3/12/2016

റിയല്‍ എസ്റ്റേറ്റ് നിയമം ജനങ്ങള്‍ക്ക് ഏറെ ഗുണകരംനിലവിലുള്ളവയ്ക്കും ബാധകം,

janmabhumidaily.com

റിയല്‍ എസ്റ്റേറ്റ് നിയമം നിലവിലുള്ളവയ്ക്കും ബാധകം, ജനങ്ങള്‍ക്ക് ഏറെ ഗുണകരം

ജന്മഭൂമി
houseന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്‌റ്റേറ്റ് നിയമം, നിലവിലുള്ള പദ്ധതികള്‍ക്കും ബാധകം. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്കും പുതിയ നിയമം ബാധകമാകും. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ബില്‍ വ്യാഴാഴ്ച രാജ്യസഭ പാസാക്കിയിരുന്നു.
ഫഌറ്റുകള്‍ക്കും വീടുകള്‍ക്കും വിലയുടെ സിംഹഭാഗവും നല്‍കിയിട്ടും അവ എങ്ങും എത്താതെ ഉപഭോക്താക്കളെ വലയ്ക്കുന്ന ആയിരക്കണക്കിന് നിര്‍മ്മാതാക്കളാണ് രാജ്യത്തൊട്ടാകെയുള്ളത്. പുതിയ നിയമം അവര്‍ക്ക് കനത്ത തിരിച്ചടിയാകും.ഇവര്‍ പിഴ നല്‍കേണ്ടിവരും.
ഭവന നിര്‍മ്മാണത്തിന് പണം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കൂര പോലും ലഭിക്കാതെ വലയുന്ന ജനലക്ഷങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നിയമം. പുതിയ നിയമം വഴിയിലെ വലിയ തടസമാണെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്റെ കോണ്‍ഫെഡറേഷന്റെ നിലപാട്.
ജനങ്ങളുടെ താല്പ്പര്യം സംരക്ഷിക്കുന്ന, റിയല്‍ എസ്‌റ്റേറ്റുകാരുടെ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ബില്ലാണ് ഇത്.
1 ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തും റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി രൂപീകൃതമാകും.
2 ഫഌറ്റ്, വില്ല, ഭവന നിര്‍മ്മാതാക്കള്‍ ഈ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
3 നിര്‍മ്മാതാവിന്റെ പേര്, പദ്ധതിയുടെ വിശദവിവരങ്ങള്‍, ലേ ഔട്ട് പഌന്‍, ഭൂമിയുടെ ഉടമസ്ഥാവകാശം, കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി, കരാറുകള്‍, റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്, കരാറുകാരന്‍, ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍ തുടങ്ങിയ വിശദവിവരം ഈ അതോറിറ്റിയില്‍ സമര്‍പ്പിക്കണം.
3 മത, ജാതി, ലിംഗ വിവേചനം പാടില്ല. ഒരു ഫഌറ്റ് സമുച്ചയത്തില്‍ ആര്‍ക്കും വീടു വാങ്ങാം. ഏതെങ്കിലും ഒരു പ്രത്യേക സമുദായക്കാരനായതിനാല്‍ വീട് നല്‍കാതിരിക്കാനാവില്ല. മൂന്നാം ലിംഗക്കാരോടും വിവേചനം പാടില്ല.
4 വസ്തു, വീട് എന്നിവയ്ക്കുവേണ്ടി വാങ്ങുന്ന പണത്തില്‍ 70 ശതമാനവും ഫഌറ്റ്, ഭവന നിര്‍മ്മാതാവ് ബാങ്കില്‍ നിക്ഷേപിക്കണം.
5 വീട്, ഫഌറ്റ് നിര്‍മ്മാണം സമയത്തിന് തീര്‍ത്ത് ഉടമസ്ഥന് കൈമാറുന്നുണ്ടോയെന്ന് അതോറിറ്റി നിരീക്ഷിക്കും.
6 പ്രാദേശിക അധികാരികളില്‍ നിന്നുള്ള മുഴുവന്‍ അനുമതികളും രജിസ്‌ട്രേഷനും ലഭിക്കാതെ നിര്‍മ്മാണം തുടങ്ങാന്‍ അനുവദിക്കില്ല.
7 നിലവിലുള്ള അപൂര്‍ണ്ണമായ എല്ലാ പദ്ധതികളും പുതിയ നിയമത്തിന്റെ കീഴില്‍ വരും.
8 500 ചതുരശ്ര മീറ്ററോ, എട്ട് അപ്പാര്‍ട്ടുമെന്റുകളോ ഉള്ള ഏതു പദ്ധതിയും നിയമത്തിന്റെ പരിധിയില്‍ വരും. (സംസ്ഥാനങ്ങള്‍ക്ക് ഇത് കൂടുതല്‍ കര്‍ക്കശമാക്കാം)
9 ഫഌറ്റുകളുടേയും വീടുകളുടേയും കളര്‍ചിത്രങ്ങള്‍ കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച് പണം പിടുങ്ങിയ ശേഷം വീട് സമയത്തിന് പണിതു കൊടുക്കാതിരിക്കാന്‍ ആവില്ല. വൈകിയാല്‍ പിഴ ഒടുക്കേണ്ടിവരും. മാത്രമല്ല ലഘുലേഖകളിലും പരസ്യങ്ങളിലും തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചിച്ചാല്‍ ഉപഭോക്താവിന് അവര്‍ നല്‍കിയ പണം പലിശ സഹിതം മടക്കി നല്‍കേണ്ടിവരും.
10 അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ക്കും വീടു വാങ്ങുന്നവര്‍ക്കും ഒരു വര്‍ഷവും തടവും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
11 തെറ്റായ പരസ്യം നല്‍കിയാല്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
12 കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും അവയുടെ നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കണം.
13 അവ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. ഇവ പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയണം.
14 വീടുകള്‍ക്കുണ്ടാകുന്ന പിഴവുകള്‍ നിര്‍മ്മാതാവ് തന്നെ പരിഹരിച്ചു നല്‍കണം. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി.
15 നിയമത്തില്‍ കാര്‍പ്പറ്റ് ഏരിയ വ്യക്തമായി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇനി സൂപ്പര്‍ ബില്‍റ്റ് ഏരിയ എന്നു പറഞ്ഞ് പണം വാങ്ങാന്‍ കഴിയില്ല.
16 ഫഌറ്റ് പദ്ധതിയില്‍ മൂന്നില്‍ രണ്ടു പേരുടേയും അനുമതിയില്ലാതെ പഌനില്‍ മാറ്റം വരുത്താനാവില്ല. അതായത് ഫഌറ്റുകളുടെയോ മുറികളുടേയോ എണ്ണം കൂട്ടാനോ കുറയ്ക്കാനോ ഉടമകളുടെ അനുമതി വേണം.
17 ഭൂമിക്ക് പ്രമാണ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. പ്രമാണമോ ആധാരമോ കുഴപ്പമുള്ളതാണെന്ന് പിന്നീട് തെളിഞ്ഞാല്‍ നിര്‍മ്മാതാവിനും കെട്ടിട ഉടമയ്ക്കും പ്രശ്‌നം ഉണ്ടാകാതിരിക്കാനാണിത്.
18 ഒരു പദ്ധതിക്കുള്ള തുക മറ്റൊരു പദ്ധതിക്ക് ചെലവിടാന്‍ കഴിയില്ല. ഒരു പദ്ധതി തുടങ്ങിയാല്‍ ആ പദ്ധതിക്കുവേണ്ടി പ്രത്യേകം അക്കൗണ്ട് തുടങ്ങണം.
19 കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റും ബില്ലിന്റെ പരിധിയില്‍.
‘ബില്‍ സ്വാഗതാര്‍ഹം’
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് ബില്ലിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണെന്ന് പ്രമുഖ ബില്‍ഡര്‍മാര്‍ പറഞ്ഞു. കേരള ബില്‍ഡേഴ്‌സ് അസോസിയേഷനും ബില്ലിനെ സ്വാഗതം ചെയ്തു.ഉപഭോക്താക്കള്‍ക്ക് ഏറെ സുരക്ഷിതത്വം നല്‍കുന്നതാണ് ബില്ല്. ബില്‍ഡേഴ്‌സിന്റെ വിശ്വാസ്യതയും പുതിയ ബില്ലിലൂടെ വര്‍ധിക്കും. ഉപഭോക്താവിന് പൂര്‍ണ സംരക്ഷണം നല്‍കുന്ന ബില്‍ സ്വാഗതം ചെയ്യുന്നതായി യശോറാം ബില്‍ഡേഴ്‌സ് എംഡി എ.ആര്‍.എസ്. വാദ്ധ്യാര്‍ പറഞ്ഞു. ഈ മേഖലയില്‍ കള്ളപ്പണം തടയാന്‍ ലക്ഷ്യമിടുന്ന ബില്‍ നിര്‍മാണ മേഖലയെ ചെറുതായി ബാധിച്ചേക്കാം. എന്നാലും സുതാര്യമായ പ്രവര്‍ത്തനം ഈ മേഖലയിലുള്ള വിശ്വാസം വര്‍ധിക്കാന്‍ കാരണമായേക്കുമെന്നും വാദ്ധ്യാര്‍ പറഞ്ഞു. ഉപഭോക്താവ് നിക്ഷേപിക്കുന്ന പണം ബില്‍ഡേഴ്‌സിന് വകമാറ്റി ചെലവഴിക്കാന്‍ കഴിയില്ല എന്ന നിയമം ഈ മേഖലയെ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് ബില്‍ സ്വാഗതം ചെയ്യുന്നതായി കേരള ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പത്മജന്‍ പറഞ്ഞു. ഉപഭോക്താവിന് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ബില്‍ ഈ മേഖലക്ക് ഏറെ പ്രയോജനകരമാകും. ഉദ്യോഗസ്ഥര്‍ ബില്ലിനെ ദുര്‍വിനിയോഗം ചെയ്യാതിരുന്നാല്‍ ഈ മേഖല കൂടുതല്‍ ശക്തമാകും.
കള്ളപ്പണം കുറയുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മന്ദതക്കിടയാക്കിയിട്ടുണ്ട്. ഈ മേഖലയിലെ കള്ളനാണയങ്ങള്‍ പുറത്താകാന്‍ ഈ ബില്ല് ഏറെ സഹായിക്കുമെന്നും പത്മജന്‍ പറഞ്ഞു.
Related News from Archive
Editor's Pick

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1