തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗൂഗിളില്‍ പരതുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ അമേരിക്കയടക്കം പല രാജ്യങ്ങളിലും ഗൂഗിള്‍ സെര്‍ച്ചിന് പകരം മിക്കവരും ആശ്രയിക്കുന്നത് വോയ്‌സ് അസിസ്റ്റന്റ് സംവിധാനങ്ങളെ അഥവാ ശബ്ദസഹായികളെയാണ്.
ആപ്പിള്‍ സിരി ( Siri ), മൈക്രോസോഫ്റ്റ് കോര്‍ട്ടാന ( Cortana ), ഗൂഗിള്‍ നൗ ( Google Now ).... ഈ മൂന്ന് വോയ്‌സ് അസിസ്റ്റന്റുകളില്‍ ഏതിന്റെയെങ്കിലും സഹായമില്ലാതെ പലര്‍ക്കും ഒരുദിവസം പോലും കഴിയാനാകില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്.
സേര്‍ച്ച്ബാറില്‍ ടൈപ്പ് ചെയ്യുന്നതിന് പകരം വെറുതെയൊന്ന് ചോദിച്ചാല്‍ ഉടന്‍ മറുപടി കിട്ടുമെന്നതാണ് വോയ്‌സ് അസിസ്റ്റന്റുകളുടെ സൗകര്യം. ഒബാമയ്ക്ക് എത്ര വയസായി എന്നോ, തൊട്ടടുത്ത് നല്ല ചൈനീസ് ഭക്ഷണം കിട്ടുന്ന ഹോട്ടലേതാണ് എന്നോ ഒക്കെയുള്ള കാര്യങ്ങള്‍ ഫോണിനോട് ഉറക്കെയൊന്ന് ചോദിച്ചാല്‍ മതി, മണിമണിയായി ഉടന്‍ ഉത്തരം ലഭിക്കും.
നിങ്ങളുടെ ശബ്ദം വോയ്‌സ് കമാന്‍ഡാക്കി മാറ്റി അത് ഗൂഗിളില്‍ പരതി വിവരം കണ്ടെത്തി പറഞ്ഞുതരുകയാണ് വോയ്‌സ് അസിസ്റ്റന്റുകള്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സിന്റെ (നിര്‍മിതബുദ്ധിയുടെ) സാധ്യതകളുപയോഗിച്ചാണ് വോയ്‌സ് അസിസ്റ്റന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
വോയ്‌സ് അസിസ്റ്റന്റുകള്‍ക്ക് വലിയ സാധ്യതകളുണ്ടെങ്കിലും, അവയുടെ ഏറ്റവും വലിയ പരിമിതി അവ ഇന്റര്‍നെറ്റില്ലാതെ (ഓണ്‍ലൈനിലല്ലാതെ) പ്രവര്‍ത്തിക്കില്ല എന്നതാണ്. ആ പരിമിതി മറികടക്കാന്‍ ഗൂഗിള്‍ ശ്രമം തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിനൊപ്പം കുറേക്കാലമായി ഗൂഗിള്‍ നൗ എന്ന വോയ്‌സ് അസിസ്റ്റന്റുണ്ട്. ഏറ്റവുമൊടുവിലിറങ്ങിയ മാഷ്മലോ വെര്‍ഷനിലെ 'നൗ ഓണ്‍ ടാപ്പ്' എന്ന വോയ്‌സ് അസിസ്റ്റന്റ് ഓപ്ഷന്‍ ഏറെ ആരാധകരെ നേടിയിരുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാതെയും (ഓഫ് ലൈനിലും) വോയ്‌സ് അസിസ്റ്റന്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണ് ഗൂഗിള്‍.
ഡാറ്റ കണക്ഷന്‍ ഇല്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( AI ) എങ്ങനെ സാധ്യമാക്കാമെന്ന വിശദീകരിക്കുന്ന ഒരു ഗവേഷണപ്രബന്ധം കഴിഞ്ഞയാഴ്ച ഗൂഗിള്‍ പ്രസിദ്ധീകരിച്ചു. ഇയൊരു സംവിധാനം നടപ്പിലാക്കാന്‍ തുടരുന്ന വിപുലമായ ഗവേഷണപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും പ്രബന്ധത്തിലുണ്ട്.
ഗൂഗിള്‍ വോയ്‌സ് സംവിധാനത്തിലേക്കു വന്ന രണ്ടായിരം മണിക്കൂര്‍ ദൈര്‍ഘ്യമേറിയ സംഭാഷണശകലങ്ങള്‍ ഇഴകീറി പരിശോധിക്കുകയാണ് ഗൂഗിള്‍ ഇതിനായി ആദ്യം ചെയ്തത്. പല രാജ്യങ്ങളില്‍ നിന്നായി പല പ്രായക്കാര്‍ നടത്തിയ പത്തുകോടി സംഭാഷണങ്ങളുടെ റെക്കോഡുകള്‍ ഇതിന് വേണ്ടി ഉപയോഗിച്ചു. ഇതിന് പുറമെ യുട്യൂബില്‍ നിന്നുളള സംഭാഷങ്ങളുടെയും സഹായം തേടി.
ഈ സംഭാഷണങ്ങളുടെയെല്ലാം രീതിയും വേഗവും വേര്‍തിരിച്ചു മനസിലാക്കി പ്രവര്‍ത്തിക്കുന്നൊരു ലോക്കല്‍ വോയ്‌സ് സിസ്റ്റത്തിന്റെ അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിലാണ് തങ്ങളെന്ന് പ്രബന്ധത്തില്‍ ഗൂഗിള്‍ വെളിപ്പെടുത്തുന്നു.
ആ െക 20.3 എംബി വലിപ്പം മാത്രമേയുള്ളൂ പുതിയ വോയ്‌സ് സിസ്റ്റത്തിന്. ഇപ്പോഴുള്ള വോയ്‌സ് സിസ്റ്റത്തേക്കാള്‍ ഏഴിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കാനും പുതിയ സിസ്റ്റത്തിന് സാധിക്കും.
ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ചെയ്യേണ്ട ജോലികളെല്ലാം ഈ 'ഓഫ്‌ലൈന്‍ വോയ്‌സ് സിസ്റ്റ'ത്തിന് ചെയ്യാന്‍ കഴിയും. ഉദാരണത്തിന് ഒരാള്‍ക്ക് ഈമെയില്‍ അയയ്ക്കണമെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വോയ്‌സ് അസിസ്റ്റന്റിന് പറഞ്ഞുകൊടുക്കാന്‍ ഡാറ്റ ഓണ്‍ ചെയ്യേണ്ട കാര്യമില്ല. ഓഫ്‌ലൈന്‍ മോഡില്‍ തന്നെ വോയ്‌സ് അസിസ്റ്റന്റ് അതെല്ലാം ശ്രദ്ധിച്ചുകേട്ട് ഈമെയില്‍ തയ്യാറാക്കിവെക്കും. പിന്നീട് ഡാറ്റ ഓണ്‍ ആകുന്ന സമയത്ത് കൃത്യമായി മെയില്‍ അയയ്ക്കും.
ഇതുപോലെ ഒട്ടനവധി കാര്യങ്ങള്‍ ഓഫ്‌ലൈന്‍ വോയ്‌സ് അസിസ്്റ്റന്റിന് ചെയ്യാന്‍ സാധിക്കും. അവസാഘട്ട മിനുക്കുപണികള്‍ തീര്‍ത്ത് ഈ വര്‍ഷം തന്നെ ഈ സംവിധാനം പുറത്തിറക്കാന്‍ ഗൂഗിള്‍ ശ്രമിക്കുകയാണ്. ഒരുപക്ഷേ ആന്‍ഡ്രോയ്ഡിന്റെ വരുംവെര്‍ഷനില്‍ തന്നെ ഇത് സ്ഥാനം പിടിക്കാനിടയുണ്ട്.