ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനപ്രതിനിധികള്‍ക്ക് ആശയങ്ങള്‍ പങ്ക്‌വയ്ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് പാര്‍ലമെന്റെന്ന് രാജീവ് ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ് നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിനും പങ്കുണ്ട്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു തന്നു. മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാടുകളെ നേരിട്ടത്. ഭക്ഷ്യസുരക്ഷാ പദ്ധതി കേരളം അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് മോദി ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ നിന്ന്:
  • പാര്‍ലമെന്റ് നടക്കുന്നില്ലെങ്കില്‍ അതിന്റെ നഷ്ടം എല്ലാവര്‍ക്കുമാണ്. ചരക്ക് സേവന നികുതി ബില്‍ ഞങ്ങളുടെതാണെന്ന് പറയുന്നു. സത്യത്തില്‍ ഈ ബില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്
  • വിവിധ ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണം. സ്വകാര്യ ലാഭത്തിനായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ല. 
  • ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാനുള്ള സമയമാണ് നഷ്ടമാകുന്നത്.
  • വിദ്യഭ്യാസം,ആരോഗ്യം അടക്കം വിവിധ മേഖലയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യണം.
  • മെയ്ക്ക് ഇന്‍ ഇന്ത്യ രാജ്യത്തിന് വേണ്ടിയാണ്. 
  • കഴിഞ്ഞ സര്‍ക്കാര്‍ പട്ടിണി ഇല്ലാതാക്കിയിരുന്നെങ്കില്‍ തൊഴിലുറപ്പ് പോലെയുള്ള പദ്ധതികള്‍ രാജ്യത്തിന് ആവശ്യമില്ല
  • പ്രായമാകുമ്പോള്‍ ചില മനുഷ്യര്‍ പഠിക്കും. എന്നാല്‍, ചിലര്‍ക്ക് അതിനും കഴിയില്ല. 
  • കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറയുന്നു തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന്. ഇതിനെ താന്‍ അംഗീകരിക്കുന്നു. 
  • 2012 ലെ സി.എ.ജി റിപ്പോര്‍ട്ട് വിശദമായി പഠിക്കണം. അഞ്ച് സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്
  • ഞാന്‍ പുതിയ ആളാണ്. നിങ്ങളാണെങ്കില്‍ പരിചയ സമ്പന്നരും. രാജ്യത്തിനായി നമ്മുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 
  • നിലവിലെ സാഹചര്യങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാം. 10 വര്‍ഷം ഭരിച്ച യു.പി.എ റയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 9,291 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍, ഞങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് 32,587 കോടി രൂപ റെയില്‍വേ വികസനത്തിനായി ചെലവാക്കി.
  • സൗഗത റോയ് പറയുന്നു പ്രധാനമന്ത്രി കിസാന്‍ ബീമാ യോജന നിലവില്‍ 45 ജില്ലകളിലാണുള്ളതെന്ന്. എന്നാല്‍, ഇത് രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നാണ് തന്റെ അഭിപ്രായം.
  • 2014 മേയില്‍ അധികാരമേല്‍ക്കുമ്പോള്‍ 11 സംസ്ഥാനങ്ങള്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ നിയമം അംഗീകരിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, മിസോറാം, മണിപ്പൂര്, അരുണാചല്‍ പ്രദേശ് തുടങ്ങിയവ ഇതുവരെ അംഗീകരിച്ചില്ല. 
  • അഞ്ച് സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. 
  • രാജ്യത്തെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുന്നതിനുള്ള വിത്ത് നടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 
  • കോണ്‍ഗ്രസ് പാവപ്പെട്ടവരെ 60 വര്‍ഷമായി സഹായിച്ചില്ലെന്ന വാദത്തെ തള്ളിക്കളയാന്‍ ആരും തയാറാകുന്നില്ല. പാവപ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു. 
  • പ്രാഥമിക വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 
  • രാജ്യാന്തര വനിതാ ദിനത്തില്‍ വനിതാ അംഗങ്ങള്‍ മാത്രം സഭയില്‍ സംസാരിക്കണം. സ്ത്രീ ശാക്തീകരണത്തില്‍ നിര്‍ണായക മുന്നേറ്റമാണ് രാജ്യം നടത്തിയത്.