11/26/2015

പട്ടിണിപ്പാവങ്ങളുടെ കേന്ദ്രസര്‍ക്കാര്‍

പട്ടിണിപ്പാവങ്ങളുടെ കേന്ദ്രസര്‍ക്കാര്‍

November 26, 2015
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതിഷ്ഠിച്ചത് കുത്തക മുതലാളിമാര്‍! കുത്തക മുതലാളികള്‍ക്കായി രാജ്യം തീറെഴുതാന്‍ പോകുന്നു! ഭരണം തുടങ്ങുംമുന്‍പ് തന്നെ ബിജെപിയെ എതിര്‍ക്കുന്ന ഇടതും വലതും കക്ഷികള്‍  ഉന്നയിച്ച ആരോപണങ്ങളായിരുന്നു ഇത്. സത്യത്തിന്റെ ഒരംശംപോലും ഇല്ലാത്ത ആരോപണങ്ങളിലൂടെ വലിയൊരു അസഹിഷ്ണുത വളര്‍ത്തിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒന്നരവര്‍ഷത്തെ ഭരണത്തിനിടയില്‍
ഒരു ഓട്ട മുക്കാലിന്റെ നേട്ടവും കുത്തക മുതലാളിമാര്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തതായി ചൂണ്ടിക്കാട്ടാനാവില്ല. എന്നാല്‍ പട്ടിണി പാവങ്ങള്‍ക്കും നാമമാത്ര വരുമാനക്കാര്‍ക്കും അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കുമായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. അതൊക്കെ എണ്ണിയെണ്ണി പറയേണ്ടതില്ല.
ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അടിസ്ഥാനവര്‍ഗത്തിന് സഹായകമാകുന്നതാണ്. കാര്‍ഷികമേഖലയെക്കൂടി ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണത്. അതോടൊപ്പം 40 ലക്ഷത്തിലധികം പേര്‍ക്ക് പാചകവാതകം നല്‍കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഇഎസ്‌ഐ ആശുപത്രികളുടെ വ്യാപനവും ഈ പദ്ധതിയിലൂടെ നടപ്പാക്കാന്‍ പോകുന്ന ആനുകൂല്യവിതരണവും മുമ്പൊരുകാലത്തും ചെയ്തിട്ടില്ലാത്ത തൊഴിലാളിക്ഷേമ നടപടികളായി മാറാന്‍ പോവുകയാണ്. നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന തൊഴിലാളികള്‍ക്കാകെ പ്രയോജനകരമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അടുത്തവര്‍ഷം മാര്‍ച്ച് 31നകം എല്ലാ ജില്ലകളും ഇഎസ്‌ഐയുടെ പ്രവര്‍ത്തനമേഖലയാക്കാനാണ് ഇഎസ്‌ഐ ട്രസ്റ്റ് ബോഡിന്റെ തീരുമാനം. രാജ്യത്താകെ 664 ജില്ലകളാണുള്ളത്. അതില്‍ പകുതിജില്ലകളില്‍ മാത്രമാണ് സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിട്ടും തൊഴിലാളി ക്ഷേമപദ്ധതികള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. നിലവില്‍ 271 ജില്ലകളില്‍ മാത്രമാണ് ഇഎസ്‌ഐ ആശുപത്രികളുള്ളത്. ആഗസ്റ്റില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗം ഓട്ടോ തൊഴിലാളികളെയും റിക്ഷാ ഡ്രൈവര്‍മാരെയും ഇഎസ്‌ഐ പരിധിയില്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രാജ്യത്തെ കാര്‍ഷിക മേഖലയെക്കൂടി ഇഎസ്‌ഐ സംരക്ഷണ പരിധിയില്‍ കൊണ്ടുവരുന്നതോടെ വലിയൊരു വിപ്ലവമാണ് നടക്കുക. ജനസംഖ്യയുടെ പകുതിയോളം വരുന്ന കര്‍ഷകര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ-ചികിത്സാ പദ്ധതിയായ ഇഎസ്‌ഐയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
രണ്ട് കോടി പേര്‍ മാത്രമാണ് ഇഎസ്‌ഐ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളത്. അസംഘടിത മേഖലകളിലേക്കുകൂടി ഇഎസ്‌ഐ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമനുസരിച്ചാണ് കാര്‍ഷിക മേഖല, പ്ലാന്റേഷന്‍ മേഖല, നഗരങ്ങളിലെ വന്‍കിട മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ക്കൂടി ഇഎസ്‌ഐ നടപ്പാക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഎസ്‌ഐ മേഖലയില്‍ വലിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നത്.
വാജ്‌പേയി ഭരണകാലത്ത് പ്രൊക്രാന്‍ ആണവ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍കിട രാജ്യങ്ങള്‍ ഭാരതത്തിനെതിരെ ഉപരോധം സൃഷ്ടിച്ചിരുന്നു. ഈയൊരു സാഹചര്യം  വാജ്‌പേയി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും വല്ലാതെ ഉപയോഗിച്ചു. അമേരിക്ക അടക്കമുള്ളവരുടെ ഉപരോധത്തില്‍ ഇക്കൂട്ടര്‍ വിലപിച്ചപ്പോള്‍ പ്രവാസി ഭാരതീയരാണ് രാജ്യത്തെ സഹായിച്ചത്. വാജ്‌പേയിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഏതാണ്ട് ഇരുപതിനായിരത്തോളം കോടിരൂപയാണ് വിദേശ നിക്ഷേപമായി എത്തിയത്. അതുപോലെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊള്ളചെയ്ത ഖജനാവിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൊന്നാണ് കഴിവുള്ളവര്‍ പാചക വാതക സബ്‌സിഡി വേണ്ടെന്ന് വച്ച് സഹകരിക്കണമെന്ന അഭ്യര്‍ത്ഥന. അത് ജനം ചെവിക്കൊണ്ടു.
പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവരുടെ എണ്ണം അരക്കോടിയായി. ഏകദേശം 35,000 കോടി രൂപയോളമാണ് സബ്‌സിഡി ഉപേക്ഷിച്ചതുവഴി കേന്ദ്ര സര്‍ക്കാരിന് ലാഭം കിട്ടിയത്. പാവപ്പെട്ടവര്‍ക്ക് പാചകവാതകം ലഭ്യമാക്കാന്‍ ഈ തുകയാണ് പെട്രോളിയം മന്ത്രാലയം ഉപയോഗിച്ചത്. 40 ലക്ഷം പാവങ്ങള്‍ക്കാണ് പുതിയ കണക്ഷന്‍ നല്‍കിയത്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് രാജ്യത്ത് 545 രൂപയാണ് ഈടാക്കുന്നത്. സബ്‌സിഡിയോടുകൂടി 417 രൂപയ്ക്ക് സിലിണ്ടര്‍ ലഭ്യമാകും. ഒരു കണക്ഷന് 12 സിലിണ്ടറുകള്‍ പ്രതിവര്‍ഷം സബ്‌സിഡിതുകയ്ക്ക് ലഭിക്കുന്നത്.
12 സിലിണ്ടര്‍ ഒമ്പത് ആക്കി പുതുക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സബ്‌സിഡി ഉപേക്ഷിച്ചതില്‍നിന്നും ലഭിച്ച തുകകൊണ്ട് ഏതൊക്കെ ഗ്രാമങ്ങളിലാണ് കണക്ഷന്‍ നല്‍കിയതെന്ന വിവരവും കേന്ദ്രം വ്യക്തമാക്കാന്‍ പോവുകയാണ്. രണ്ടാം ഘട്ടമായി പത്തു ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്‌സിഡി എടുത്തുകളയാനും തീരുമാനിക്കാന്‍ പോകുന്നു. ഇതില്‍നിന്നും എന്താണ് വ്യക്തമാകുന്നത്? ആര്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ നിലകൊള്ളുന്നു എന്നതാണ്. പണക്കാര്‍ക്കു വേണ്ടിയല്ല പാവങ്ങള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. അതിലുള്ള അസഹിഷ്ണതയാണ് ഇപ്പോള്‍ കാണുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1