പച്ചക്കറിത്തൈകളില്‍ ഒട്ടുവിദ്യയുമായി റെജി
പച്ചക്കറിക്കര്‍ഷകര്‍ക്കിടയില്‍ ഉത്പാദനക്ഷമതയേറിയ പുതിയ ഇനങ്ങള്‍ പ്രചാരണത്തിലെത്തിക്കഴിഞ്ഞു.
നാട്ടിലെ കാലാവസ്ഥയില്‍ ഇത്തരം തക്കാളി, പച്ചമുളക്, വഴുതന ഇനങ്ങള്‍ക്ക് വാട്ടരോഗം വ്യാപകമായി കാണാറുണ്ട്. ഇതിനുപരിഹാരമായി ഒട്ടുവിദ്യയിലൂടെ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുകയാണ് കോട്ടയം പാമ്പാടി കുറ്റിക്കലെ റെജി ആളോത്ത് എന്ന കര്‍ഷകന്‍.
വാട്ടരോഗത്തെ പ്രകൃത്യാതന്നെ പ്രതിരോധിക്കുന്ന നാടന്‍ ചുണ്ട, കാന്താരി, വഴുതന വിത്തുകള്‍ ശേഖരിച്ച് പാകി കിളിര്‍പ്പിച്ച് ഒന്നരമാസത്തോളം വളര്‍ത്തി, സമപ്രായമുള്ള അത്യുത്പാദനം നല്‍കുന്ന തൈകള്‍ മുറിച്ച് അവയില്‍ ഒട്ടിച്ചെടുക്കുകയാണ് പതിവ്.
നാടന്‍തൈകളുടെ ചുവട്ടിലെ രണ്ടിലകള്‍ക്കുമുകളില്‍ തണ്ട് ബ്ലേഡ് ഉപയോഗിച്ച് കുറുകെ മുറിച്ചുമാറ്റുന്നു. ഇവിടം താഴേക്ക് പിളര്‍ന്നെടുക്കുന്നു. മികച്ച ഉത്പാദനം കിട്ടുന്ന തൈകള്‍ മുറിച്ച് ചുവട് ആപ്പുപോലെ ആക്കി നാടന്‍തൈകളുടെ വിടവില്‍ കടത്തിവെച്ച് പ്രത്യേകം ക്ലിപ്പിട്ട് എട്ടുദിവസം മിസ്റ്റ് ചേംബറില്‍ സൂക്ഷിക്കുന്നു. പൂര്‍ണമായും ഒട്ടിച്ചേര്‍ന്ന തൈകളുടെ ക്ലിപ്പ് മാറ്റി തോട്ടത്തില്‍ നേരിട്ടുനടുന്നു.
ശക്തിയോടെ വളരുന്ന ഈ ഒട്ടുതൈകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പൂക്കള്‍ ഉണ്ടായിത്തുടങ്ങും. രണ്ടുവര്‍ഷംവരെ വാട്ടരോഗമൊന്നും ബാധിക്കാതെ വിളവുതരികയും ചെയ്യുമെന്ന് ഇദ്ദേഹം പറയുന്നു.
അഞ്ചുവര്‍ഷമായി രണ്ടേക്കര്‍ സ്ഥലത്ത് പയര്‍, പച്ചമുളക്, പടവലം, തക്കാളി, വഴുതിന തുടങ്ങിയവ ധാരാളം കൃഷിചെയ്തുവരുന്ന റെജി ആളോത്ത് ഇവയുടെ മികച്ച തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നു. തോട്ടത്തിലെത്തുന്ന കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകളുടെ ഒട്ടുസാങ്കേതികവിദ്യയില്‍ പരിശീലനവും നല്‍കുന്നുണ്ട്.
(റെജി ആളോത്ത് ഫോണ്‍: 9495064010).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ