സ്മാര്‍ട്‌ഫോണുകളുടെ അദ്ഭുതങ്ങള്‍ക്ക് അറുതിയായോ? ലോകമെങ്ങുമുള്ള വിപണികള്‍ നല്‍കുന്ന സൂചന അതാണ്. പത്തുവര്‍ഷത്തെ വന്‍വളര്‍ച്ചയ്ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയുടെ ഗ്രാഫ് പതിയെ താഴോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. മുന്‍നിര കമ്പനികളുടെ ഫ് ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് പഴയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നില്ല. തൊട്ടുമുമ്പിറങ്ങിയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും പുതിയ ഫോണിനില്ല എന്നത് കൊണ്ടാണിത്.
ഇന്ത്യയും ചൈനയും പോലുള്ള വികസ്വര വിപണികളിലല്ലാതെ സ്മാര്‍ട്‌ഫോണുകളോട് വലിയ ആവേശമൊന്നുമില്ല എവിടെയും. ഐഫോണിന്റെ പുതിയ വെര്‍ഷന്‍ ഇറങ്ങുന്നതിന്റെ തലേന്ന് രാത്രി മുതല്‍ ആപ്പിള്‍ സ്‌റ്റോറിന് മുന്നില്‍ ആളുകള്‍ ക്യൂ നിന്ന കാലമൊക്കെ പഴങ്കഥയായി. കൈയിലുളള ഫോണ്‍ മാറ്റി പുതിയത് വാങ്ങാന്‍ വികസിതരാജ്യങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യമില്ല.
കൈവെള്ളയിലൊതുങ്ങേണ്ട സ്മാര്‍ട്‌ഫോണിനുള്ളില്‍ പറ്റാവുന്നിടത്തോളം ടെക്‌നോളജിയും സാങ്കേതികസൗകര്യങ്ങളും കുത്തിക്കയറ്റിക്കഴിഞ്ഞു. 'മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ' എന്ന് സിനിമയില്‍ ചോദിച്ചതുപോലെ ഇന്നൊവേഷനൊക്കെ ഒരു പരിധിയില്ലേ എന്നാകും സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗത്തിലെ എഞ്ചിനിയര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
സ്മാര്‍ട്‌ഫോണിന്റെ പരിധിയും പരിമിതികളും മറികടക്കാന്‍ പുത്തനൊരു സൂത്രം കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് സാംസങ് ഇപ്പോള്‍. കൊറിയന്‍ ടെക്‌നോളജി വെബ്‌സൈറ്റായ ഇ.ടി. ന്യൂസിന്റെ എക്‌സ്‌ക്ലുസീവ് സ്‌റ്റോറി വിശ്വസിക്കാമെങ്കില്‍ മടക്കിവെക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനി ഉടന്‍തന്നെ വില്പനയ്‌ക്കെത്തിക്കും.
ഓ, ഇതിലെന്താണിത്ര പുതുമ എന്ന് പഴയ ഫ് ളിപ് ഓപ്പണ്‍ മോഡല്‍ ഫീച്ചര്‍ ഫോണുകള്‍ കണ്ടിട്ടുള്ള പഴമക്കാര്‍ ചോദിച്ചേക്കും. സ്‌ക്രീനിന്റെയും കീപാഡിന്റെയും നടുവിലൂടെ മുറിയുന്ന പഴയ മോഡലല്ല സ്‌ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ-ടെക് ഫ് ളിപ് മോഡലാണ് സാംസങ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
കാഴ്ചയില്‍ അഞ്ചിഞ്ച് വലിപ്പമുള്ള ഡിവൈസായിരിക്കും സാംസങിന്റെ പുതിയ ഫ് ളിപ് ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പുസ്തകം പോലെ ഈ ഫോണ്‍ തുറക്കുമ്പോള്‍ ഉള്ളില്‍ ഏഴിഞ്ച് വലിപ്പമുള്ള വലിയ സ്‌ക്രീന്‍ വിരിഞ്ഞുവരും.
സ്മാര്‍ട്‌ഫോണിനുള്ളില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ സൗകര്യങ്ങളൊരുക്കുന്ന ഈ ഫോണിന് 'സ്മാര്‍ട്‌ലെറ്റ്' എന്നാണേ്രത സാംസങ് ഇപ്പോഴിട്ടിരിക്കുന്ന പേര്. ഈ ഫോണ്‍ നിര്‍മാണ പ്രോജക്ടിന് 'ഫോള്‍ഡബിള്‍ വാലി' എന്നും പേര് നല്‍കിയിട്ടുണ്ട്.
മടക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് സ്‌ക്രീനുകളാകും ഫോണിലുണ്ടാകുക. സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ്‌സ്ലോട്ട്, ഊരിയെടുക്കാനാവാത്ത ബാറ്ററി... ഇറങ്ങാന്‍ പോകുന്ന മടങ്ങുംഫോണിന്റെ സാങ്കേതികവിവരങ്ങളും ഇ.ടി. ന്യൂസിന്റെ വാര്‍ത്തയിലുണ്ട്. 2017 ജനവരിയോടെ ഈ ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നും ഇ.ടി. ന്യൂസ് ഉറപ്പിച്ചു പറയുന്നു.
മടങ്ങുംഫോണിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ സാംസങ് തയ്യാറായിട്ടില്ല. എന്നാല്‍ ചുരുട്ടാനും മടക്കാനും കഴിയുന്ന ഡിസ്‌പ്ലേകള്‍ വികസിപ്പിച്ചെടുക്കാന്‍ കമ്പനി ഏറെക്കാലമായി ശ്രമം നടത്തിവരുകയാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 2013ലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഇത്തരമൊരു ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് സാംസങ് അവതരിപ്പിച്ചതുമാണ്.
ഉത്സാഹം കെട്ടുപോയ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ ആവേശം നിറയ്ക്കാന്‍ സാംസങിന്റെ മടങ്ങുംഫോണിന് സാധിക്കുമോ എന്നാണിനി അറിയേണ്ടത്.