ഹൈവേകളിലെ ലോറി അപകടങ്ങള്‍ കണ്ടു തഴമ്പിച്ചവരാണ് ചൈനക്കാര്‍. നിമിഷങ്ങള്‍ക്കകം റോഡ് സുരക്ഷാ ജീവനക്കാരെത്തി ഗതാഗതം പഴയ പടിയാക്കും. ഇക്കുറി യൂനാന്‍ പ്രവിശ്യയിലെ ഹൈവേയില്‍ ലോറി മറിഞ്ഞപ്പോള്‍ പക്ഷെ, കാര്യങ്ങള്‍ കൈവിട്ടു പോയി. ലോറിയിലുണ്ടായിരുന്ന 200 പെട്ടികളിലെ 20 ലക്ഷത്തോളം തേനീച്ചകളാണ് പെട്ടി പൊട്ടി പുറത്തു ചാടിയത്. പിന്നെ, പ്രദേശത്തെങ്ങും തേനീച്ചകളുടെ ഇരമ്പല്‍ മാത്രം. താമസിയാതെ ഹൈവേയില്‍
വാഹനങ്ങള്‍ കാലിയായി.
ആദ്യം അഗ്നിശമനക്കാര്‍ എത്തി. വെള്ളം ചീറ്റി തേനീച്ചകളെ ശാന്തരാക്കാന്‍ നോക്കി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പാഴ്‌വേല നിര്‍ത്തി. 43 ലക്ഷം രൂപയുടെ മുതലാണ് വഴിയിലെങ്ങും മൂളിപ്പറക്കുന്നത്. തേനീച്ചകളുടെ ഉടമസ്ഥന്‍ കാശു പോയതോര്‍ത്ത് കരയുമ്പോള്‍ ആശ്വാസദൂതുമായി അവരെത്തി. വെറും ആറ് തേനീച്ചപ്പിടിത്തക്കാര്‍.
ഒരു ദിവസം മുഴുവന്‍ മെനക്കെട്ട് അവര്‍ പണിയെടുത്തപ്പോള്‍ ജീവനുള്ള തേനീച്ചകളെല്ലാം വീണ്ടും പെട്ടിക്കകത്തായി. എട്ടു മാസം മുമ്പ് സീജാംഗ് പ്രവിശ്യയിലെ ഹൈവേയിലും സമാനമായ ലോറിയപകടം നടന്നിരുന്നു. അന്ന് 10 ലക്ഷത്തോളം തേനീച്ചകളാണ് പെട്ടികള്‍ പൊട്ടി പുറത്തു ചാടിയത്. പക്ഷെ, അവര്‍ പാഠം പഠിച്ചു. കൈവിട്ട തേനീച്ചകളെ എങ്ങനെ എളുപ്പത്തില്‍ കൂട്ടിനകത്താക്കാം എന്നതില്‍ വിദഗ്ധരായി. ഇക്കുറി 200 പെട്ടികളും വീണ്ടും നിറച്ചു എന്നാണ് ചൈനക്കാരുടെ അവകാശവാദം.