'നിരീക്ഷിച്ചു പഠിക്കുന്തോറും നിഗൂഢതയുടെ വലയം വലുതാകുന്നു.' മനുഷ്യനു മുന്നില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഹിമപ്പുലിയുടെ പിന്നാലെ വര്‍ഷങ്ങളായി നടക്കുന്ന ടോം മക്കാര്‍ത്തി പറയുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഹിമപ്പുലിയുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കാന്‍ ആവുന്നതിന്റെ ആഹ്ലാദത്തിലാണ് മക്കാര്‍ത്തി.
ഹിമപ്പുലിയെക്കുറിച്ച് അവസാനവാക്കാണ് ഡോ. ടോം മക്കാര്‍ത്തി. അമേരിക്കക്കാരനായ ഈ വന്യജീവി ശാസ്ത്രജ്ഞന്‍ നീണ്ട രണ്ട് ദശകങ്ങളായി ഹിമപ്പുലിയുടെ (Snow Leopard) മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന സഞ്ചാരപഥങ്ങളിലൂടെ അലയുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വന്യജീവിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഷാലര്‍ നയിക്കുന്ന പാന്തറ (Panthera) എന്ന സംഘടനയുടെ ഹിമപ്പുലി ഗവേഷണ വിഭാഗം മേധാവിയാണ് അദ്ദേഹം. ഹിമപ്പുലിയുടെ സ്വഭാവവിശേഷണങ്ങളാണ് അദ്ദേഹത്തിന്റെ പഠനവിഷയം.
Snow Leopard 01
മയക്കുവെടി വെച്ച ശേഷം ഹിമപ്പുലിയുടെ കഴുത്തില്‍ റേഡിയോ കോളര്‍ കെട്ടിയശേഷം പുലിക്ക് മറുമരുന്ന് നല്‍കി ഉത്തേജിപ്പിച്ച് മോചിപ്പിക്കുന്നു. അതിന്റെ സഞ്ചാരരീതികള്‍ തുടര്‍ന്ന് നിരീക്ഷിക്കാന്‍ കഴിയും.
പക്ഷെ ഹിമപ്പുലിയെ ഒരു നോക്ക് കാണാന്‍ കഴിയേണ്ടേ? നാല് വര്‍ഷം തിരഞ്ഞിട്ടും ഒരു പുലിയെപ്പോലും കാണാന്‍ കഴിയാത്ത നാളുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ടോം പറയുന്നു. ഒടുവില്‍ ഈയിടെ പാകിസ്താനില്‍ നിന്നാണ് ഒരു പുലിയെ കാണാനൊത്തതും റേഡിയോ കോളര്‍ ഘടിപ്പിച്ചതും. അസ്വസ്ഥതയൊന്നും ഹിമപ്പുലി പ്രകടിപ്പിച്ചില്ല. അല്‍പ്പനേരത്തിന് ശേഷം അത് പര്‍വതനിരകളിലേക്ക് നടന്നകന്നു.
Snow Leopard 02
കൂടുതല്‍ നിരീക്ഷിച്ച് പഠിക്കുമ്പോഴും ഹിമപ്പുലിയുടെ സ്വഭാവവിശേഷങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ ലഭിക്കും.  സഞ്ചാരരീതികളും സ്വഭാവ വിശേഷങ്ങളും അറിയാനാവുന്നത് കൂടുതല്‍ നിഗൂഢതയും വിസ്മയവും സൃഷ്ടിക്കുന്നുവെന്ന് ടോം മക്കാര്‍ത്തി 'മാതൃഭൂമി'യോട് പറഞ്ഞു.
Snow Leopard 03
ഇന്ത്യ, പാകിസ്താന്‍, ചൈന, മംഗോളിയ, തജികിസ്താന്‍, ടിബറ്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 18 രാജ്യങ്ങളിലാണ് ഹിമപ്പുലിയുള്ളത്. ചൈനയിലാണ് കൂടുതല്‍. മഞ്ഞുമൂടിയ ഹിമശൃംഖങ്ങളില്‍ മാത്രമേ ഹിമപ്പുലിയെ കാണാന്‍ കഴിയൂ എന്ന് തെറ്റിദ്ധരിക്കേണ്ട. താഴ്‌വരയിലും പര്‍വതനിരകളിലും പുലിയെ കാണാന്‍ കഴിയും. കടുവ, പുള്ളിപ്പുലി, സിംഹം തുടങ്ങിയവയെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ പക്കലുണ്ട്. എന്നാല്‍ ഹിമപ്പുലിയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. പല സംഘങ്ങള്‍ ഗവേഷണം നടത്തുന്നു. ലഡാക്കിലെ ഹെമിസ് വന്യമൃഗസങ്കേതത്തില്‍ ഇപ്പോള്‍ പലപ്പോഴും ഹിമപ്പുലിയെ കാണാന്‍ കഴിയുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Panthera