തെളിയാൻ മടി കാണിച്ചു നിന്ന ട്യൂബ് ലൈറ്റുകൾക്കും മഞ്ഞവെളിച്ചം തൂകിയ ഫിലമന്റ് ബൾബുകൾക്കു മുമ്പിലേക്ക് പ്രകാശ വിപ്ലവവുമായാണ്  എൽ.ഇ.ഡി ബൾബുകൾ  കടന്നു വന്നത്. വില അൽപ്പം കൂടുതലാണെന്ന് കണ്ടതോടെ ജനം മടിച്ചു. പത്തും പതിനഞ്ചും രൂപയ്ക്ക് സാധാരണ ഫിലമന്റ് ബൾബുകൾ കിട്ടുമ്പോൾ എന്തിന് 200 ഉം 400 ഉം രൂപവരെ മുടക്കണമെന്ന്  ജനം ചിന്തിച്ചു.

എന്നാൽ കാലം മാറി വരികയാണ്. ഇപ്പോൾ ശുക്രൻ തെളിഞ്ഞിരിക്കുന്നത് എൽ.ഇ.ഡി. ബൾബുകൾക്കാണ്. പുതിയ കണക്കുകൾ  പ്രകാരം രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഒരു വർഷം കൊണ്ടാണ് ഇത്രയും വർദ്ധനയുണ്ടായിരിക്കുന്നത്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ രാജ്യത്ത് മൂന്നു കോടി യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 10 ലക്ഷം യൂണിറ്റ് മാത്രമായിരുന്നുവെന്ന് ഓർക്കണം.

മറ്റ് ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും  വൈദ്യുതി ഉപയോഗം 80 ശതമാനം വരെ കുറയ്ക്കുമെന്നതാണ് എൽ.ഇ.ഡി. ബൾബുകളുടെ  ശുക്രദശ തെളിയിച്ചത്. ഊർജ്ജ ഉപയോഗ നിയന്ത്രണ പദ്ധതികളും  കാമ്പയിനുകളും എൽ.ഇ.ഡി. യുഗത്തിന്റെ വേഗം കൂട്ടുകയാണ്. ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കമാണ് എൽ.ഇ.ഡി.

രണ്ടു ഡയോഡുകളിൽകൂടി വൈദ്യുതി കടന്നുപോകുമ്പോഴാണ് എൽഇഡി ബൾബുകൾ പ്രകാശിക്കുന്നത്. 15 വാട്ട് സി.എഫ.്എൽ. ബൾബിൽ നിന്നും വരുന്ന പ്രകാശം 5 വാട്ട് എൽ.ഇ.ഡി.യ്ക്കു തരാൻ കഴിയും. 28 വാട്ട് സാധാരണ ട്യൂബിന്റെ പ്രകാശം 20 വാട്ട് എൽ.ഇ.ഡി. ട്യൂബിൽനിന്നും ലഭിക്കും. ഇതിന്റെ ആയുസ്സ് മറ്റു ട്യൂബിനെ അപേക്ഷിച്ച് 10 മടങ്ങാണ്. ഏതാണ്ട് 15 വർഷംവരെ  പ്രവർത്തിക്കുകയും ചെയ്യും.
അതിനിടെ ഊർജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാൻ കഴിവുള്ള ഗ്രാഫീൻ ആവരണം ചെയ്ത എൽ.ഇ.ഡി. ബൾബുകളാണ് ഇനി വരാൻ പോകുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയാണ് ഗ്രാഫീൻ ബൾബിന്റെയും ഉപജ്ഞാതാക്കൾ. ഗ്രാഫീൻ ബൾബുകൾ കുറച്ച് ഊർജം മാത്രമേ വികിരണം ചെയ്യുകയുള്ളു. കൂടുതൽ കാലം നിലനിൽക്കും.

നിർമ്മാണച്ചെലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ്  ഗവേഷകസംഘം ഉറപ്പു നൽകുന്നത്. വൈദ്യുതിയെ വേഗം കടത്തിവിടുന്നതും സുതാര്യവും കൂടുതൽ പ്രകാശം തരുന്നതുമാണ് ഗ്രാഫീൻ. കൂടതൽ ചൂടുത്പാദിപ്പിക്കാതെ, വൈദ്യുതി ഉപയോഗിക്കാതെ കൂടുതൽ പ്രകാശം നൽകുന്നതിനാൽ തന്നെ ഗ്രാഫീൻ ബൾബുകൾ പരിസ്ഥിതി സൗഹൃദവുമാണ്.
എൽ.ഇ.ഡി. നിസ്സാരക്കാരനല്ല
എൽ.ഇ.ഡി. ബൾബുകളുടെ വ്യാപനം കൊണ്ട് ഉണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള 77 കോടി പരമ്പരാഗത ബൾബുകളും സി.എഫ്.എല്ലുകളും 3.5 കോടി തെരുവു വിളക്കുകളും മാറ്റി പകരം എൽ.ഇ.ഡി. സ്ഥാപിച്ചാൽ മൂന്നു വർഷം കൊണ്ട് 85 ലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണ്ടെത്തൽ.

ശരാശരി കുടുംബത്തിന് വൈദ്യുതി ബില്ലിൽ 200 രൂപ വരെ കുറയ്ക്കാനും കഴിയും.
ഇനി കാർഷിക മേഖലയിൽ
എൽ.ഇ.ഡി. വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്  കാർഷിക മേഖലയിൽ പമ്പ് സെറ്റുകളുടെയും സീലിങ് ഫാനിന്റെയും ഊർജ ഉപയോഗം കുറയ്ക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒപ്പം സംസ്ഥാനങ്ങളുമായി ചേർന്ന് പാതയോരങ്ങളിലും മാർക്കറ്റുകളിലും എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

എൽ.ഇ.ഡി. ബൾബുകളുടെ വില കുറച്ച് വിപണനം നടത്താനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് വൻ തുക വകയിരുത്താനും പദ്ധതിയുണ്ട്. സോളാർ പമ്പുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  50,000 കോടിയുടെ നിക്ഷേപമിറക്കാനും തീരുമാനമുണ്ട്.