questionIncome tax returnഎന്റെ വീടുപണി നടക്കുകയാണ്. ഇതിനോടകം 32.53 ലക്ഷം രൂപ ചെലവായി. 11 ശതമാനം പലിശയിൽ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ ബന്ധുക്കളിൽ നിന്ന് കടമായാണ് ഈ തുക കണ്ടെത്തിയത്. 40 ലക്ഷം രൂപ ബാങ്ക് വായ്പ എടുക്കാനുള്ള പേപ്പറുകൾ തയ്യാറാക്കുകയാണ് ഇപ്പോൾ. വായ്പ നൽകാമെന്ന് ബാങ്ക് ഉറപ്പുതന്നിട്ടുണ്ട്. ബന്ധുക്കൾക്ക് നൽകുന്ന പലിശയ്ക്ക് നികുതി ഒഴിവ് അവകാശപ്പെടാൻ കഴിയുമോ? കഴിയുമെങ്കിൽ എന്തൊക്കെ രേഖകളാണ് തൊഴിൽദാതാവിനും ആദായ നികുതി വകുപ്പിനും നൽകേണ്ടത്?
-ഷാജു ജോർജ്
അടുത്ത ബന്ധുക്കളിൽ നിന്നും വീടുപണിക്കായി സ്വരൂപിക്കുന്ന കടങ്ങളുടെ പലിശയ്ക്ക് ആദായ നികുതി ഇളവ് ലഭ്യമാണ്. ഇതു സംബന്ധിച്ചുള്ള ഒരു രേഖയും റിട്ടേണിന്റെ കൂടെ അറ്റാച്ച് ചെയ്യാൻ അനുവാദമില്ല. അതിനാൽ പ്രസ്തുത രേഖകൾ കൈവശം സൂക്ഷിച്ച ശേഷം ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കിയാൽ മതിയാകും.
പക്ഷെ, മുതൽ തിരിച്ചടവ് തുക വകുപ്പ് 80സി പ്രകാരം കിഴിവിന് അർഹമാകണമെങ്കിൽ അത് ബാങ്ക് പോലുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്തതായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്.
questionഅമ്മയ്ക്ക് ഹാർട്ട് അറ്റാക്കിന്റെ ചികിത്സയ്ക്കായി ചെലവഴിച്ച 40,000 രൂപ ആദായനികുതി വകുപ്പ് 80 ഡി.ഡി.ബി. പ്രകാരം കിഴിവിന് അർഹമാണോ?
-ടി.കെ. നായർ
വകുപ്പ് 80 ഡി.ഡി.ബി. പ്രകാരം പ്രഖ്യാപിതമായ രോഗങ്ങളിൽ ഹൃദ്രോഗം ഉൾപ്പെടുന്നില്ല. അതിനാൽ ഈ വകുപ്പിന്റെ പ്രയോജനം താങ്കൾക്ക് ലഭ്യമല്ല എന്ന് പറയാൻ പ്രയാസമുണ്ട്.
questionകേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ട്രാൻസ്‌പോർട്ട് അലവൻസിനുള്ള ആദായ നികുതി ഇളവ് എങ്ങനെയാണ്?
-ഇ.ടി. ശ്രീനിവാസൻ

ട്രാൻസ്‌പോർട്ട് അലവൻസിന് വകുപ്പ് 10(14) പ്രകാരം ലഭ്യമായ കിഴിവ് കണക്കാക്കുമ്പോൾ (പ്രതിമാസം 1600 രൂപ അഥവാ 3200 രൂപ) ശമ്പളം എത്ര ആണെന്നുള്ളത് പ്രസക്തമല്ല. ട്രാൻസ്‌പോർട്ട് അലവൻസായി താങ്കൾക്ക്‌ ലഭിക്കുന്ന തുക മേൽപ്പറഞ്ഞ ബാധകമായ പരിധികൾക്ക്‌ വിധേയമായി നികുതി ഒഴിവ് അവകാശപ്പെടാം.

questionവാടക വീട്ടിലാണ് ഞാൻ താമസിക്കുന്നത് (പ്രതിമാസ വാടക 7,000 രൂപ). പക്ഷെ, എനിക്ക് തൊഴിൽദാതാവിൽ നിന്ന് വാടകബത്ത ഒന്നും കിട്ടുന്നില്ല. 2015-16 സാമ്പത്തിക വർഷം വാടകയായി അടച്ച തുകയ്ക്ക് നികുതി ഒഴിവ് അവകാശപ്പെടാൻ എനിക്ക് കഴിയുമോ?
-അനൂപ്
  താങ്കൾക്ക്‌ വീട്ടുവാടക ബത്തയായി ഒന്നും ലഭിക്കാത്തതിനാൽ വകുപ്പ് 10(13എ) പ്രകാരമുള്ള ഒഴിവിന് അർഹതയില്ല. എന്നാൽ വകുപ്പ് 80ജി.ജി. പ്രകാരമുള്ള കിഴിവ് അവകാശപ്പെടാം. ഈ വകുപ്പ് പ്രകാരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ തുക കിഴിവ് ലഭിക്കാം:

1. ഈ വകുപ്പ് പ്രകാരം ഉള്ള കിഴിവ് അവകാശപ്പെടുന്നതിന്‌ മുൻപുള്ള നികുതി വിധേയ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടുതലായി നൽകിയ വാടക.
2. ഈ വകുപ്പ് പ്രകാരം ഉള്ള കിഴിവ് അവകാശപ്പെടുന്നതിന്‌ മുൻപുള്ള നികുതി വിധേയ വരുമാനത്തിന്റെ 25 ശതമാനം.
3. പ്രതിമാസം 2,000 രൂപ.
ഇതിലേക്കായുള്ള കിഴിവ് അവകാശപ്പെടുന്നതിന് ഫോം നമ്പർ 10ബി.എ. പൂരിപ്പിച്ച്‌ തൊഴിലുടമയ്ക്ക് നൽകേണ്ടതുണ്ട്.questionമൊത്തം വരുമാനത്തിൽ നിന്ന് കുടുംബ പെൻഷൻ ആനുകൂല്യം (15,000 രൂപ) കുറയ്ക്കാനാകുമോ?
-സുജാത
   ലഭിച്ച ഫാമിലി പെൻഷൻ തുക 'income from other sources' എന്ന വരുമാന ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെ ലഭിച്ച തുകയുടെ മൂന്നിലൊന്ന്‌ ഭാഗം അഥവാ 15,000 രൂപ (തമ്മിൽ കുറഞ്ഞ തുക) മൊത്ത വരുമാനത്തിൽ നിന്നും കുറവ് ചെയ്യാവുന്നതാണ്.
ഇ-മെയിൽ: ask@josephvarghese.net