11/16/2015

ആടലോടകം

| ഔഷധസസ്യങ്ങള്‍ | ആടലോടകം
കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് - വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.
വലിയ ആടലോടകത്തിന്‍റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്‍റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.
ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്‍റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം - ഇതിന് ഔഷധഗുണം കൂടുതലാണ്.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ () എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്.
പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം,
900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്‍, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്
ആടലോടകത്തിന്‍റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത്‌ സ്ത്രീകളിലെ അമിതആര്‍ത്തവത്തില്‍ നന്നാണ്.
ആടലോടകത്തിന്‍റെ വേര് അരച്ച് നാഭിക്കടിയില്‍ പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
ആടലോടകത്തിന്‍റെ വേര്, വെളുത്ത ആവണക്കിന്‍റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത്‌ അശ്മരിക്ക് നല്ലതാണ്.
ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും.
ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും.
ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും.
ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്‍വേദയോഗഔഷധങ്ങളില്‍ ആടലോടകം ഉപയോഗിക്കപ്പെടുന്നു.
https://urmponline.wordpress.com/2015/09/26/07-mp-adhatoda/
അപേക്ഷ : എവിടെയെങ്കിലും ഈ ചെടി നില്‍ക്കുന്നതു കണ്ടാല്‍ വെട്ടിപ്പറിച്ചു കളയരുത്. <<പരമാവധി ആളുകളെ ബോധവത്കരിക്കുക>>
Suresh Anthavasi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1