നീറ്റ്; ചരിത്രം തിരുത്തുന്ന വിധി
നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.നിലവില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അതാത് സംസ്ഥാനങ്ങളില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ അവരുടേതായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (സി.ഇ.ടി) നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
വ്യത്യസ്ത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെറിറ്റിടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നേടാന്‍ പലതരത്തിലുള്ള പ്രവേശന പരീക്ഷകളാണ് രാജ്യത്ത് നിലവിലിരുന്നത്. രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ തൊണ്ണൂറിലേറെ പരീക്ഷകളുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പരിഗണിച്ചാണ് ഏകീകൃത പരീക്ഷ എന്ന ആവശ്യമുയര്‍ന്നത്.
2013ല്‍ നീറ്റ് എക്സാം നടത്തി എം.ബി.ബി.എസ്,പിജി കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കോളേജുകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നീറ്റ് റദ്ദാക്കുകയായിരുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള ഭരണഘടനാ അവകാശത്തെ പൊതുപ്രവേശന പരീക്ഷ ഹനിക്കുന്നു എന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. എന്നാല്‍ ഇപ്പോഴത്തെ വിധിയില്‍ ഭരണഘടനാ ബെഞ്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പുതിയ വിധി ബാധകമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം, 2013ല്‍ സുപ്രീംകോടതി രാജ്യവ്യാപകമായി സര്‍ക്കാര്‍ കോളേജുകളിലേക്ക് ഏകീകൃത പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സി.ബി.എസ്.ഇ. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിവരികയായിരുന്നു. ഇത്തവണത്തെ പരീക്ഷ മേയ് ഒന്നിന് നടക്കേണ്ടതായിരുന്നു.
എന്നാല്‍ 2013-ലെ വിധിക്കെതിരെ സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന സര്‍ക്കാരിതര സംഘടന സുപ്രീം കോടതിയെ വീണ്ടും സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2013ല്‍ നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി ഏപ്രില്‍ 11-ന് റദ്ദാക്കി.
ജസ്റ്റിസ്. എ.ആര്‍. ദാവെ, ശിവ കീര്‍ത്തി, എ.കെ. ഗോയല്‍ എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. പരീക്ഷ നടപ്പിലാക്കുന്നതില്‍ മെഡിക്കല്‍ കൗണ്‍സിലും സി.ബി.എസ്.ഇയും പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ നിരവധി പരീക്ഷകള്‍ക്ക് വിധേയരാകാന്‍ നിര്‍ബന്ധിക്കപ്പടും എന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് ചിലവഴിക്കേണ്ടി വരുന്നതെന്നും നീറ്റ് പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ യാതൊരു തടസവുമില്ലെന്നും സംഘടന കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ നീറ്റ് നടപ്പിലാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനേയും സി.ബി.എസ്.ഇയേയും നിര്‍ബന്ധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുണ്ടാവണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഈ വര്‍ഷം തന്നെ നീറ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാദങ്ങള്‍ അംഗീകരിച്ച കോടതി നീറ്റ് നടപ്പിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ബുധനാഴ്ച ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരുന്നു.
രാജ്യത്താകമാനം എഴുപതിനായിരം എം.ബി.ബി.എസ്. സീറ്റുകളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ സീറ്റുകളും ഉള്‍പ്പെടും. അതിനാല്‍ സീറ്റുകള്‍ വിറ്റഴിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തി പൂര്‍ണമായും മെറിറ്റിന് പ്രാധാന്യം നല്‍കുന്ന നീക്കമാണ് കോടതി നല്‍കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും മേനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താനും നീറ്റ് ഫലം പരിഗണിക്കേണ്ടതായി വരും എന്നതാണ് വിധിയുടെ സവിശേഷത.
മേയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം ഘട്ട പരീക്ഷയായി കണക്കാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നിലവില്‍ ഇതിനായി തയ്യാറെടുത്തിരുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പരിഗണിച്ചാണ് തീരുമാനം. ബാക്കിയുള്ളവര്‍ക്ക് നീറ്റിനായി തന്നെ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും സമയം നല്‍കും. ഇവര്‍ക്കായി ജൂലൈ 24ന് പരീക്ഷ നടത്തും. ആഗസ്ത് 17ന് ഫലം പ്രസിദ്ധീകരിച്ച് സപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്കാണ് നീറ്റ് പരീക്ഷ നടപ്പിലാക്കുന്നത്. സുപ്രീം കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍നിന്ന് ഇവയുടെ ഫലങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍ ആയുര്‍വേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സില്‍നിന്നു തന്നെയാകും പ്രവേശനം അനുവദിക്കുക. ഭാവിയില്‍ ഇതും നീറ്റിനു കീഴില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ