ലണ്ടന്‍: ഭൂമിയില്‍ ജീവന്‍ എത്തിയത് വാല്‍നക്ഷത്രങ്ങളില്‍നിന്നോ ഉല്‍ക്കകളില്‍നിന്നോ ആയിരിക്കാമെന്ന വാദത്തിന് തെളിവുമായി ഫ്രഞ്ച് ഗവേഷകര്‍.
ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സി.എന്‍.ആര്‍.എസ്.) ശാസ്ത്രജ്ഞര്‍ ഇതിനായി വാല്‍നക്ഷത്രത്തിലെ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണം നടത്തുകയായിരുന്നു.
വിശദപരിശോധനയില്‍ ജീവന്റെ അടിസ്ഥാനഘടകമായ ആര്‍.എന്‍.എ.യിലെ റൈബോസ് ഉത്പാദിക്കപ്പെട്ടതായി കണ്ടെത്തി.
ഡീഓക്സി റൈബോ ന്യൂക്ലിക് ആസിഡും (ഡി.എന്‍.എ.) റൈബോ ന്യൂക്ലിക് ആസിഡുമാണ് (ആര്‍.എന്‍.എ.) ഭൂമിയിലെ എല്ലാ ജീവികളിലെയും അടിസ്ഥാന ജനിതക ഘടകം. ഇവയിലെ മിക്ക ചേരുവകളും വാല്‍നക്ഷത്രങ്ങളിലും ഉല്‍ക്കകളിലും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പഞ്ചസാരഘടകമായ റൈബോസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നുന്നില്ല.
വാല്‍നക്ഷത്രങ്ങളിലെ സാഹചര്യം കൃത്രിമമായുണ്ടാക്കി നടത്തിയ പരീക്ഷണത്തില്‍ റൈബോസ് കണ്ടെത്തിയത് വാല്‍നക്ഷത്രങ്ങളിലും റൈബോസ് ഉണ്ടാവുമെന്നതിന് തെളിവായി ഗവേഷകര്‍ കരുതുന്നു.
ജലം, മെഥനോള്‍, അമോണിയ എന്നിവയുടെ മിശ്രിതം ശൂന്യഅറയില്‍ മൈനസ് 195 ഡിഗ്രി തണുപ്പിച്ചാണ് പരീക്ഷണശാലയില്‍ വാല്‍നക്ഷത്രത്തേതിന് സമാനമായ സാഹചര്യമൊരുക്കിയത്.
ഭൂമിയില്‍ ആര്‍.എന്‍.എ. അടിസ്ഥാനമാക്കിയുള്ള ജീവനാണ് ആദ്യം ഉണ്ടായതെന്നാണ് കരുതുന്നത്. ഭൂമിയില്‍ വന്നിടിച്ച വാല്‍നക്ഷത്രങ്ങളില്‍നിന്നോ ഉല്‍ക്കകളില്‍ നിന്നോ ആവാം ആര്‍.എന്‍.എ. ഘടകങ്ങള്‍ ഇവിടെ എത്തി ജീവന് കാരണമായിത്തീര്‍ന്നതെന്ന് വലിയവിഭാഗം ഗവേഷകര്‍ കരുതുന്നു.
അങ്ങനെയെങ്കില്‍ ജീവന്‍ പ്രപഞ്ചത്തിന്റെ പൊതുസ്വഭാവമാണെന്നും അന്യഗ്രഹങ്ങളിലും ജീവന്‍ ഉണ്ടാവാമെന്നും ഗവേഷകര്‍ പറയുന്നു. 'സയന്‍സ്' ജേര്‍ണലിലാണ് ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.