11/27/2015

ആറു വര്‍ഷം കാത്തിരുന്നു എടുത്ത ഫോട്ടോ

അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്...

by സ്വന്തം ലേഖകൻ
ചിലരങ്ങനെയാണ്, ഏറ്റവും മികച്ചതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കും. ക്ഷമയോടെ എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ അവർ തയാറാണ്. ‘ഒരുനാൾ വരും, തന്റെ ഭാഗ്യദിനം’ എന്ന ഒരൊറ്റ വിശ്വാസത്തിന്റെ ബലത്തിലാണ് ആ കാത്തിരിപ്പ്. സ്കോട്ട്ലന്റുകാരനായ അലൻ മക്ഫാദിയെൻ എന്ന ഫൊട്ടോഗ്രാഫറും അത്തരമൊരു ദിനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.
വെള്ളത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു നീലപ്പൊന്മാന്റെ ഏറ്റവും കിടിലൻ ഷോട്ടിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. ഒടുവിൽ കഴിഞ്ഞ മാസം അലൻ പ്രതീക്ഷിച്ച ആ നിമിഷം വന്നു ചേർന്നു. ഒരൊറ്റ ക്ലിക്ക്–ആറു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണന്ന് ക്യാമറയിൽ പതിഞ്ഞത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ലോകത്ത് ഇന്ന് ചർച്ചാവിഷയമാണ് ആ ചിത്രം.
തടാകത്തിലെ വെള്ളവുമായി കൊക്കുരുമ്മി നിൽക്കുന്ന നീലപ്പൊന്മാൻ. വെള്ളത്തിൽ ഒരു നേർത്ത ചലനം പോലുമില്ല,
മറിച്ച് പൊന്മാൻ കണ്ണാടി നോക്കുന്ന പോലൊരു കാഴ്ച. ആറു വർഷത്തിനിടെ ഈയൊരു നിമിഷത്തിനു വേണ്ടി അലൻ ചെലവിട്ടത് 4200 മണിക്കൂറുകളായിരുന്നു. മാത്രവുമല്ല പലതരത്തിലുള്ള പൊന്മാനുകളുടേതായി ഇതുവരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞത് 7.2 ലക്ഷം ഫോട്ടോകളായിരുന്നു. വർഷത്തിൽ 100 ദിവസത്തോളം അലന്റെ യാത്ര പൊന്മാനുകൾക്കു പിന്നാലെ മാത്രമായിരുന്നുവെന്നു ചുരുക്കം. ഓരോ യാത്രയിലും എടുത്തത് അറുനൂറോളം ചിത്രങ്ങൾ.
തടാകത്തിൽ മുഖം നോക്കുന്ന പൊന്മാന്റെ ചിത്രമെടുക്കാനുള്ള ഓട്ടത്തിനിടെ പലതരത്തിലുള്ള മറ്റനേകം സുന്ദരദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നത് മറ്റൊരു കാര്യം. പക്ഷേ ഈ ചിത്രം അലന് പ്രിയപ്പെട്ടതാണ്. കാരണം അത് അദ്ദേഹത്തെ കുട്ടിക്കാലത്തെ കുറേ ഓർമകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നു.
മുത്തച്ഛൻ റോബർട്ട് മുറേയ്ക്കൊപ്പമുള്ള യാത്രകളിലാണ് അലൻ ആദ്യമായി ഒരു പൊന്മാന്റെ കൂടുകാണുന്നത്. വെള്ളപ്പൊക്കം വരുമ്പോൾ പൊന്മാൻകൂടുകൾക്ക് കുഴപ്പമെന്തെങ്കിലും പറ്റിയോ എന്നു നോക്കാനായിരുന്നു മുത്തച്ഛന്റെ യാത്ര.
അങ്ങിനെ ആ തടാകതീരം അലനും പ്രിയപ്പെട്ടതായി. 11 വർഷം മുൻപ് മുത്തച്ഛൻ മരിച്ചു. പക്ഷേ പൊന്മാനുകൾ ഏറെ കൂടുകൂട്ടുന്ന തടാകതീരങ്ങളിൽ പൊത്തുകളുണ്ടാക്കി അവയിൽ കളിമണ്ണ് നിറച്ച് കൂടുണ്ടാക്കാൻ സാഹചര്യമൊരുക്കുന്നത് അലൻ പതിവാക്കിയിരുന്നു. മീൻപിടിത്തക്കാരനായിരുന്ന ഈ നാൽപത്തിയാറുകാരൻ ആറു വർഷം മുൻപ് നടുവിന് പരുക്കേറ്റതിനെത്തുടർന്നാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.
സ്കോട്ടലൻഡിൽ പക്ഷിനിരീക്ഷണത്തിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തി നൽകുന്ന ജോലിയും ഇപ്പോൾ ചെയ്യുന്നുണ്ട്. പക്ഷിലോകത്തേക്ക് തിരിഞ്ഞപ്പോൾ ആദ്യം മനസിൽ വന്നതും മുത്തച്ഛനോടൊപ്പം നടന്നുകണ്ട പൊന്മാനുകളായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു കിടിലൻ ഫോട്ടോയെടുക്കണമെന്ന ആഗ്രഹമാണ് ഒടുവിൽ സഫലീകരിച്ചതും. ‘കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് പൊന്മാനുകൾ വെള്ളത്തിനടിയിലേക്ക് കൂപ്പുകുത്തുക, വെടിയുണ്ട പോലെ. അതിന്റെ ഏറ്റവും കിടിലൻ ഷോട്ട് കിട്ടണമെങ്കിൽ ഭാഗ്യം വേണം, അതിലേറെ ക്ഷമയും..’ അലൻ പറയുന്നു. പെൺപൊന്മാനുകളാകട്ടെ ദിവസത്തിൽ അഞ്ചോ ആറോ തവണയേ വെള്ളത്തിലേക്ക് മുങ്ങാറുമുള്ളൂ, അവിടെയും കാത്തിരിപ്പു തന്നെ രക്ഷ. ഇക്കാലം കൊണ്ട് പൊന്മാനുകളുടെ ജീവിതരീതി മുഴുവൻ അലൻ പഠിച്ചെടുത്തു കഴിഞ്ഞുവെന്നു സാരം.
അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്... Friday 27 November 2015 09:27 AM IST by സ്വന്തം ലേഖകൻ ...

Read more at: http://www.manoramaonline.com/environment/wild-life/this-shot-of-a-diving-kingfisher-was-6-years-and-720k-photos-in-the-making.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1