11/27/2015

ഡിജിറ്റല്‍ മോടിയില്‍ പാര്‍ലമെന്റ്

ഡിജിറ്റല്‍ മോടിയില്‍ പാര്‍ലമെന്റ്

Thursday 26th of November 2015 08:24:23 PM
ന്യൂഡല്‍ഹി: ചരിത്രത്തിലെ വലിയ ഒരു മാറ്റത്തിലേക്ക് കാലൂന്നിക്കൊണ്ടാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം കുറിച്ചത്. മുന്‍നിര രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ജനപ്രതിനിധികളെയും ഇന്ത്യന്‍ പാര്‍ലമെന്റിനെയും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പാര്‍ലമെന്റിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതി ഇന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഐ പാഡ് വിതരണം ചെയ്തു. സര്‍ക്കാര്‍ ചെലവിലാണ് ഐ പാഡ് നല്‍കുന്നത്. 

വിവിധ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടുകളും ചോദ്യോത്തര വേളയുടെ വിശദാംശങ്ങളും സ്വകാര്യ അംഗങ്ങളുടെ ബില്ലുകളും വകുപ്പുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടും എല്ലാം ഇനി പാര്‍ലമെന്റിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യും. ഇവിടെ നിന്ന് എംപിമാര്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഐ പാഡ് ഉപയോഗിക്കാന്‍ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് ബ്യൂറോയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ് പരിശീലനം നല്‍കുക. ഡിജിറ്റല്‍ ലോക്കറുകളെക്കുറിച്ചും ഡിജിറ്റല്‍ ഒപ്പിനെക്കുറിച്ചും ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിദഗ്ധരും എംപിമാര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഡിജിറ്റലൈസേഷന്റെ പൂര്‍ണ പ്രയോജനം ലഭ്യമാകുകയുളളൂ. പാര്‍ലമെന്റിന്റെ വെബ് സൈറ്റും ഇതിന് അനുസൃതമായി പരിഷ്‌കരിക്കും. 

പാര്‍ലമെന്റിനകത്തും സെന്‍ട്രല്‍ ഹാളിലും എംപിമാരുടെ വീടുകളിലും വൈഫൈ സംവിധാനം ലഭ്യമാണ്. ഡിജിറ്റല്‍ മുഖം അണിഞ്ഞതോടെ ഫോര്‍ ജി സേവനം ഏര്‍പ്പെടുത്താനുള്ള ശ്രമവും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പേപ്പര്‍ സ്ലിപ്പുകള്‍ നല്‍കുന്നത് ഒഴിവാക്കാനായി മെസേജിംഗ് സംവിധാനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

കടലാസുകളുടെ ഉപയോഗം കുറയ്ക്കുക എന്നതിനപ്പുറം കാലത്തിനൊത്ത മാറ്റം കൂടിയാണ് പാര്‍ലമെന്റിന്റെ ഡിജിറ്റല്‍ പരിവേഷം. വിവരങ്ങള്‍ ഒരു ക്ലിക്കില്‍ ലഭിക്കുമെന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയാനും ചര്‍ച്ചകളില്‍ കൂടുതല്‍ ക്രിയാത്മകമായി പങ്കെടുക്കാനും സമ്മേളനകാലയളവില്‍ എംപിമാര്‍ക്ക് കഴിയും. ഫലത്തില്‍ പാര്‍ലമെന്റിന്റെ സമയനഷ്ടം പരിഹരിക്കുന്നതിനൊപ്പം സമ്മേളന സെക്ഷനുകള്‍ കൂടുതല്‍ ക്രിയാത്മകമാകുകയും ചെയ്യും. 

നേരത്തെ ഒരു സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ റിപ്പോര്‍ട്ടുകളും വിവിധ രേഖകളും അടങ്ങുന്ന കടലാസ് കെട്ടുകള്‍ പതിവ് കാഴ്ചയായിരുന്നു. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ വന്നതോടെ ഇതും പഴങ്കഥയായി. ( കടപ്പാട് ജനംTV )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1