഫോണുകളുടെയും ഐപാഡുകളുടെയും ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയില്‍ ആയിരിക്കും അവരുടെ സ്ഥാപനങ്ങള്‍ വരിക. തായ്‌വാനീസ് കമ്പനിയായ വെസ്റ്റേണ്‍ കോര്‍പ്പും ഇന്ത്യയില്‍ അവരുടെ നിർമാണ കേന്ദ്രങ്ങൾ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഇപ്പോഴത്തെ വമ്പന്മാര്‍ സാംസങ് തന്നെ. ഇവിടെ വിറ്റ സ്മാര്‍ട്ട് ഫോണുകളില്‍ 28.6 ശതമാനവും സാംസങ് ആണ്. മൈക്രോമാക്‌സ് 14.3 ശതമാനം, ലെനോവോ 11.4 ശതമാനം, ഇന്റെക്‌സ് 9.6 ശതമാനം, ലാവ 6.8 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിപണിവിഹിതം. ഇവയെല്ലാം ഒഴിച്ചുള്ള മറ്റു കമ്പനികള്‍ വിപണിയില്‍ ആകെ 29.3 ശതമാനം പങ്കാളിത്തം കാണിക്കുന്നു.
ഒപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഓണ്‍ലൈന്‍ വിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയുടെ വിജയമാണ്. പലപ്പോഴും ഓണ്‍ ലൈന്‍ വിപണിയെ വിശ്വാസത്തില്‍ എടുക്കാത്തവര്‍ ആണ് ഉപഭോക്താക്കള്‍. കടയില്‍ പോയി ഫോണ്‍ തിരിച്ചും മറിച്ചും നോക്കി ഗുണവും ദോഷവും ചോദിച്ചു മനസ്സിലാക്കി വാങ്ങുന്നവര്‍. പക്ഷേ, 2015ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഇന്ത്യയില്‍ വിറ്റുപോയ സ്മാര്‍ട്ട് ഫോണുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ വഴിയാണ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തിയത് എന്നാണ്. അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിക്ക് ഊര്‍ജ്ജം പകരുന്നതാണ് ഓണ്‍ലൈന്‍ വഴിയുള്ള സ്മാര്‍ട്ട് ഫോണുകളുടെ ഇവിടത്തെ വില്‍പ്പന സംബന്ധിച്ച കണക്കുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1