ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ പെണ്‍കുട്ടികളോട് നല്ലരീതിയില്‍ ഇടപെടുന്ന ആണ്‍കുട്ടികള്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ശിശു-വനിതാ വികസന വകുപ്പു മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
ഫരീദാബാദിലെ ഒരു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണുകളില്‍ എമര്‍ജന്‍സി അലാം ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മേനക ഗാന്ധി അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മമനക ഗാന്ധി പറഞ്ഞു. ഇതിനായി വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.