എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? അപകടമുണ്ടായാല്‍ 40 മുതല്‍ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും വിതരണക്കാരും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.
മിക്കവാറും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യമറിയില്ല. ഓയില്‍ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ താല്‍പര്യംകാണിച്ചിട്ടുമില്ല.
അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകള്‍ക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഗ്യാസ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തിലെ അപകടത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക.
റീഫില്‍ ചെയ്ത സിലിണ്ടര്‍ വാങ്ങുമ്പോള്‍തന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നല്‍കേണ്ടതില്ല.
ഓരോ വ്യക്തികള്‍ക്കുമായല്ല പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുവര്‍ഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വര്‍ഷംതൊറും എണ്ണക്കമ്പനികള്‍ തേഡ്പാര്‍ട്ടി പ്രീമിയം അടയ്ക്കുന്നത്.


ഇന്‍ഷുറന്‍സ് പരിരക്ഷ ഇങ്ങനെ:
  • അപകട ഇന്‍ഷുറന്‍സ് കവറേജ്(ഒരാള്‍ക്ക്)-5 ലക്ഷം
  • ചികിത്സാ ചെലവ്-15 ലക്ഷം
  • അടിയന്തര സഹായം ഓരോരുത്തര്‍ക്കും 25,000 രൂപവീതം.
  • വസ്തുവിനുണ്ടാകുന്ന കേടുപാടുകള്‍ക്ക്-ഒരു ലക്ഷം.
     


ചെയ്യേണ്ടത്:
  • അപകടമുണ്ടായാല്‍ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.  
  • വിതരണക്കാര്‍ എണ്ണക്കമ്പനികളെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അപകടവിവരം അറിയിക്കും(ഉപഭോക്താവ് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടതില്ല).
  • ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിതരണക്കാരന്‍ സഹായിക്കും.

     

പരിരക്ഷ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഐഎസ്‌ഐ മാര്‍ക്കുള്ള ഉപകരണങ്ങള്‍(ലൈറ്റര്‍, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ)ഉപയോഗിക്കുക.