സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ പെപ്‌സിയും ടെക് ലോകത്തേക്ക്. തങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ചുവടുവെക്കുന്നുവെന്ന് പ്രഖ്യാപിച്ച പെപ്‌സി ഒരു മാസത്തിനകം തന്നെ ആദ്യ ഫോണുകള്‍ എത്തിച്ചിരിക്കുകയാണ്. പെപ്‌സി പി1, പെപ്‌സി പി1 എസ് എന്നീ മോഡലുകളിലൂടെയാണ് കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി ചൈനയിലാണ് ഫോണുകള്‍ ലോഞ്ചു ചെയ്തിരിക്കുന്നത്.
ഒരേ സവിശേഷതകളുമായാണ് പെപ്‌സിയുടെ ഇരു ഫോണുകളുമെത്തുന്നത്. പി1 എസ് മോഡലില്‍ 4ജി കണക്ടിവിറ്റിയ്ക്കായുള്ള FFD-LTE സവിശേഷത അധികമായുണ്ടെന്നു മാത്രം. പെപ്‌സി ബ്രാന്‍ഡ്‌നാമത്തോടെയാണ് ഫോണ്‍ എത്തുന്നതെങ്കിലും ചൈനയിലെ സ്‌കൂബി കമ്മ്യൂണിക്കേഷന്‍സാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
മികച്ച സവിശേഷതകളാണ് പെപ്‌സി തങ്ങളുടെ ആദ്യ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 1080X1920 പിക്‌സല്‍ റിസൊല്യൂഷനിലുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് പെപ്‌സി ഫോണ്‍ എത്തുന്നത്. 1.7 ജിഗാഹെര്‍ട്‌സ് ഒക്ടാ-കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 2 ജിബി റാം ആണ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം.
Pepsi P1
16 ജിബി ആന്തരിക മെമ്മറിയും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്ന 64 ജിബി ബാഹ്യ മെമ്മറിയുമുള്ള പെപ്‌സി പി1-ല്‍ ഇരട്ട സിം ഉപയോഗിക്കാനുമാകും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. ക്യാമറയിലും കാര്യമായ ശ്രദ്ധ ചെലുത്തിയാണ് പെപ്‌സി ഫോണ്‍ എത്തുന്നത്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് പി1-ന്റെ മറ്റൊരാകര്‍ഷണം. ഫോണിന്റെ പിന്നിപിന്നില്‍ ക്യാമറയ്ക്ക് താഴെയായാണ് സെന്‍സര്‍ പാഡ് നല്‍കിയിട്ടുള്ളത്.
വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, 3ജി, 4ജി തുടങ്ങിയ സവിശേഷതകളെല്ലാം നിര്‍മാതാക്കള്‍ പെപ്‌സി ഫോണില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മെറ്റാലിക് ബോഡിയില്‍ എത്തുന്ന ഫോണിന് 158 ഗ്രാം ഭാരമാണുള്ളത്. 699 ചൈനീസ് യുവാന് (ഏകദേശം 7300 രൂപ) ജെഡി.കോം എന്ന സൈറ്റ് വഴിയാണ് നിലവില്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആദ്യ 1000 ഉപഭോക്താക്കള്‍ക്ക് 499 യുവാന്‍ (5200 രൂപ) എന്ന ഓഫര്‍ പ്രൈസിലാണ് ഫോണ്‍ ലഭ്യമാക്കിയത്.
സൈറ്റ് വഴിയുള്ള വില്‍പനയിലൂടെ ധനസമാഹരണം നടത്തിയ ശേഷം ഫോണ്‍ റീട്ടെയില്‍ വിപണിയില്‍ എത്തിക്കാനാണ് പെപ്‌സി കമ്പനി ഉദ്ദേശിക്കുന്നത്. ഏകദേശം 30 ലക്ഷം യുവാനാണ് (3.11 കോടി രൂപ) ക്രൗഡ് ഫണ്ടിങ് വഴി പെപ്‌സി ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്ന ധനസമാഹരണം പൂര്‍ത്തിയായാല്‍ ഡിസംബര്‍ ആദ്യവാരം തന്നെ ഫോണ്‍ വിപണിയിലെത്തും.