ഭിന്നലിംഗവിഭാഗക്കാരില്‍നിന്ന് ആദ്യത്തെ എസ്.ഐയായി പ്രിതിക യാഷിണി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഭിന്നലിംഗവിഭാഗക്കാരുടെ അവകാശപോരാട്ടങ്ങള്‍ നേടുന്ന വിജയത്തിന്റെ ചരിത്രത്തിന് തിളക്കമേറും.
ഇരുപത്തിനാലുകാരിയ കെ.പ്രിതിക യാഷിണിയെന്ന സേലം കന്തപട്ടി സ്വദേശിനിയുടെ പോരാട്ടത്തിന് വയസ് അഞ്ചാണ്.
പഠനകാലത്ത് തന്നെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആകണമെന്നായിരുന്നു പ്രിതികയുടെ ആഗ്രഹം. അതിനുള്ള പരിശീലനവും തുടങ്ങിയിരുന്നു. ഈ വര്‍ഷം ആദ്യമാണ് എസ്.ഐ പരീക്ഷക്ക് അപേക്ഷിക്കുന്നത്. അപേക്ഷയിലെയും യോഗ്യതാസര്‍ട്ടിഫിക്കറ്റിലെയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ പരിഗണിക്കാന്‍ വകുപ്പില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം. സ്കൂളിലെയും മറ്റും സര്‍ട്ടിഫിക്കറ്റുകളില്‍ കെ.പ്രദീപ് കുമാര്‍ എന്നും പുരുഷനെന്നും രേഖപ്പെടുത്തിയിരുന്നു. അതായിരുന്നു പ്രിതികയുടെ അപേക്ഷ നിരസിക്കപ്പെടാന്‍ കാരണവും.
2013-ലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് ഇവര്‍ കെ.പ്രിതിക യാഷിണി എന്ന പേര് സ്വീകരിച്ചത്. പക്ഷെ, ഔദ്യോഗികരേഖകളിലെ പേരുമാറ്റത്തിന് പിന്നെയും സമയമെടുത്തു മൂന്നാംലിംഗത്തിലേക്ക് മാറി എന്ന് കാണിച്ച് ഔദ്യോഗികഅംഗീകാരം നേടിയ ശേഷം ഗസറ്റില്‍ കൊടുത്ത് പ്രിതിക എന്ന പേര് സ്വീകരിച്ചു. ഇത് കാണിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു പ്രിതികക്ക് പരീക്ഷയെഴുതാന്‍. പരീക്ഷയില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സ്ത്രീ വിഭാഗത്തില്‍പെടുത്തിയാണ് പ്രിതിക പരീക്ഷയെഴുതിയത്.
തന്റെ വിജയം കാണാന്‍ ആവേശത്തോടെ കാത്തിരുന്നവരെ പ്രിതിക നിരാശപ്പെടുത്തിയില്ല. മികച്ച മാര്‍ക്കോടെതന്നെ പ്രിതിക പരീക്ഷ വിജയിച്ചു. കായികക്ഷമതാപരിശോധനയിലും വിജയിച്ച പ്രിതിക മൂന്നാംലിഗക്കാരുടെ പ്രതീക്ഷയായി. പക്ഷെ,രണ്ടാംദിവസം അവസാന ഇനമായി കടന്നുവന്ന 100 മീറ്റര്‍ ഓട്ടത്തില്‍ നിശ്ചിതസമയത്തിന് ഒരു സെക്കന്‍ഡ് ശേഷമാണ് പ്രിതികക്ക് ഫിനിഷിങ് ലൈന്‍ കടക്കാനായത്. ഇതോടെ, അവര്‍ പുറത്താവുകയും ചെയ്തു.
യാഥാസ്ഥിതികവാദത്തില്‍ ഉറച്ച് നില്‍ക്കുന്ന സമൂഹത്തോടും അതില്‍നിന്നും ഒട്ടും പിറകിലല്ലാത്ത അധികാരവര്‍ഗത്തോടും പരിഭവിച്ച് മാറിനില്‍ക്കുകയായിരുന്നില്ല പ്രിതിക. അതിനോട് കലഹിച്ച് തന്റെയും തന്നെപ്പോലുള്ളവരുടെയും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദവുമായിരുന്നു ഒരു നിമിഷം വൈകാന്‍ കാരണമെന്ന് പറഞ്ഞ പ്രിതിക ആ സംഘര്‍ഷങ്ങളെയും സമ്മര്‍ദ്ദങ്ങളെയും സധൈര്യം മറികടന്നു.
പോലീസില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്നും കോടതിയെ സമീപിക്കേണ്ടി വരുമെന്നും അന്നുതന്നെ പ്രിതിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വീണ്ടും പോരാടേണ്ടിവരുമെന്നും പ്രിതിക ഉറച്ചു പറഞ്ഞു. ആ പോരാട്ടമാണ് ഇന്ന് പ്രിതികയുടെ വിജയത്തിലേക്കെത്തിയത്.
കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തരബിരുദക്കാരിയായ പ്രിതിക അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രിതികയുടെ മൊത്തം പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഓട്ടത്തില്‍ ഒരു നിമിഷം വൈകിയത് ഒരു വീഴ്ചയായിക്കാണേണ്ടെന്ന് പറഞ്ഞ് കോടതി തന്നെയാണ് അവിടെയും പ്രിതികയുടെ രക്ഷക്കെത്തിയത്.
പ്രിതിക യാഷിണിയെ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കണമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.കെ കൗളും ജസ്റ്റിസ് പുഷ്പസത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരുണ്ട്. എന്നാല്‍ ആദ്യത്തെ സബ് ഇന്‍സ്‌പെക്ടറാണ് പ്രിതിക.
മറ്റുപല രാജ്യക്കാരും ഭിന്നലിംഗക്കാരെ അംഗീകരിച്ചപ്പോള്‍ ഇന്ത്യയെന്നും അവരോട് കാണിച്ചത് കടുത്ത വിവേചനവും അവഗണനയുമായിരുന്നു. ഭിന്നലൈംഗികത ഒരു ശാരീരികാവസ്ഥയാണെന്നറിയാതെ അവരെ ചൂഷണം ചെയ്യണമെന്ന വിചാരം ചൂഴ്ന്നു നില്‍ക്കുന്ന സമൂഹത്തിനുനേരെ തന്നെപ്പോലുള്ളവര്‍ ഉയര്‍ന്നുവരുമെന്ന് പ്രിതിക തെളിയിച്ച് കഴിഞ്ഞു. നമ്മുടേത് മാത്രം എന്ന് ഇവിടെ ആരൊക്കെയോ തെറ്റിദ്ധരിക്കുന്ന ഇടങ്ങളിലേക്ക് പ്രിതികയെപ്പോലെയുള്ളവര്‍ കടന്നുവരുന്നതിനെ അമ്പരപ്പോടെ കാണുന്നതിനപ്പുറം സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. പ്രിതികയുടേത് ഒരു ഒറ്റപ്പെട്ട പോരാട്ടമല്ല. നിലനില്‍പ്പിനായി ഇവിടെ അനേകര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ഒന്നുമാത്രമാണ്. അതില്‍ വിജയം നേടിയതിന് നല്‍കാം പ്രിതികക്ക് ഒരു സല്യൂട്ട്.