പട്ടാമ്പി: പെരിങ്ങോട് കോതച്ചിറ സ്വദേശിയായ ശില്പി സുധില്‍കുമാര്‍ അത്തിമരത്തിന്റെ വേരില്‍ അയ്യപ്പചരിതം ആദ്യാവസാനം കൊത്തിയൊരുക്കി.
അയ്യപ്പചരിതത്തിലെ 170 സന്ദര്‍ഭങ്ങളാണ് മരത്തിന്റെ വേരില്‍ കൊത്തിയെടുത്തത്. ബെംഗളൂരുവിലെ അനന്തഗിരി അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിക്കാനായാണ് സുധില്‍കുമാര്‍ അയ്യപ്പചരിതം ശില്പത്തിനായി ഉളി ചലിപ്പിച്ചത്.
sudheerkumarദൈവിക ശില്പങ്ങള്‍ കൊത്തുന്നതില്‍ വിദഗ്ധനായ സുധില്‍കുമാറിനെപ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിച്ചതിനെത്തുടര്‍ന്നാണ് അനന്തഗിരി ക്ഷേത്രഭാരവാഹികള്‍ സുധില്‍കുമാറിനെ തേടിയെത്തിയത്.
 വ്യത്യസ്ത ശില്പം വേണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് വേരിലുള്ള ശില്പം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ശില്പി പറയുന്നു. പത്തടിയോളം വ്യാസമുള്ള വേരാണ് ഇതിനായി ബെംഗളൂരുവിലെ ക്ഷേത്രം ഭാരവാഹികള്‍ കണ്ടെത്തിയത്. നാലുമാസത്തിനുള്ളിലാണ് ശില്പനിര്‍മാണം പൂര്‍ത്തിയായത്. മുകളിലായി ശബരിമല ക്ഷേത്രത്തിന്റെ ചെറുരൂപവും ഒരുക്കിയിട്ടുണ്ട്.
പെരിങ്ങോട് കോതച്ചിറ കുറുപ്പത്തേരില്‍ സുധില്‍കുമാര്‍ വര്‍ഷങ്ങളായി ആരാധനാലയങ്ങള്‍ക്ക് ശില്പങ്ങള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. ചെറുപ്പംമുതല്‍ ശില്പകലയില്‍ അതീവതത്പരനായ സുധില്‍ വെള്ളിനേഴി രാമന്‍കുട്ടി, ആര്‍ട്ടിസ്റ്റ് ഗണപതി എന്നിവരുടെ ശിക്ഷണത്തിലാണ് ശില്പകലയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാനായാണ് ഏറെയും നിര്‍മിക്കുന്നത്. ആദ്യം മാതൃകവരച്ച് പിന്നീടാണ് ശില്പം നിര്‍മിക്കുന്നത്.