പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശു വര്‍ഗങ്ങളാണ് സാഹിവാള്‍, സിന്ധി, ഗിര്‍, ദേവ്‌നി എന്നിവ. ഇതില്‍ സഹിവാള്‍, ഗിര്‍ എന്നിവയ്ക്ക് കേരളത്തില്‍ പ്രിയമേറിവരികയാണ്.
ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ സാഹിവാള്‍ ഇടത്തരം വലിപ്പവും സാമാന്യം മാംസളമായ ശരീരഘടനയുമുള്ള ജനുസ്സാണ്. പശ്ചിമ പാകിസ്താനിലെ വരണ്ട പ്രദേശങ്ങളിലും തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ച് മോണ്‍ട്‌ഗോമറി ജില്ലയിലുമാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.
പഞ്ചാബില്‍ ഈ ജനുസ്സിനെ പ്രജനനംവഴി വളര്‍ത്തിയെടുക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ശൈത്യകാലാവസ്ഥ ഈ ജനുസ്സിന് യോജ്യമല്ല.
കാളകള്‍ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്. നല്ല പശുക്കള്‍ 300 ദിവസംകൊണ്ട് 2700  മുതല്‍ 3200 കിലോഗ്രാം വരെ പാല്‍ നല്‍കും. 4500 കിലോഗ്രാം വരെ പാല്‍ നല്‍കുന്ന പശുക്കളുമുണ്ട്.
നീണ്ട തല, ഇടത്തരം വലിപ്പമുള്ള നെറ്റി, വശങ്ങളിലേക്ക് വളരുന്ന കട്ടിയുള്ള കൊമ്പുകള്‍, പിന്‍ഭാഗത്തേക്ക് വണ്ണംകൂടിയ അയഞ്ഞ ശരീരഘടന, പൊക്കിളിനടുത്ത ഭാഗങ്ങളില്‍ വളരെയധികം അയഞ്ഞ് തൂങ്ങിക്കിടക്കുന്ന ചര്‍മം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നീളം കുറഞ്ഞ കൈകാലുകളും മുമ്പിലേക്ക് തള്ളി വളരുന്ന വലിയ അകിടും തെളിഞ്ഞതും കരുത്തുള്ളതുമായ ക്ഷീരസിരകളും കാണപ്പെടുന്നു. നിറം ചുവപ്പോ ഇളം ചുവപ്പോ ആയിരിക്കും. ചിലവയില്‍ വെളുത്ത പാടുകളും കാണാം.
 ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്. പശുക്കള്‍ ശരാശരി ക്ഷീരോത്പാദകരാണ്. നല്ല പശുക്കളില്‍നിന്ന് ആറുലിറ്ററോളം പാല്‍ ലഭിക്കും.
വലിപ്പമുള്ള തല, നന്നായി ഉന്തിനില്‍ക്കുന്ന നെറ്റി, വീതികുറഞ്ഞ മുഖം, കട്ടിയുള്ള കൊമ്പുകള്‍, ശരീരത്തിനാനുപാതികമായ കൈകാലുകള്‍, അകിട് എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. സാധാരണയായി ചുവപ്പ്, വെളുപ്പ്, കറുപ്പ്ചുവപ്പ്, ചുവപ്പ്വെളുപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. കനം കുറഞ്ഞ നീണ്ട വാലിന്റെ അറ്റം രോമനിബിഡമായിരിക്കും. കറുത്ത വാല്‍രോമങ്ങള്‍ നിലം മുട്ടിക്കിടക്കുന്നു.