പ്രമേഹം നിയന്ത്രിക്കാം ജീവിതം മധുരിക്കട്ടെ
നാല്പതിനും അമ്പെത്താമ്പത് വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് പ്രമേഹം അധികമായി കാണുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ അമ്പത് ശതമാനത്തോളം വർദ്ധനയും കണക്കാക്കുന്നു.
ഇത്തരത്തിൽ, ആരോഗ്യ ഘടനയെ തന്നെ കാര്യമായി ബാധിക്കാൻ സാധ്യതയുള്ള പ്രമേഹത്തെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നല്‍കാനും പ്രമേഹത്തെ തടയാനുമുള്ള മുൻകരുതലുകൾ എടുക്കാനുമാണ് നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്.
പ്രമേഹത്തിന്റെ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ‘ഇൻസുലിൻ’ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിങ്ങിന്റെ പിറന്നാളാണ് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. ‘ആരോഗ്യകരമായ ജീവിതവും പ്രമേഹവും’ എന്നതാണ് ഇത്തവണത്തെ പ്രമേഹദിന സന്ദേശം.
ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്പാദന ക്കുറവുകൊണ്ടോ അല്ലെങ്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായിവരുന്നു. ജീവിതശൈലിയിൽ വന്ന മാറ്റവും തിരക്കുപിടിച്ച ജീവിതവും പ്രമേഹത്തിന് കാരണമാകുന്നുണ്ട്.
ആരോഗ്യകരമായ ജീവിതത്തിന് പ്രഭാത ഭക്ഷണം അത്യന്താപേക്ഷികമാണ്. ആരോഗ്യകരമായ പ്രഭാത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ അളവിൽ നില്കാൻ സഹായിക്കും.
പ്രമേഹത്തെ പല തലങ്ങളിലായാണ് വിഭജിക്കുന്നത്. ശരീരത്തിൽ ഇൻസുലിൻ ഉണ്ടാക്കുന്ന, പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ നശിച്ചുപോകുന്നതുകൊണ്ടാണ് ‘ടൈപ്പ് 1’ പ്രമേഹം ഉണ്ടാകുന്നത്. ഇങ്ങനെ ബീറ്റാ കോശങ്ങൾ നശിച്ചുപോകുമ്പോൾ ഇൻസുലിൻ ഉണ്ടാക്കാനുള്ള കഴിവ് വളരെ കുറഞ്ഞുപോകും. ഉദ്ദേശം 20 തൊട്ട് 25 ശതമാനമായി ഇൻസുലിന്റെ അളവ് കുറയുമ്പോൾ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പാൻക്രിയാസ് ഗ്രന്ഥിയിൽ ഓട്ടോ ഇമ്യൂൺ ഡിസ്ട്രക്ഷൻ ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള ഒരുതരം കോശങ്ങൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ, ചെറുപ്പകാലത്തുവരുന്ന ചില വൈറസ് അണുബാധയും ചിലപ്പോൾ ഇങ്ങനെയുള്ള കേട് വരുത്തും. ഇങ്ങനെ ശരീരത്തിലെ ഇൻസുലിന്റെ അളവ് വളരെ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെയാണ് ടൈപ്പ് 1 പ്രമേഹം എന്നു പറയുന്നത്.
ഇത് സാധാരണയായി കുട്ടികളിലും 20 വയസ്സിന് താഴെയുള്ളവരിലും ആണ് വരുന്നത്. ഇവർക്ക് ദാഹവും ക്ഷമീണവും അനുഭവപ്പെടുകയും ചികിത്സ ഉടനെ തുടങ്ങിയില്ലെങ്കിൽ, രക്തത്തിലും മൂത്രത്തിലും ‘അസെറ്റോൺ’ എന്ന ലവണം വരികയും ചെയ്യും. ഇതിനെ ‘ഡയബറ്റിക് കീറ്റോ അസിഡോസിസ്’ എന്ന് പറയും.
ടൈപ്പ് 1 പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഇൻസുലിൻ കുത്തിവയ്പ് അത്യാവശ്യമാണ്. ഇവർക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെയ്പ് വേണ്ടിവരും. ഇവർ സാധാരണയായി മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവരാണ്. ഇത് പാരമ്പര്യമായി വരുന്ന രോഗമല്ല.
‘ടൈപ്പ് 2’ പ്രമേഹമാണ് സാധാരണയായി നമ്മുടെ ആളുകളിൽ കാണുന്നത്. പ്രമേഹം ഉള്ളവരിൽ 90 ശതമാനം വരെ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. ഇത് സാധാരണയായി 30 വയസ്സിന് മുകളിൽ ഉള്ളവരിലാണ് കാണുന്നത്. എന്നാൽ, ഈയിടെ ഇത് കുട്ടികളിലും കണ്ടുതുടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ നല്ലവണ്ണം പ്രവർത്തിക്കാത്തതു കൊണ്ടാണ് ഇതുണ്ടാകുന്നത്. ‘ഇൻസുലിൻ പ്രവർത്തനം കുറയ്ക്കൽ’ എന്നാണ് ഇത് അറിയപ്പെടുന്നത്.
കൂടാതെ, ഇവരുടെ ഇൻസുലിൻ ഉണ്ടാക്കാനുള്ള കഴിവ് കാലക്രമേണ കുറഞ്ഞുവരികയും രോഗലക്ഷണങ്ങൾ പതുക്കെ വരികയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കുന്നത്, ഇൻസുലിൻ നല്ലവണ്ണം പ്രവർത്തിക്കാത്തതുകൊണ്ടും ഇൻസുലിൻ ആവശ്യത്തിന് ഉണ്ടാകാത്തതുകൊണ്ടുമാണ്. അതുകൊണ്ട്, ഈ രണ്ട് കാരണങ്ങൾക്കും ചികിത്സിക്കണം. ടൈപ്പ് 2 പ്രമേഹം സാധാരണയായി പാരമ്പര്യമായി വരുന്നതാണ്.
‘ടൈപ്പ് 3’ പ്രമേഹം -ടൈപ്പ് ഒന്നും രണ്ടും പ്രമേഹം കൂടാതെ വളരെ ഒരു ചെറിയ ശതമാനം പ്രമേഹം ഉണ്ടാകുന്നത് മറ്റുപല ഹോർമോണുകളുടെ ഉത്പാദനം കൂടിയതുകൊണ്ടോ, ദുരുപയോഗംകൊണ്ടോ ആയിരിക്കും. ഇവയെല്ലാം കൂടി ഒരുമിച്ച് ടൈപ്പ് 3 കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനം പാൻക്രിയാസ് ഗ്രന്ഥിക്ക് വരുന്ന കേടുകൾകൊണ്ടുള്ള ‘കോർട്ടിസോൺ’ മുതലായ ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുന്നതുകൊണ്ടോ, അമിതമായി മറ്റു രോഗചികിത്സയ്ക്ക് മരുന്നു കഴിക്കുന്നതുകൊണ്ടോ ആയിരിക്കും.
പാൻക്രിയാസ് ഗ്രന്ഥിക്ക് വരുന്ന ‘ക്രോണിക് പാൻക്രിയാറ്റിറ്റിസ്’ എന്ന രോഗം കാലക്രമേണ പാൻക്രിയാസ് ഗ്രന്ഥിക്ക് കേടുവരുത്തുകയും അതിലെ ബീറ്റാ സെല്ലിന്റെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യും. ഇങ്ങനെ വരുന്ന പ്രമേഹത്തെ ‘പാൻക്രിയാറ്റിക് ഡയബറ്റിസ്’ എന്ന് പറയും. ഇങ്ങനെയുള്ള രോഗികൾക്ക് ചിലപ്പോൾ പാൻക്രിയാസിൽ കല്ലുകൾ വരികയും അമിതമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ പാൻക്രിയാസിൽ കേടുവന്ന്, കല്ലുകൾ ഉണ്ടായി, പിന്നെ പ്രമേഹം വരുന്ന അസുഖമാണിത്.
മറ്റു ചികിത്സകൾക്ക് ഉപയോഗിക്കുന്ന പല മരുന്നുകൾകൊണ്ടും പ്രമേഹരോഗം വരാൻ സാധ്യതയുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായ മരുന്ന് കോർട്ടിസോൺ ആണ്. ഈ മരുന്ന് ആസ്ത്മാരോഗികളും വാതരോഗികളും ത്വക്ക് രോഗികളും കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വരാൻ സാധ്യതയുണ്ട്. കൂടാതെ, ഡൈയുറിറ്റിക് ഉപയോഗം കൊണ്ടും പലതരം മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾകൊണ്ടും പ്രമേഹരോഗം വരാൻ സാധ്യതയുണ്ട്. ഈ മരുന്നുകൾ ആവശ്യത്തിനു മാത്രം ഡോക്ടറുടെ മേൽനോട്ടത്തിൽ ഉപയോഗിച്ചാൽ പ്രമേഹം വരുന്നത് കുറയ്ക്കാം.
‘ടൈപ്പ് 4’ -ഗർഭകാലത്ത് മാത്രം കാണുന്ന ജെസ്റ്റേഷണൽ പ്രമേഹമാണിത്. ഈ പ്രമേഹം പ്രസവകാലത്ത് ആദ്യമായി കാണുകയും പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം പൂർണമായും മാറുകയും ചെയ്യുന്നതാണ്.
പക്ഷേ, ഇങ്ങനെ ഗർഭകാലത്ത് മാത്രം വരുന്ന പ്രമേഹ രോഗികളിൽ പലരും ഭാവിയിൽ ടൈപ്പ് 2 പ്രമേഹം ഉള്ളവരായി കാണുന്നു. അതുകൊണ്ട് ഗർഭകാലത്ത് പ്രമേഹം ഉള്ളവർ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനുള്ള മുൻകരുതലുകൾ ജീവിതശൈലിയിൽ വരുത്തേണ്ടതാണ്. ഗർഭകാലത്ത് വരുന്ന പ്രമേഹം ആഹാരവും വ്യായാമവുംകൊണ്ട് നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ, ഇൻസുലിൻ ഉപയോഗിക്കേണ്ടിവരും.
ഓരോ പ്രമേഹത്തിനും ലക്ഷണങ്ങൾ വ്യത്യസ്തമാണ്. പ്രമേഹം ഏതു ടൈപ്പാണ് എന്നതിനനുസരിച്ചാണ് ലക്ഷണങ്ങളും: ടൈപ്പ് 1 പ്രമേഹ രോഗികൾക്കാണ് ഏറ്റവും കൂടുതൽ ലക്ഷണങ്ങൾ. കുട്ടികൾക്ക് അമിതമായ ദാഹം, ക്ഷീണം, കൂടുതൽ മൂത്രം ഒഴിക്കൽ എന്നിവയുണ്ടാകും. ശരീരം മോശമാകുകയും തൂക്കം കുറയുകയും ചെയ്യും. ആഹാരം നല്ലവണ്ണം കഴിച്ചിട്ടും ശരീരം മെലിയുകയാണെങ്കിൽ പരിശോധന നടത്തണം.
ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ കാണില്ല. ചെറിയ ക്ഷീണം, ശരീരത്തിലെ അണുബാധ, പ്രത്യേകിച്ചും ലൈംഗിക ഭാഗത്തുള്ള ഫംഗസ്ബാധ എന്നിവ ഉള്ളപ്പോൾ പ്രമേഹം കണ്ടുപിടിക്കാനുള്ള രക്തം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
മിക്ക ടൈപ്പ് 2 പ്രമേഹരോഗികൾക്കും കാര്യമായ, രോഗലക്ഷണങ്ങൾ കാണില്ല, ഒരു മെഡിക്കൽ ചെക്കപ്പിന് പോകുമ്പോഴാണ് കണ്ടുപിടിക്കുന്നത്.
രോഗനിർണയം
രക്തപരിശോധന: രക്തത്തിലെ പഞ്ചസാരയുടെ അളവ്, ആഹാരത്തിന് മുമ്പും ആഹാരത്തിന് ശേഷം അര മുതൽ രണ്ട് മണിക്കൂർ കഴിഞ്ഞും പരിശോധിക്കണം. സാധാരണ രക്തത്തിലെ പഞ്ചസാര ഭക്ഷണത്തിന് മുമ്പ് 110 മില്ലിഗ്രാമും ഭക്ഷണത്തിന് ശേഷം 140 മില്ലിഗ്രാമിൽ താഴെയും ആയിരിക്കും.
ഇവ ഈ സംഖ്യകളേക്കാൾ കൂടുതലാണെങ്കിൽ പരിശോധന ആവർത്തിക്കണം. ആദ്യത്തേത് 126 നും രണ്ടാമത്തേത് 200നും മുകളിലും ആണെങ്കിൽ പ്രമേഹം ഉണ്ടെന്ന് തീരുമാനിക്കാം. കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള അവസ്ഥ കാണിക്കുന്ന പരിശോധനയാണ് എച്ച്.ബി.എ.ഐ.സി. (HbAIC).
നിത്യേനയുള്ള വ്യായാമം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമം ചെയ്യുമ്പോൾ അധിക ഊർജത്തിനായി രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടുന്നു. പ്രമേഹ രോഗികൾ ദിവസേന 20 മുതൽ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെയ്ക്കണം.
ശരീരം അനങ്ങാതെയുള്ള ജോലിയും അസമയത്തുള്ള ഭക്ഷണ രീതിയും മാനസിക പിരിമുറുക്കങ്ങളും നിയന്ത്രണം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. മരുന്ന് കഴിക്കുന്ന പ്രമേഹ ബാധിതരും ഭക്ഷണ നിയന്ത്രണവും വ്യായാമവും തുടരേണ്ടതാണ്.
കടപ്പാട്:
ഡോ. വിപിൻ വി.പി.
സീനിയർ എൻഡോക്രൈനോളജിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി
പ്രമേഹചികിത്സ എപ്പോള്‍ തുടങ്ങണം?
എന്നാല്‍, ഈ അപകടത്തെക്കാളും ഗുരുതരമായ വിപത്തുകളാണ് പ്രമേഹം വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ഇന്ന് ആഗോളതലത്തില്‍ പ്രമേഹം അറിയപ്പെടുന്നതു തന്നെ, ശരീരത്തിലെ സുപ്രധാന അവയവങ്ങളെയെല്ലാം തകരാറിലാക്കാന്‍ കഴിയുന്ന, ആരോഗ്യമുള്ള ഒരു മനുഷ്യനെ പൂര്‍ണമായും അവശനാക്കാന്‍ കഴിയുന്ന, ചികിത്സയ്ക്ക് ഏറ്റവും ചെലവേറിയ ഒരു രോഗമായിട്ടാണ്.
പ്രമേഹം 'നിശ്ശബ്ദ കൊലയാളി' എന്നൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും ചികിത്സ എപ്പോള്‍ തുടങ്ങണമെന്ന കാര്യത്തില്‍ ഒരു സംശയം രോഗികള്‍ക്ക് മാത്രമല്ല, ചികിത്സകര്‍ക്കും ഉണ്ട് എന്നതാണ് സത്യം. പ്രമേഹ ലക്ഷണങ്ങളായ ശരീരഭാരം കുറയുക, കലശലായ ക്ഷീണം, വിശപ്പ്, ദാഹം, എപ്പോഴും മൂത്രം ഒഴിക്കണമെന്നു തോന്നുക എന്നിവയെല്ലാം അനുഭവപ്പെടുന്നത് ടൈപ്പ്-2 പ്രമേഹം വന്നെത്തി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്.
സ്വാഭാവികമായും വേദനയോ ക്ഷീണമോ കാഴ്ചക്കുറവോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കുന്നതു കൊണ്ട്, പലരും ആദ്യത്തെ 5-8 വര്‍ഷം ചികിത്സിക്കാതിരിക്കുകയോ ചികിത്സയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയോ ചെയ്യും. ഇതു തന്നെയാണ് ഭാവിയിലെ ഗുരുതര വിപത്തുകള്‍ക്കും 20 മടങ്ങോളം വര്‍ദ്ധിക്കുന്ന ചികിത്സാ ചെലവിനും കാരണമാവുന്നത്.
പ്രമേഹചികിത്സ എന്നാല്‍ ഗുളികകളും ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ മാത്രമല്ല. പ്രമേഹചികിത്സയ്ക്ക് പ്രധാനമായും താഴെ പറയുന്ന ലക്ഷ്യങ്ങളാണുള്ളത്.
1. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. 2. രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 3. രക്തത്തിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 4. രക്തസമ്മര്‍ദം അല്പമെങ്കിലും കൂടുതലുണ്ട് എങ്കില്‍ അതും നിയന്ത്രണവിധേയമാക്കണം.
മേല്‍പ്പറഞ്ഞ നാല് രോഗാവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ചികിത്സിക്കാന്‍ വിട്ടുപോകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുകയാെണങ്കില്‍ പ്രമേഹചികിത്സ ഭാവിയില്‍ പരാജയപ്പെടും എന്ന് ഏകദേശം ഉറപ്പാക്കാം.
മറ്റൊരര്‍ഥത്തില്‍ രക്തത്തിലെ പഞ്ചസാര കൂടുതലാെണന്ന് കണ്ടെത്തി പ്രമേഹചികിത്സ തുടങ്ങുമ്പോള്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒപ്പമുണ്ടെങ്കില്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക തന്നെ വേണം.
വെറുംവയറ്റില്‍ ഷുഗര്‍ 126-ല്‍ കൂടുതല്‍ ആകുമ്പോഴാണ് പ്രമേഹം ആണെന്ന് ഉറപ്പിക്കുന്നത്. അല്ലെങ്കില്‍ റാന്‍ഡം ബ്ലഡ് ഷുഗര്‍ 200-ല്‍ കൂടുതലോ എച്ച്.ബി. എ വണ്‍ സി-6.5 ശതമാനമോ ആവണം. ഈ മൂന്ന് അവസ്ഥകളിലും പ്രമേഹചികിത്സ തീവ്രമായിത്തന്നെ തുടങ്ങണം. വെറുംവയറ്റില്‍ ഷുഗര്‍ 100 ആണെങ്കില്‍ അത് പ്രമേഹത്തിന്റെ പ്രാരംഭ അവസ്ഥയാണ്. ഈ ഘട്ടത്തിലും ചികിത്സ തുടങ്ങണം.
പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ നിത്യേന 30 മിനിറ്റ് വ്യായാമമാണ്. അതോടൊപ്പം ഭക്ഷണത്തിലെ മധുരവും കൊഴുപ്പും നന്നേ ഒഴിവാക്കാനും ശ്രമിക്കണം. എന്നാല്‍ വ്യായാമം ചികിത്സയുടെ ഭാഗമാക്കുന്നത് 30 വയസ്സിനു ശേഷം ആദ്യമായാണെങ്കില്‍, വിശദമായ വൈദ്യപരിശോധനകള്‍ക്കു ശേഷമായിരിക്കണം അത്. കാരണം, നമ്മളറിയാതെ രക്തസമ്മര്‍ദമോ കൊഴുപ്പോ കൂടുതലാണ് എങ്കില്‍ അവ ചികിത്സിച്ചിട്ടോ, ചികിത്സയോടൊപ്പമോ വേണംവ്യായാമം നടത്താന്‍. അല്ലെങ്കില്‍ രോഗി വ്യായാമം ചെയ്യുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പും രക്തക്കുഴലുകളിലെ രോഗങ്ങള്‍ക്കു കാരണമാകാം.
പ്രമേഹ പ്രാരംഭാവസ്ഥയിലുള്ള പല രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയ്ക്കു പലപ്പോഴും മരുന്ന് വേണ്ടിവരുന്നില്ല. മറിച്ച്, പ്രമേഹം വരാനും അതു കൂട്ടാനും സാധ്യതയുള്ള മറ്റേതെങ്കിലും രോഗമുെണ്ടങ്കില്‍ (പ്രധാനമായും രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ കൂടുതലാണെങ്കില്‍, രക്തസമ്മര്‍ദം 140/90 ൗൗ/ഃഷ-യില്‍ കൂടുതലാണെങ്കില്‍) ഇവയ്ക്കൊക്കെ ഫലപ്രദമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്. പ്രമേഹ ചികിത്സ തുടങ്ങുമ്പോള്‍ മരുന്നുകള്‍ എന്താകണം എന്നു തീരുമാനിക്കേണ്ടത് പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും ഡയറ്റീഷ്യനും ഡയബറ്റിസ് നഴ്സ് എഡ്യൂക്കേറ്ററും ഒക്കെ അടങ്ങുന്ന ഒരു ടീം ആണ്.
ഈ വിദഗ്ധ സംഘത്തിനു മാത്രമേ പ്രമേഹചികിത്സ തുടങ്ങുമ്പോള്‍ വ്യായാമവും ഭക്ഷണശൈലിയിലുള്ള മാറ്റങ്ങളും മാത്രം മതിയോ, ഔഷധങ്ങള്‍ ഒപ്പം വേണമോ എന്നു തീരുമാനിക്കാന്‍ ശാസ്ത്രീയമായി കഴിയൂ. നിരവധി ലബോറട്ടറി പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചികിത്സയുടെ പ്രാരംഭത്തില്‍ മെറ്റ്ഫോര്‍മിന്‍ എന്ന ഗുളിക മാത്രം മതിയോ അതോ അതോടൊപ്പം മറ്റേതെങ്കിലും ഔഷധങ്ങള്‍ വേണമോ, അല്ല പ്രാരംഭത്തില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ തുടങ്ങണമോ എന്നൊക്കെ തീരുമാനിക്കുന്നത്.
പ്രമേഹചികിത്സ തുടങ്ങിയാല്‍ അതു നിര്‍ത്താന്‍ കഴിയുമോ? ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ തുടങ്ങിയാല്‍ അത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരില്ലേ? ഇതെല്ലാം വെറും അബദ്ധധാരണകള്‍ മാത്രമാണ്. വേണ്ട സമയത്ത് വേണ്ട വിധത്തിലാണ് ചികിത്സ തുടങ്ങുന്നത് എങ്കില്‍ ചികിത്സ നിര്‍ത്താന്‍ കഴിയും. മരുന്നുകള്‍ ഇല്ലാതെ തന്നെ തുടരാന്‍ കഴിയും. എന്നാല്‍, പ്രമേഹം ഉെണ്ടന്നറിയാതെ പോകുകയോ ഉണ്ട് എന്നറിഞ്ഞിട്ട് അത് അവഗണിക്കുകയോ ചെയ്യുകയാണെങ്കില്‍ ചികിത്സ വൈകി എന്നാണര്‍ഥം. അങ്ങനെ വളരെ വൈകിയാണ് ഇന്‍സുലിനോ ഗുളികകളോ തുടങ്ങുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് ഉപയോഗിക്കേണ്ടി വരും. അല്ലെങ്കില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകളാണെങ്കില്‍ പോലും മൂന്നോ നാലോ മാസങ്ങള്‍ക്കു ശേഷം പൂര്‍ണമായി നിര്‍ത്താന്‍ കഴിയും.
പ്രമേഹത്തിന് ചില പ്രത്യേകതകളുണ്ട്. ഓരോ 10 സെക്കന്റിലും ഒരാള്‍വീതം മരിക്കുന്നു. രണ്ടുപേര്‍ക്കു വീതം പ്രമേഹം കണ്ടെത്തുന്നു. പ്രമേഹമാണ് ഇന്ന് വൃക്കസ്തംഭനത്തിനും ഡയാലിസിസിനും പ്രധാന ഹേതു. അന്ധതയ്ക്ക് ഒന്നാമത്തെ കാരണവും പ്രമേഹം തന്നെ. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.
ഹൃദ്രോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ 80 ശതമാനത്തിലേറെ പ്രമേഹരോഗികളാണ്. പ്രമേഹത്തെ വെറും പഞ്ചസാരയുടെ രോഗമായി മാത്രം കണ്ട് ചികിത്സിക്കുകയാണെങ്കില്‍ ഇപ്പറഞ്ഞ നഷ്ടങ്ങളൊന്നും തടയാന്‍ കഴിയില്ല. അതിനാല്‍ പ്രമേഹത്തിനെതിരെയുള്ള യുദ്ധം വൈകിപ്പിക്കരുത്. രക്തത്തില്‍ പഞ്ചസാര കൂടുതലാണെന്നറിഞ്ഞ ശേഷവും ജീവിതശൈലീ മാറ്റങ്ങളോ ഔഷധങ്ങളോ സ്വീകരിക്കാതെ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്നത് വീടിനുള്ളില്‍ ഒരു ടൈംബോംബ് ഉണ്ടെന്നറിഞ്ഞ ശേഷവും സുഖമായി ഉറങ്ങുന്നതിനു തുല്യമാണ്
പ്രമേഹത്തെ നേരിടാന്‍ 10 തീരുമാനങ്ങള്‍ നമുക്കെടുക്കാം.
1.മുടങ്ങാതെയുള്ള രക്ത പരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ അളവ് കൂടുതലായാലും നന്നേ കുറവായാലും അപകടകരമാണ്. ഭക്ഷണത്തിന് മുന്‍പുള്ള ഗ്ലൂക്കോസ്നില 80ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെവരെ ബാധിക്കും. തീരേ ഊര്‍ജമില്ലാതെ തോന്നുക, കൈകാലുകളുടെ പേശികള്‍ക്ക് തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നീണ്ടുനിന്നാല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും.
ഇത്തരം പ്രശ്നങ്ങളിലേക്ക് രോഗാവസ്ഥ പോകുന്നുണ്ടോ എന്നറിയാന്‍ ഭക്ഷണത്തിന് മുന്‍പും കഴിച്ചതിന് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് 140വരെയാണ് സുരക്ഷിതം.
2. ഹീമോഗ്ലോബിന്‍ പരിശോധന
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്‍ അളവ്(ഒയഅ1ര) പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായിപ്പോഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് 7ല്‍ കുറഞ്ഞിരിക്കണം.
3. പതിവായും സമയത്തിനും മരുന്ന്
കൃത്യസമയത്ത് മറക്കാതെ മരുന്നുകഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഗുണകരമല്ല. പ്രത്യേക എന്‍സൈമുകളുമായി പ്രത്യേക സമയത്ത് പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. ഇവ സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
4.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക
പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസിയവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും(ലെൃൗാ മഹയൗാശി, രൃലമശേിശില ലേേെ) നടത്താവുന്നതാണ്.
5. കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളി(ഘഉഘ)ന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പോം വഴി. പകരം മത്സ്യം, തവിടോടുകൂടിയ ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.
6.ശരിയായ ക്രമത്തിലുള്ള ഭക്ഷണം
ഒറ്റയടിക്ക് കുറേയധികം ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അശാസ്യമല്ല. മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിനിടയില്‍ രണ്ട്മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, മുത്താറി, ഗോതമ്പ് ഇവയാകാം. ദിവസം 25ഗ്രാം നാര് എങ്കിലും ഭക്ഷണത്തിലൂടെ ഉള്ളിലെത്തണം. തോലുരിച്ച കോഴിയിറച്ചി, ചെറു മീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല് ഇവ കഴിക്കണം. ഇലക്കറികള്‍ ധാരാളമായി കഴിക്കാം, പഴവര്‍ഗങ്ങള്‍ രണ്ടെണ്ണത്തിലധികമാകരുത്.
7. വ്യായാമം
പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്നായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും.
8.ഭാരം കുറയ്ക്കുക
ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്സാണ് ആരോഗ്യകരമായ ഭാരം കണ്ടെത്താനുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം(സ്ക്വയര്‍ ) കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂടാനോ പാടില്ല. പ്രമേഹം വരുന്നതിനുമുന്പുള്ള ശരീരഭാരത്തിന്റെ 10ശതമാനമെങ്കിലും കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
9.പാദങ്ങളുടെ സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് കാലിന് വൃണമുണ്ടായാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകും. ഇത് കാല് മുറിച്ചുകളയുന്ന അവസ്ഥയിലേക്കുവരെ എത്താം. പ്രമേഹം വര്‍ധിച്ച് നാഡികളുടെ സംവേദനം കുറയുന്ന അവസ്ഥയില്‍ കാലിലെ മുറിവോ വേദനയോ അറിയാതെ പോകുന്നതും സാധാരണമാണ്. ഇക്കാരണത്താല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗിക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പ്രധാനമാണ്.
10. പുകവലി ഒഴിവാക്കുക
പുകവലി ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ സ്വതവേ ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍ക്ക് ഈ ദുശ്ശീലം അപകടകരമാണ്. പുകവലി ശീലമുള്ളവര്‍ ക്രമേണ ഇത് കുറച്ച് പൂര്‍ണമായി നിര്‍ത്തണം.
1.മുടങ്ങാതെയുള്ള രക്ത പരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ അളവ് കൂടുതലായാലും നന്നേ കുറവായാലും അപകടകരമാണ്. ഭക്ഷണത്തിന് മുന്‍പുള്ള ഗ്ലൂക്കോസ്നില 80ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെവരെ ബാധിക്കും. തീരേ ഊര്‍ജമില്ലാതെ തോന്നുക, കൈകാലുകളുടെ പേശികള്‍ക്ക് തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നീണ്ടുനിന്നാല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും.
ഇത്തരം പ്രശ്നങ്ങളിലേക്ക് രോഗാവസ്ഥ പോകുന്നുണ്ടോ എന്നറിയാന്‍ ഭക്ഷണത്തിന് മുന്‍പും കഴിച്ചതിന് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് 140വരെയാണ് സുരക്ഷിതം.
2. ഹീമോഗ്ലോബിന്‍ പരിശോധന
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്‍ അളവ്(ഒയഅ1ര) പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായിപ്പോഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് 7ല്‍ കുറഞ്ഞിരിക്കണം.
3. പതിവായും സമയത്തിനും മരുന്ന്
കൃത്യസമയത്ത് മറക്കാതെ മരുന്നുകഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഗുണകരമല്ല. പ്രത്യേക എന്‍സൈമുകളുമായി പ്രത്യേക സമയത്ത് പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. ഇവ സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
4.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക
പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസിയവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും(ലെൃൗാ മഹയൗാശി, രൃലമശേിശില ലേേെ) നടത്താവുന്നതാണ്.
5. കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളി(ഘഉഘ)ന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പോം വഴി. പകരം മത്സ്യം, തവിടോടുകൂടിയ ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.
6.ശരിയായ ക്രമത്തിലുള്ള ഭക്ഷണം
ഒറ്റയടിക്ക് കുറേയധികം ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അശാസ്യമല്ല. മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിനിടയില്‍ രണ്ട്മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, മുത്താറി, ഗോതമ്പ് ഇവയാകാം. ദിവസം 25ഗ്രാം നാര് എങ്കിലും ഭക്ഷണത്തിലൂടെ ഉള്ളിലെത്തണം. തോലുരിച്ച കോഴിയിറച്ചി, ചെറു മീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല് ഇവ കഴിക്കണം. ഇലക്കറികള്‍ ധാരാളമായി കഴിക്കാം, പഴവര്‍ഗങ്ങള്‍ രണ്ടെണ്ണത്തിലധികമാകരുത്.
7. വ്യായാമം
പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്നായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും.
8.ഭാരം കുറയ്ക്കുക
ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്സാണ് ആരോഗ്യകരമായ ഭാരം കണ്ടെത്താനുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം(സ്ക്വയര്‍ ) കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂടാനോ പാടില്ല. പ്രമേഹം വരുന്നതിനുമുന്പുള്ള ശരീരഭാരത്തിന്റെ 10ശതമാനമെങ്കിലും കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
9.പാദങ്ങളുടെ സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് കാലിന് വൃണമുണ്ടായാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകും. ഇത് കാല് മുറിച്ചുകളയുന്ന അവസ്ഥയിലേക്കുവരെ എത്താം. പ്രമേഹം വര്‍ധിച്ച് നാഡികളുടെ സംവേദനം കുറയുന്ന അവസ്ഥയില്‍ കാലിലെ മുറിവോ വേദനയോ അറിയാതെ പോകുന്നതും സാധാരണമാണ്. ഇക്കാരണത്താല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗിക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പ്രധാനമാണ്.
10. പുകവലി ഒഴിവാക്കുക
പുകവലി ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ സ്വതവേ ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍ക്ക് ഈ ദുശ്ശീലം അപകടകരമാണ്. പുകവലി ശീലമുള്ളവര്‍ ക്രമേണ ഇത് കുറച്ച് പൂര്‍ണമായി നിര്‍ത്തണം.
ചികില്‍സാ രീതികള്‍
ആയൂര്‍വേദം
പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജൈവ രാസായനിക ഘടനയില്‍ ഉള്ള വ്യത്യസ്തത കാരണം ഔഷധങ്ങളുടെ ശരീരകോശങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു വ്യക്തിക്ക് അനുകൂല ഫലം ചെയ്യുന്നവ മറ്റൊരാളില്‍ വ്യത്യസ്തമോ വിപരീതഫലമോ ഉണ്ടാക്കാം. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രമേഹചികിത്സയില്‍ ഉപയോഗിക്കാവുന്ന ഔഷധങ്ങളെ വ്യത്യസ്തമായി പറയുന്നുണ്ട്. എങ്കില്‍ വാതപിത്ത കഫ ഭേദേന വേര്‍തിരിച്ച് ഓരോ വ്യക്തിക്കും അവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ നല്‍കണമെന്നാണ് ശാസ്ത്രനിയമം.
ഔഷധങ്ങള്‍
മൂത്രാധിക്യം പ്രധാന ലക്ഷണമാകുമ്പോള്‍-ഞ്ഞാവല്‍ത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര്, ഇവ കൊണ്ടുള്ള കഷായം.
മൂത്രത്തിന് കലക്കം കൂടുമ്പോള്‍
പതിമുകം, ചെങ്ങഴിനീര്‍കിഴങ്ങ്, താമരവളയം, ഞാവല്‍പൂ, ഇലിപ്പിക്കാതല്‍ താതിരിപ്പൂ ഇവ കൊണ്ടുള്ള കഷായം.
തേറ്റാമ്പരല്‍ കഷായം.
മൂത്രത്തിന്റെ പുകച്ചിലിന്
ശതാവരിപാല്‍കഷായം
നെല്ലിയ്ക്കാനീരും മഞ്ഞള്‍പൊടിയും വാഴപ്പിണ്ടിനീരും ചേര്‍ത്ത്
ചിറ്റമൃതും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
കയ്പക്കനീര്, മഞ്ഞള്‍പൊടി ഇവ ശുദ്ധമായ തേന്‍ അല്പം ചേര്‍ത്ത് വേങ്ങ, കരിങ്ങാലി, കൂവ്വളത്തില പതിമുകം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍.
ദാഹത്തിന്
തേറ്റാമ്പരല്‍ ചൂര്‍ണം കന്മദം ചേര്‍ത്ത് സേവിക്കുക
ത്രിഫലാദിചൂര്‍ണം, കാല്‍ഭാഗം, മഞ്ഞള്‍പൊടി ചേര്‍ത്ത്.
അശ്വഗന്ധചൂര്‍ണം (അമുക്കുരം പാലില്‍ വേവിച്ച് ഉണക്കി പൊടിച്ചത്)
ഇന്‍സുലിന്‍ കുറയ്ക്കാന്‍
ഇന്‍സുലിന്‍ പകരം വെക്കാവുന്ന ഒരു ആയുര്‍വേദമരുന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ ഇന്‍സുലിന്റെ ഉപയോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരാന്‍ ആയുര്‍വേദ ചികിത്സ സഹായിച്ചുകാണുന്നു. ഇതിന് ഔഷധസേവ, ആഹാരക്രമീകരണം, വ്യായാമം അടക്കമുള്ള ചികിത്സ ആവശ്യമാണ്.
ഇന്‍സുലിന്‍ കുത്തിവെപ്പ് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിച്ചുപോരുന്ന രോഗികള്‍ക്ക് മധുരവും കൊഴുപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന (ചൂര്‍ണരൂപത്തില്‍) ച്യവനപ്രാശം, കരിങ്ങാലി കഷായത്തില്‍ ഭാവന ചെയ്ത കന്മദം എന്നീ മരുന്നുകള്‍ ഗുണപ്രദമായി കാണുന്നു.
തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.
ഗുണങ്ങളും ദോഷങ്ങളും
ആയുര്‍വേദ മരുന്നുകള്‍ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ക്രമത്തില്‍ മാത്രമേ കുറച്ചു കൊണ്ടുവരൂ. അതിനാല്‍ പഞ്ചസാരയുടെ അളവ് അത്യധികം വര്‍ധിച്ചു കാണുന്ന അവസ്ഥയിലും; പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറച്ചു കൊണ്ടുവരേണ്ട സന്ദര്‍ഭങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ മാത്രം പര്യാപ്തമാകുന്നില്ല.
പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ രോഗം കാരണം ഉണ്ടാകുന്ന ശരീരകോശങ്ങളുടെ ജീര്‍ണതയെക്കൂടി ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക, യകൃത് എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.
തേന്‍ പ്രമേഹചികിത്സയില്‍
പമേഹ ചികിത്സയില്‍ തേന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഊര്‍ജദായക വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കോശങ്ങളുടെ പോഷണത്തിനും കോശ നിര്‍മിതിക്കും സഹായകമാവുന്ന ഒരു ഔഷധവും ആഹാരവുമാണ് തേന്‍. മാത്രമല്ല ആയുര്‍വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
ഏതൊരു ഔഷധത്തോടാണോ തേന്‍ ചേര്‍ക്കുന്നത് ആ ഔഷധത്തിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ തേന്‍ സഹായിക്കുന്നു.
പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. രോഗാവസ്ഥ അനുവദിക്കുന്നെങ്കില്‍ മാത്രമേ തേന്‍ ഉപയോഗിക്കാവൂ. അതും വൈദ്യനിര്ദേശപ്രകാരമുള്ള അളവിലും രീതിയിലും മാത്രം.
ശോധന ചികിത്സ
ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കും ശോധന ചികിത്സ അനിവാര്യമാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശരീര കോശങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അടിഞ്ഞു കൂടുന്ന വിഷസ്വഭാവമുള്ള മലിനപദാര്‍ത്ഥങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ പുറത്തു കളയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താരതമ്യേന ക്ലേശകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ് ഇത്തരം ചികിത്സ. ജീവിതരീതിയിലും ചികിത്സാമാര്‍ഗങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാരണം ഏറിയ കൂറും ശോധന ചികിത്സയ്ക്ക് പകരം ശമന ചികിത്സ എന്ന കുറുക്കുവഴിയാണ് ആശ്രയിക്കുന്നത്. ചികിത്സയിലെ ഈ വ്യതിയാനം പ്രമേഹരോഗികളുടെ വര്‍ധനവിന് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.
ചികിത്സ തരം തിരിച്ച്
വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രമേഹങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരംതിരിച്ചാണ് ആയുര്‍വേദ ചികിത്സ ഏറ്റവും ശാസ്ത്രീയമായി ചെയ്യേണ്ടത്.
ജനിതക കാരണങ്ങളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
ജീവിതചര്യയുടെ പ്രത്യേകതകളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
തടിച്ച പ്രമേഹ രോഗി
കൃശനായ (ശോഷിച്ച) പ്രമേഹ രോഗി
സത്വബലം ഉള്ള രോഗി
ദുര്‍ബലനായ രോഗി
രോഗം വിവിധ അവയവങ്ങളെ ബാധിച്ച രോഗി
സങ്കീര്‍ണതകള്‍ കുറഞ്ഞ രോഗി
മറ്റ് രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടായ രോഗി
മറ്റ് കാരണങ്ങളില്ലാതെ പ്രമേഹം ഉണ്ടായ രോഗി.
എരിവും പുളിയും വൃക്കകളെ നശിപ്പിക്കും
പ്രമേഹം വൃക്കകളെ ബാധിക്കാനുള്ള സാധ്യതകള്‍ രോഗാരംഭം മുതലേ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡയബറ്റിക്ക് നെഫ്രോപതി കേസുകള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു. വൃക്കകളുടെ തകരാറ് വര്‍ധിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുരം നിഷേധിക്കപ്പെടുമ്പോള്‍ പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ സ്വാദ് നിലനിര്‍ത്താന്‍ ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം രക്തദുഷ്ടി ഉണ്ടാക്കും. അതിനാല്‍ വൃക്കകള്‍ക്ക് ഹാനി ഉണ്ടാകും.
പ്രമേഹരോഗികള്‍ ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കണം. മൈക്രോ ആല്‍ബുമീനൂറിയ നേരത്തേ കണ്ടെത്താനുള്ള ആധുനിക രീതി ഇതിന് അവലംബിക്കാം. രാവിലെ നടക്കുന്നതാണ് നല്ലത്. പ്രഭാതം 'കഫകാലം' ആണ്. ഈ സമയത്തെ വ്യായാമം കഫവും മേദസ്സും കുറയ്ക്കും. പത്മാസനം, വാസനം മുതലായവ ഒരു യോഗാചാര്യന്റെ കീഴില്‍ അഭ്യസിച്ച് ശീലിക്കുക. സുഖാസനത്തില്‍ ഇരുന്നുകൊണ്ടുള്ള ശ്വാസോച്ഛാസ വ്യായാമവും നല്ലതാണ്.
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക
പ്രമേഹം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍
പ്രമേഹ സാധ്യതാ ഘടകങ്ങള്‍
ജനിതകഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ദേഹപ്രകൃതി, പ്രായം, ലിംഗഭേദം, മാനസിക അവസ്ഥകള്‍, രോഗപ്രതിരോധ വ്യവസ്ഥയിലെ മാറ്റങ്ങള്‍, അനഭിലഷണീയമായ ചികിത്സാമുറകള്‍ ആഹാര വിഹാരരീതികള്‍ എന്നിവ ഇതില്‍പ്പെടുന്നു.
ആഹാരരീതി
സമീകൃതമായ ആഹാരമാണ് ആരോഗ്യരക്ഷയ്ക്ക് ആവശ്യം. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ സമീകരിച്ചുള്ള ഉപയോഗമാണ് വേണ്ടത്. മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രമേഹ കാരണമാകുന്നു. ഇതുപോലെത്തന്നെയാണ് ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കുന്ന പദാര്‍ഥങ്ങളുടെയും ശീതപദാര്ഥങ്ങളുടെയും സ്ഥിതി.
മധുരപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗംകൊണ്ട് മാത്രമാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന ധാരണ ശരിയല്ല. മധുരത്തെപ്പോലെ തന്നെ ഉപ്പ്, പുളി എന്നിവയുടെ ഉപയോഗം പ്രമേഹകാരണമാകുന്നു എന്നാണ് പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം.
ഗുരു (ദഹിക്കാന്‍ പ്രയാസമുള്ളത്) സ്നിഗ്ധം (കൊഴുപ്പിനെയും കഫത്തെയും വര്‍ധിപ്പിക്കുന്നത്) ശീതം (തണുത്തതും തണുപ്പുണ്ടാക്കുന്നതും) എന്നീ ഗുണങ്ങളുള്ള ആഹാരങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹകാരണമാകും.
വിളവെടുപ്പ് കഴിഞ്ഞ ഉടന്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങള്‍, പാല്, പാല് ഉത്പന്നങ്ങള്‍, ഐസ്ക്രീം, ചോക്കലേറ്റ്, മത്സ്യമാംസങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതല്‍ ഉപയോഗിക്കരുത്. പോഷണമൂല്യത്തേക്കാള് ഉപരി മറ്റ് ഘടകങ്ങള്‍ക്ക് മൂന്‍തൂക്കം നല്കി തയ്യാറാക്കി വിപണിയില്‍ എത്തുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രശ്നകാരണമാണ്. ഇത്തരത്തിലുള്ള ആഹാരങ്ങള്‍ ശരീരപോഷണത്തിന് ആവശ്യമുള്ള ഘടകങ്ങളേക്കാള്‍ ഉത്പാദിപ്പിക്കുന്നത് ശരീരകോശങ്ങള്‍ക്ക് ഹാനി ഉണ്ടാക്കുന്ന മലിനാംശങ്ങളാണ്. ഇത് പ്രമേഹത്തിന് കാരണമാകും. ക്രമരഹിതമായ ആഹാരരീതിയും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു.
വിഹാരം
അലസജീവിതം, വ്യായാമക്കുറവ് (ഇവിടെ ശാരീരികധ്വാനം കുറയുന്നു, മാനസികാധ്വാനം കൂടുന്നു), അവ്യവസ്ഥിതമായ ദിനചര്യ പ്രത്യേകിച്ച് ഉറക്കം, ക്രമരഹിതമായ ലൈംഗിക ജീവിതം എന്നീ വിഹാരരീതികളും പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
ദേഹപ്രകൃതി
ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് മേദസ്സ് ആവശ്യമായ ഘടകമാണ്. എന്നാല്‍ ഇതിന്റെ അളവിലും ഘടനയിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ രക്തസമ്മര്‍ദ്ദാധിക്യം, ഹൃദ്രോഗം, ധമനിപ്രതിചയം എന്നീ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നു.
പ്രതിരോധത്തിന് പ്രധാന്യം
പ്രമേഹത്തിന്റെ കാര്യത്തില്‍ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നു. എന്നാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. പാരിസ്ഥിക ഘടകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തില്‍ പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതശൈലിയിലെ ക്രമപ്പെടുത്തല്‍ പ്രമേഹനിയന്ത്രണത്തിന് സഹായകമാവും.
പ്രമേഹസാധ്യതയുള്ള കുടുംബങ്ങളില്‍ ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്ത, മൂത്ര പരിശോധനകള്‍ നടത്തണം. അമിതവണ്ണമുള്ളവര്‍, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും വണ്ണം കൂടുതല്‍ ഉള്ളവര്‍ വളരെ ശ്രദ്ധിക്കണം. ഇവര്‍ കൃത്യമായ കാലയളവില്‍ രക്തപരിശോധന നടത്തണം. കൂടെക്കൂടെയുള്ള രോഗാണുബാധ, ഉണങ്ങാത്ത വ്രണം, ക്ഷയം എന്നിവയുള്ളവര്‍ക്ക് പ്രമേഹമുണ്ടോ എന്ന് പരിശോധിക്കണം. രക്തസമ്മര്ദാധിക്യമുള്ളവരും കൊഴുപ്പിന്റെ അളവില്‍ പാകപ്പിഴകള്‍ ഉള്ളവരും ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍, കൂടെക്കൂടെയുള്ള ഗര്‍ഭസ്രാവം ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ എന്നിവരും ശ്രദ്ധിക്കണം. സ്റ്റിറോയ്ഡ് മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുമ്പോള്‍ പ്രമേഹത്തിന് സാധ്യതയുണ്ട്.
ഭക്ഷണനിയന്ത്രണം, വ്യായാമം, സമചിത്തത നിലനിര്‍ത്തല്‍, ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍ എന്നിവയാണ് പ്രമേഹരോഗ പ്രതിരോധത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍. മേദസ്സിനും കഫത്തിനും ഉദ്വര്‍ത്തനം കഫത്തിനെയും മേദസ്സിനെയും കുറയ്ക്കുന്ന ഔഷധങ്ങള്‍ ചൂര്‍ണരൂപത്തില്‍ എണ്ണയിലോ, മറ്റു ദ്രവങ്ങളിലോ ചേര്‍ത്തിയോ അല്ലാതെയോ ദേഹത്ത് തേച്ച് മേല്പ്പോട്ടുതിരുമ്മുന്ന രീതിയാണിത്. അമിതവണ്ണമുള്ള പ്രമേഹരോഗികളുടെ ചികിത്സയില്‍ ഇതിന് പ്രത്യേക പ്രാധാന്യം ഉണ്ട്.
ചില പൂര്‍വ ലക്ഷണങ്ങള്‍
അമിത വിയര്‍പ്പ്
ശരീരത്തിന്റെ അസ്വാഭാവിക ഗന്ധം
ശരീര ദാര്‍ഢ്യം കുറയുക.
തൂക്കം കുറയുക.
ആലസ്യഭാവം.
ശരീരത്തിന് ഭാരം തോന്നുക.
തണുത്ത ആഹാരത്തോട് കൂടുതല്‍ പ്രതിപത്തി.
വായ, തൊണ്ട വരള്‍ച്ച.
വായില്‍ മധുരം കഴിച്ചപോലുള്ള പ്രതീതി
കൈകാലുകള്‍ക്ക് ചുട്ടുപുകച്ചില്‍.
മൂത്രം വിസര്‍ജിച്ച ഭാഗങ്ങളില്‍ ഉറുമ്പുകള്‍ കാണുക.
ക്ഷീണം.
ശ്വാസത്തിന് ഗന്ധവ്യത്യാസം.
കണ്ണുകളില്‍ പീള അടിയുക.
ചെവിയില്‍ ചെപ്പി കൂടുതല്‍ ഉണ്ടാവുക
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക
അടിവെച്ച്.. അടിവെച്ച്.. പ്രമേഹത്തിലേക്ക്
വിശപ്പല്ലാത്ത ഒരു വികാരം മനുഷ്യര്‍ക്കുണ്ടോ ? ഹൈദ്രോസ് സംശയിച്ചു. വയറല്ലാത്ത ഒരു അവയവം മനുഷ്യര്‍ക്കില്ല എന്ന ശാസ്ത്രം അവന് സ്വയം പഠിച്ചു. ഭക്ഷണമല്ലാത്ത ഒരു വസ്തു ലോകത്തില്ലെന്നവന് മനസ്സിലാക്കി. അവന്റെ ജീവിതം വിശപ്പും വയറും ഭക്ഷണവുമായി ഒരു കൊടിയുടെ മൂന്നു നിറങ്ങള്‍ പോലെ അസ്തിത്വം പൂണ്ടുനിന്നു.
സ്മാരകശിലകള്‍ എന്ന പ്രശസ്ത നോവലില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കുറിച്ചിട്ട വരികള്‍. അതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. അതു പറയാം.
കേരളത്തിലെ വര്‍ത്തമാനകാല ജീവിതരീതികള്‍ കാണുമ്പോള്‍ സംശയം-വയറല്ലാത്ത ഒരു അവയവം മലയാളികള്‍ക്കില്ലേ എന്ന്. അവയവങ്ങള്‍ പലതും വേറെയുമുണ്ട്. എന്നാല്‍ ആളുകള്‍ ഏറ്റവും 'സ്നേഹിക്കുന്ന' അവയവം വയറ് തന്നെയാണ്. അത് മിക്കവാറുമാളുകളില്‍ തെളിഞ്ഞു കാണാനുമുണ്ട്. കുടവയറായി. മലയാളികളുടെ അടയാളമായി മാറുകയാണ് കുടവയര്‍ .
വയര്‍ മുന്നില്‍ നടക്കും. ആള് പിറകെ എത്തും. അതൊരു പതിവു കാഴ്ചയായി മാറുന്നു. ചാടിയ വയറുമായി നടക്കുന്നവരില്‍ ആണുങ്ങളുണ്ട്. അതുപോലെ പെണ്ണുങ്ങളുമുണ്ട്. ചെറുപ്പത്തില്‍ തന്നെ ചാടിയ വയറുമായി നടക്കുന്ന ഇത്രയധികം ആളുകള്‍ കേരളത്തില്‍ അല്ലാതെ ലോകത്ത് വേറെ എവിടെയും ഉണ്ടാകാനിടയില്ല.
വയറ് ചാടുക എന്നത് ഒരു സൗന്ദര്യപ്രശ്നമായി കാണുന്നവരുണ്ട്. രൂപഭംഗി നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുന്നവര്‍. എന്നാല്‍ അറിയുക. കാതലായ വിഷയം അതല്ല. കുടവയര്‍ ഒരു സിഗ്നലാണ്. റെഡ് സിഗ്നല്‍. പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പാണത്. ജീവിതരീതികള്‍ ശരിയല്ല, ഭക്ഷണ ശീലങ്ങള്‍ ശരിയല്ല എന്നാണ് ഓരോ കുടവയറും വിളിച്ചു പറയുന്നത്. ശരീരത്തിന്റെ അനുപാതം ആദ്യം തെറ്റുന്നത് വയറിലാണ്. കുടവയര്‍ മാത്രമാവില്ല ഇത്തരമാളുകളുടെ പ്രശ്നം. വണ്ണം കൂടുതലുണ്ടാവും. ഭാരക്കൂടുതലുമുണ്ടാകും. അമിതവണ്ണം, അമിത ഭാരം എന്നീ കാര്യങ്ങളില്‍ കേരളീയര്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുകയാണ്.
എങ്ങനെയാണ് തടി കൂടുന്നത്. വയര്ചാടുന്നത്. അതറിയാന്‍ ഏതെങ്കിലും ഹോട്ടലുകളില്‍ കയറി കുറച്ചു നേരം ചുറ്റിലും കണ്ണോടിച്ചാല്‍ മതി. കാര്യങ്ങള്‍ വ്യക്തമാവും. ആളുകള്‍ക്ക് ഭക്ഷണത്തോട് എന്തൊരു കൊതിയാണ്. ആര്‍ത്തിയാണ്. പലതരം ഭക്ഷണങ്ങള്‍ വാങ്ങിക്കുന്നു. ആസ്വദിച്ച് കഴിക്കുന്നു. മിക്ക ഭക്ഷണവും കൊഴുപ്പും കലോറിയും കൂടിയതാവും. നോണ്‍വെജിനോട് പ്രിയം കൂടുതലാണ്. പ്രത്യേകിച്ചും ഇറച്ചിവിഭവങ്ങളോട്. അതില്‍ വറുത്തത് ഉണ്ടാവും. വരട്ടിയത് ഉണ്ടാവും. പൊരിച്ചതുണ്ടാകും. ഏറെനേരം ഭക്ഷണത്തോട് മല്ലിടുന്നു. കുറെ അകത്താക്കുന്നു. ഭക്ഷണത്തിലൂടെ ഒരു ദിവസം കിട്ടേണ്ട കലോറി ഒരുനേരം കൊണ്ട് അകത്തെത്തുന്ന സ്ഥിതി. ആധുനിക ജീവിതരീതികള്‍ കാണുമ്പോള്‍ തിരിച്ചറിയുന്ന സത്യമുണ്ട്. ഭക്ഷണത്തോടുള്ള നമ്മുടെ സമീപനം മാറി. ഭക്ഷണ സംസ്കാരം തന്നെ മാറി. ഹോട്ടല്‍ നിന്നും ഭക്ഷണം കഴിക്കുന്നതില്‍ മാത്രമല്ല ഈ മാറ്റം. വീടുകളിലെ ഭക്ഷണവും വീടുകളില്‍ എത്തുന്ന പാര്‍സലുകളും എല്ലാം ഭക്ഷണ രീതിയിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. രുചിമാത്രം നോക്കി നിയന്ത്രണമില്ലാതെ ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നവരും അപകടത്തിലേക്കാണ് ചാടുന്നത്. മധുരവും മൈദയും അപകടകാരികളാണ്. രണ്ടും ഒന്നിച്ചുചേര്‍ന്നാല്‍ പറയാനുമില്ല. ബേക്കറി പലഹാരങ്ങളില്‍ ഈ രണ്ടുഘടകങ്ങളാണ് പ്രധാനമായും ഒത്തുചേരുന്നത്. കലോറി ഒരുപാട് വരുന്നവയാണ് ഇത്. എന്നാല്‍ കിട്ടുന്നത് ശൂന്യകലോറിയും. ഗുണമൊന്നുമില്ല. തടിയെ ഇത് വല്ലാതെ പരിപോഷിപ്പിക്കുകയും ചെയ്യും.
ഫാസ്റ്റ്ഫുഡ് കടകളാണ് മറ്റൊരു അപകടമേഖല. സായാഹ്നങ്ങളില്‍ ഫാസ്റ്റ്ഫുഡ് കടകളും റസ്റ്റോറന്റുകളും ആളുകളെ കൊണ്ട് നിറയുകയാണ്. കൊഴുപ്പും കലോറിയും നിറഞ്ഞ ഭക്ഷണങ്ങളാണ് ഇവിടങ്ങളില്‍ നിന്നും അകത്താക്കുന്നത്. ഭക്ഷണത്തിന്റെ ബാലന്‍സ് തെറ്റാന്‍ ഈ ഒരുനേരത്തെ സ്പെഷ്യലുകള്‍ മതിയാകും.
പ്രലോഭനങ്ങളുടെ നടുവിലാണ് ആളുകള്‍. ഭക്ഷണത്തില്‍ വൈവിധ്യതയുടെ വലിയൊരു ലോകമുണ്ടിപ്പോള്. ഇഷ്ടമുള്ളത് വാങ്ങാം. കഴിക്കാം. പണ്ട് സാമ്പത്തികം വലിയ തടസമായിരുന്നു പലര്‍ക്കും. ഇന്നതില്ല. മോശമല്ലാത്ത സാമ്പത്തിക നിലയുണ്ട് മിക്കവാറുമാളുകള്‍ക്ക്. അതുകൊണ്ട് സമൃദ്ധമായി കഴിക്കാം. ആധുനിക ഭക്ഷണങ്ങള്‍ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാകുന്നു. നാട് മാറുകയാണ്. നാട്ടുപ്രകൃതി ഇല്ലാതാവുന്നു. നഗരവത്കരണം കൂടിക്കൂടി വരുന്നു. അതിനര്‍ഥം കൂടുതല്‍ ആളുകള്‍ നഗരം ഒരുക്കുന്ന പ്രലോഭനങ്ങളുടെ ലോകത്ത് എത്തിപ്പെടുന്നു എന്നാണ്.
ഭക്ഷണം വിശപ്പ് മാറ്റാനാണ്. ശരീരത്തിന് ആവശ്യമായ പോഷണം കിട്ടാനാണ്. എന്നാല്‍ ആളുകളെ നയിക്കുന്ന ചിന്തകള്‍ ഇതൊന്നുമല്ല. രുചി നോക്കി കഴിക്കുക, കൊതി മാറ്റുക, ഭക്ഷണം കഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക എന്നൊക്കെയായി. ഭക്ഷണം കഴിക്കല്‍ വലിയ ആഘോഷമായി. ആര്‍ഭാടമായി. ആഹാരം കഴിക്കുന്നതില്‍ കുറച്ച് ഒതുക്കം വേണം. മിതത്വം വേണം. അടുക്കുംചിട്ടയും വേണം. ഇതൊക്കെ നഷ്ടപ്പെടുന്നു എന്നതാണ് ആധുനിക ഭക്ഷണ രീതികള്‍ക്ക് പിറകെ പോകുന്നവരില്‍ കാണുന്ന പൊതു സ്വഭാവം. ജീവിതവും ജീവിതപരിസരവും മാറിയതിന്റെ തെളിവാണിതൊക്കെ.
ദേഹമനങ്ങാതെ ജീവിതം
തീറ്റ കൂടുന്നു എന്നത് ഒരു കാര്യം. അതോടൊപ്പം കാതലായ മറ്റൊരു പ്രശ്നവുമുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടമുള്ളപ്പോഴൊക്കെ തിന്നുന്നവര്ക്കും യാതൊരു വ്യായാമവും ഇല്ല. ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന വ്യായാമം മാത്രമേയുള്ളൂ പലര്‍ക്കും. പണ്ട് ശരീരത്തിന് വ്യായാമം കിട്ടാന്‍ കുറെ വഴികളുണ്ടായിരുന്നു. ഇന്നില്ല. ജീവിതരീതികളും ചുറ്റുപാടുകളും മാറി. യന്ത്രവത്കൃതമായി പലതും. ഇതേതുടര്‍ന്ന് അലസജീവിതം നയിക്കുകയാണ് ആളുകള്‍. ശരീരം ഇളകില്ല. ചെറിയദൂരം പോലും നടക്കില്ല. വാഹന സൗകര്യങ്ങള്‍ ഒരുപാടു കൂടിയതോടെ നടക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുറയുകയും ചെയ്തു. തടിയനങ്ങാതെ ഇരിക്കാനാണ് മിക്കവര്‍ക്കും താത്പര്യം. സമയം കിട്ടുമ്പോഴും ടി.വിക്കും കമ്പ്യൂട്ടറിനും മുന്നിലാണ് സമയം ചെലവഴിക്കുന്നത്. ദേഹമനങ്ങാതെ ചെയ്യുന്ന ജോലിയാണ് മിക്കവാറുമാളുകള്‍ക്ക്.
ഊര്‍ജം ചെലവഴിക്കാതാകുമ്പോള്‍ കൊഴുപ്പ് അടിഞ്ഞടിഞ്ഞ് ശരീരം വീര്‍ക്കുന്നു. തടി ഒതുക്കാന്‍ പ്രയാസമാവുന്നു. വയര്‍ ചാടുന്നു. തടികൂടുമ്പോള്‍ മടികൂടുന്നു. പിന്നെ നടക്കാന്‍ പോലും പ്രയാസവുമാകുന്നു. ഇങ്ങനെ അമിത ഭക്ഷണം കഴിക്കുകയും വ്യായാമം കിട്ടാതിരിക്കുകയും ചെയ്യുന്ന ശരീരം പ്രമേഹം പോലുള്ള രോഗത്തിന് കടന്നുവരാന്‍ അനുകൂല സാഹര്യം ഒരുക്കുന്നു.
സംഭവിക്കുന്നത് ഇതാണ്. പണം ചെലവഴിച്ച് പലതും തിന്നുന്നു. കുടിക്കുന്നു. അപ്പോള്‍ തടി ചെലവില്ലാതെ കൂടുന്നു. കുറെ കഴിഞ്ഞ് പണം ചെലവഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നു. രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നു. മത്സരാധിഷ്ഠിത ലോകത്ത് മനസ്സമ്മര്‍ദം വളരെയധികമാണ് എന്നതും പരിഗണിക്കേണ്ട വിഷയമാണ്. കേരളം പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിയതിനു പിറകിലെ പ്രധാന കാര്യം നമ്മുടെ ജീവിതശൈലിയില്‍ വന്നുചേര്‍ന്ന ഇത്തരം മാറ്റങ്ങളാണ്. പിഴവുകളാണ്. ടൈപ്പ് 2 പ്രമേഹമാണ് പകര്‍ച്ചവ്യാധി എന്നപോലെ നാട്ടില്‍ വ്യാപകമാവുന്നത്. ടൈപ്പ് 2 പ്രമേഹം ശക്തമായ പാരമ്പര്യ സ്വഭാവം കാട്ടാറുണ്ട്. ഒരുതലമുറയില്‍ രോഗമുണ്ടെങ്കില്‍ അടുത്ത തലമുറയിലേക്കും ഇത് വരാം. അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ടെങ്കില്‍ മക്കള്‍ക്ക് രോഗം വരാന്‍ 50 ശതമാനം വരെ സാധ്യത. അങ്ങനെയിരിക്കെ പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്ന ജീവിതശൈലികൂടി സ്വീകരിച്ചാല്‍ എന്തുചെയ്യും. വംശപരമായും പ്രമേഹ സാധ്യത കൂടിയ ജനവിഭാഗമാണ് ഇവിടെയുള്ളത്.
ആദ്യം പരിഭവം പിന്നെ കലഹം
പ്രമേഹം ഒരു സുപ്രഭാതത്തില്‍ തലപൊക്കുകയല്ല. രോഗം അകത്ത് ഒളിഞ്ഞിരിപ്പുണ്ടാകും. അത് തെളിഞ്ഞുവരാന്‍ കുറച്ചുകാലമെടുക്കും. രോഗം വന്നാല്‍ ശരീരം അതിന്റെ പരിഭവങ്ങള്‍ കാണിക്കും. പക്ഷേ തെളിഞ്ഞുകാണില്ല. പ്രമേഹം പിന്നീട് ശരീരവുമായി പിണങ്ങിപിരിയും. കലഹിക്കും. അതു ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളിലും കാണാനുമുണ്ടാകും. അപ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുക.
വളരെ പ്രകടമായ ലക്ഷണങ്ങള്‍ ആരംഭത്തില്‍ കാണിക്കില്ലെന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സ്വഭാവമാണ്. അതിനാല്‍ പ്രമേഹം ഉള്ളകാര്യം മിക്കവാറുമാളുകള്‍ അറിഞ്ഞെന്നുവരില്ല. വീട്ടുകാരും തിരിച്ചറിയണമെന്നില്ല. വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരിക്കും. ചെറിയ ലക്ഷണങ്ങളെയാകട്ടെ ആരും വകവെക്കാറുമില്ല. എനിക്ക് പ്രമേഹമൊന്നും വരില്ല എന്നാണ് ഓരോരുത്തരും വിചാരിക്കുക. പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയുന്നതുവരെ അങ്ങനെയേ പറയൂ. അപ്പോഴെല്ലാം ശരീരത്തിന് ക്ഷതം ഏല്ക്കുന്നുണ്ടാകും. നമ്മള് അറിയില്ലെന്നു മാത്രം. പ്രമേഹം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് കേരളത്തില്‍. വീട്ടില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ കൂടി മുന്‍കൂട്ടി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാറില്ല.
സാധാരണക്കാരിലും ചെറുപ്പക്കാരിലും
കേരളത്തില്‍ പ്രമേഹം കൂടുന്നു എന്നു മാത്രം കണ്ടാല്‍ പോര. ഇതോടൊപ്പം വളരെ സൂക്ഷിക്കേണ്ട രണ്ടു മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രമേഹത്തിന് പ്രായം കുറയുന്നു എന്നതാണ് ഒന്ന്. രോഗം ഇടത്തരക്കാരെയും പാവങ്ങളെയും ബാധിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം.
പെന്ഷന് പറ്റിയവരിലാണ് പണ്ട് ടൈപ്പ് 2 പ്രമേഹം കൂടുതലും കണ്ടിരുന്നത്. ആ സ്ഥിതിയൊക്കെ മാറി. 30 ന് താഴെയാണോ പ്രായം എങ്കില്‍ ടൈപ്പ് 1 പ്രമേഹം ആയിരിക്കും. 40 ന് മുകളിലാണോ ടൈപ്പ് 2 ആയിരിക്കും എന്നൊക്കെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ടൈപ്പ് 2 പ്രമേഹം വരാന്‍ പ്രായം ആകണമെന്നുമില്ല. ചെറുപ്പക്കാരിലും ടൈപ്പ് 2 പ്രമേഹം വരാമെന്നായി. അതാണ് നാട്ടില്‍ ഉണ്ടായ വലിയ മാറ്റം. ഞെട്ടിപ്പിക്കുന്ന തരത്തില്‍ 20 വയസ്സില്‍ ടൈപ്പ് 2 പ്രമേഹം പ്രത്യക്ഷപ്പെടുന്ന സ്ഥിതിയും വന്നെത്തിക്കഴിഞ്ഞു.
കുളനട മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ രജിസ്റ്റര്‍ ചെയ്ത 25,000 ല്‍ പരം പ്രമേഹരോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് രോഗികളില്‍ 42 ശതമാനം പേരും 45 - വയസ്സിന് മുമ്പ് പ്രമേഹം വന്നവരാണെന്നാണ്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. 45 വയസ്സിന് മുമ്പ് പ്രമേഹം വരുന്ന ഒരാള്‍ മുപ്പതോ, നാല്പതോ വര്‍ഷം പ്രമേഹവുമായി ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. പ്രമേഹത്തിന്റെ പില്ക്കാല സങ്കീര്‍ണ്ണതകളെല്ലാം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വര്‍ദ്ധിക്കും. ചെറുപ്പത്തില്‍ തന്നെ പ്രമേഹം വരുന്ന ഒരാള്‍ക്ക് അമ്പതോ, അറുപതോ വയസ്സാകുമ്പോഴേക്ക് പലതരം സങ്കീര്‍ണതകള്‍ വരാം. ഇതു സാമ്പത്തികമായും സാമൂഹികമായും കുടുംബപരമായും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതുമാത്രമല്ല. ചെറുപ്പത്തില്‍ വരുന്ന പ്രമേഹം 55 വയസ്സിനുശേഷം വരുന്ന പ്രമേഹത്തേക്കാള്‍ അപകടകാരിയാണ്. ഇവരില്‍ പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരാനും ബുദ്ധിമുട്ടാണ്. പ്രമേഹസങ്കീര്‍ണതകള്‍ വരാനുള്ള സാധ്യതയും അവ നേരത്തേവരാനുള്ള സാധ്യതയും ഇക്കൂട്ടരില്‍ കൂടുതലായി കണ്ടുവരുന്നു.
പണ്ട് സമ്പന്നരെ ബാധിക്കുന്ന രോഗമാണിത് എന്നാണ് കരുതിയിരുന്നത്. ഇന്ന് സ്ഥിതി മാറി. നഗരവത്കരണം കൂടുകയും ജീവിത സാഹചര്യങ്ങള്‍ മാറുകയും ചെയ്തപ്പോള്‍ പ്രമേഹത്തിന് സാമ്പത്തിക വലിപ്പചെറുപ്പം ഇല്ലാതായി. പ്രമേഹം കുറച്ചുകാലം മുമ്പുവരെ നഗരത്തിന്റെ മാത്രം പ്രശ്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. നാട്ടിന്‍പുറങ്ങളിലും രോഗം വ്യാപകമായി. മധ്യതിരുവിതാംകൂറിലെ വെണ്മണി പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ 2007 ല്‍ നടത്തിയ പഠനം ഇതിന് തെളിവാണ്. പത്തനംതിട്ടയിലെ കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും അച്യൂതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ പ്രൊഫ.ഡോ. രാമന് കുട്ടിയുടെയും നേതൃത്വത്തിലാണ് പഠനം നടന്നത്. 14.6 ശതമാനം ആളുകളില്‍ പ്രമേഹം ഉണ്ടെന്ന്് പഠനത്തില്‍ തിരിച്ചറിഞ്ഞു.
ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. 5.1 ശതമാനമാളുകള്‍ പ്രമേഹപൂര്വാസ്ഥയില് ഉണ്ടായിരുന്നു. അതായത് പ്രമേഹബാധിതരും ആസന്ന ഭാവിയില്‍ പ്രമേഹരോഗികളാകാന്‍ സാധ്യതയുള്ളവരും കൂടി 20 ശതമാനം പേര്. 35 ശതമാനം പേര്‍ക്ക് അമിതവണ്ണമുള്ളവരാണെന്നും 75 ശതമാനം പേര് കുടവയറുള്ളവരാണെും പഠനം രേഖപ്പെടുത്തി. ഈ ഘടകങ്ങള്‍ പ്രമേഹസാധ്യതയിലേക്കു നയിക്കുന്നവയാണ്.
വരാതെ നോക്കാം വന്നാല്‍ പിരിഞ്ഞുപോകില്ല
'ആരോഗ്യകരമായി ജീവിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹം വരാതിരിക്കാനും വന്നാല്‍ നിയന്ത്രിക്കാനും ജീവിതം ഹെല്‍ത്തി ആവണം.
പ്രമേഹം വരാതെ നോക്കുക എന്നത് പ്രധാനമാണ്. കാരണം ഈരോഗം വന്നാല്‍ വിട്ടുപോകില്ല. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത അസുഖമാണത്. പ്രമേഹം രക്തത്തില്‍ നിറയ്ക്കുന്നത് മധുരമാണെങ്കിലും അത് നുകരാനാവില്ല. പിന്നീടത് വേദനിപ്പിക്കുകയും ചെയ്യും. കഠിനമായി. ഓര്‍ക്കുക, അത് പലരുടെയും മുന്നിലെത്തി മധുരമായി ചിരിച്ചുനില്പുണ്ട്. ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ അതിനെ അകറ്റിനിര്‍ത്തണം. പ്രമേഹത്തിന് തൊട്ടുമുമ്പുള്ള പ്രി -ഡയബറ്റിസ് എന്ന അവസ്ഥയില്‍ എത്തിയ ലക്ഷങ്ങള്‍ നമുക്കിടയിലുണ്ട്. ജീവിതശീലങ്ങളിലെ പിഴവുകളാണ് പകര്‍ച്ചവ്യാധി എന്ന പോലെ പ്രമേഹം ഇത്ര വ്യാപകമാവാന്‍ കാരണം. അമിതവണ്ണം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, വ്യായാമമില്ലായ്മ എന്നിവയാണ് ഇതിന് പ്രധാന കാരണം.
നല്ല ഭക്ഷണ ശീലങ്ങള്‍ പിന്തുടരുക, ആവശ്യത്തിന് മിതമായി മാത്രം ഭക്ഷണം കഴിക്കുക, നിത്യവും ചിട്ടയായി വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളിലൂടെ തന്നെ പ്രമേഹത്തെ തടയാനാകും. ചുരുങ്ങിയത് രോഗം വരുന്നതിനെ ഏറെ ദീര്ഘിപ്പിക്കാനെങ്കിലും കഴിയും. അമിതവണ്ണവും ഭാരവും കുടവയറുമൊക്കെ കുറുക്കുന്നതു വഴി മാത്രം പ്രമേഹസാധ്യത 70 ശതമാനത്തോളം കുറയ്ക്കാനാവും.
പ്രമേഹം വന്നാല്‍ അതിന് പരിഹാരം കാണണം. പ്രായശ്ചിത്തം ചെയ്യണം. കൃത്യമായ ചികിത്സ തേടുക, തെറ്റായ ജീവിതശീലങ്ങള്‍ മാറ്റുക എന്നതില്‍ ശ്രദ്ധിച്ചേ തീരൂ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറ്റുക, ശരീരത്തിന് വ്യായാമം നല്‍കുക എന്നതൊക്കെയാണ് പ്രമേഹം വന്നവര്‍ ചെയ്യേണ്ട പ്രായശ്ചിത്തം. പ്രമേഹ രോഗിയുടെ ഭക്ഷണതീതികളെ കുറിച്ച് ഒട്ടേറെ തെറ്റുദ്ധാരണകളുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഭക്ഷണം നിഷേധിക്കുകയല്ല വേണ്ടത്. ഓരോരുത്തര്‍ക്കും യോജിച്ച വിധത്തില്‍ നല്ല ഭക്ഷണം ക്രമപ്പെടുത്തി നല്‍കുകയാണ് ചെയ്യുന്നത്.
നിയന്ത്രിച്ചില്ലെങ്കില്‍ ആപത്ത്
അനിയന്ത്രിതമായ പ്രമേഹം അനവധി രോങ്ങള്ക്ക് വഴിയൊരുക്കും. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, വൃക്കരോഗം, കാഴ്ച നഷ്ടമാകുന്ന റെറ്റിനോപതി, നാഡികളെ തളര്‍ത്തുന്ന ന്യൂറോപതി, കാല് മുറിച്ചു മാറ്റേണ്ടി വരുന്ന പാദരോഗം, ലൈംഗിക പ്രശ്നങ്ങള്‍ അങ്ങനെ അനവധി രോഗങ്ങള്‍. പലതും ജീവനുഭീഷണിയാകുന്നവയാണ്. കേരളത്തിലും ഹാര്‍ട്ട് അറ്റാക്ക്, വൃക്കരോഗങ്ങള്‍ എന്നിവ ഇത്രയധികം വര്‍ധിക്കുന്നതിന് പിറകിലെ മുഖ്യകാരണം പ്രമേഹമാണ്. കേരളത്തില്‍ മുതിര്‍ന്നവരില്‍ 15 മുതല്‍ 20 ശതമാനം പ്രമേഹമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നുവെച്ചാല്‍ അത് 50 ലക്ഷത്തോളം ആളുകള്‍ വരും. പ്രമേഹം ഉള്ള മഹാഭൂരിഭാഗത്തിനും രോഗം നിയന്ത്രിക്കാനാവുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. പ്രമേഹം ഉയര്‍ത്തുന്ന വെല്ലുവിളി ഇതില്‍ നിന്നും വ്യക്തമാണ്.
പ്രമേഹം ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല. സമൂഹത്തിന് അതുണ്ടാക്കുന്ന ചിലവ് ഉയര്‍ന്നതാണ്. അത് കുത്തനെ ഉയരുകയുമാണ്. വ്യക്തിക്കും, കുടുംബത്തിനും, സമൂഹത്തിനും, സ്റ്റേറ്റിനും അത് വലിയ ബാധ്യതയുണ്ടാക്കുന്നു. പ്രമേഹം ഉണ്ടാക്കുന്ന അപകടത്തില്‍ നിന്നു സമൂഹത്തെ രക്ഷിക്കാന്‍ കൂടുതല്‍ ബോധവത്കരണത്തിലൂടെ മുന്നോട്ടുപോവുക എന്നതാണ് മുന്നിലുള്ള വഴി.
chathothranjith@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ