
നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ
ജാമ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയ്‌ക്കൊപ്പം
ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും.നിയമമന്ത്രി
സദാനന്ദ ഗൗഡ പുതിയ ലോ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ്. ചൗഹാനുമായി
ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി. ജാമ്യത്തിന്റെ കാര്യത്തില്‍
പൊതുമാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കാന്‍ കമ്മിഷന് സാധിക്കുമോ എന്നാണ്
സര്‍ക്കാര്‍ ആരാഞ്ഞത്. കമ്മിഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശയുടെ
അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാവുക.
ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് എടുക്കുന്ന
കേസുകളില്‍ ജഡ്ജിമാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ജാമ്യം
അനുവദിക്കാറുള്ളത്. പണവും സ്വാധീനവുമുള്ളവര്‍ എളുപ്പം ജാമ്യംനേടി
പുറത്തിറങ്ങുകയും രണ്ടുമില്ലാത്ത പാവപ്പെട്ടവര്‍ വിചാരണകാത്ത് ജയിലുകളില്‍
കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതില്ലാതാക്കി പണക്കാരനും
പാവപ്പെട്ടവനും ജാമ്യത്തിനുള്ള അവകാശം ഒരുപോലെയാക്കുകയാണ് ലക്ഷ്യം.
ജാമ്യം അവകാശമാണെന്ന് ഒട്ടേറെ കേസുകളില്‍
സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന
നിസ്സാരകുറ്റങ്ങളില്‍(ബെയ്‌ലബിള്‍ ഒഫന്‍സസ്) ഈ അവകാശം എളുപ്പം
അനുവദിക്കുന്നുണ്ട്. ജാമ്യമില്ലാത്ത ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിലാണ്
ഇരട്ടസമീപനം പലപ്പോഴും പ്രകടമാവുന്നത്.
അവകാശമെന്ന നിലയ്ക്ക് സമീപിക്കുമ്പോള്‍ ചട്ടം
പാവപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ ബാധകമാകേണ്ടതുണ്ട്. എന്നാല്‍, ഒരേതരം
കേസില്‍, ഒരുപോലുള്ള കാരണങ്ങള്‍ നിരത്തി സമര്‍പ്പിക്കുന്ന
ജാമ്യാപേക്ഷകളില്‍ത്തന്നെ വ്യത്യസ്തതീരുമാനങ്ങള്‍ കോടതിയുടെ
ഭാഗത്തുനിന്നുണ്ടാവുക പതിവാണ്. ലക്ഷങ്ങള്‍ മുടക്കി കേസുനടത്താന്‍
കഴിവുള്ളവര്‍ക്ക് ഒറ്റ അപേക്ഷയില്‍ത്തന്നെ ജാമ്യം ലഭിക്കുന്നു.
പാവപ്പെട്ട വലിയൊരു വിഭാഗത്തിന് ജാമ്യം ലഭിക്കുന്നത്
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ
പ്രോസിക്യൂഷന്‍ പാലിക്കാത്തതുകൊണ്ടുമാത്രമാണ്. 90 ദിവസത്തിനുള്ളില്‍
കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അറസ്റ്റിലായ ആള്‍ക്ക് ജാമ്യത്തിന്
തനിയെ അര്‍ഹത ലഭിക്കും.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍
പരിശോധിക്കാനും കേസിന്റെ വിശദാംശങ്ങളിലേക്കു പോകാനും പാടില്ലെന്നാണ്
വ്യവസ്ഥ. എന്നാല്‍, മേല്‍ക്കോടതികളിലെത്തന്നെ ചില ജഡ്ജിമാര്‍ അവരുടെ
വിവേചനാധികാരം ഉപയോഗിച്ച് കൂടുതല്‍ വിശദമായ ഉത്തരവുകള്‍
പുറപ്പെടുവിക്കാറുണ്ട്. പലപ്പോഴും കേസിന്റെ വസ്തുതകളിലേക്കും
തെളിവുകളിലേക്കുമുള്ള കൈകടത്തലായി അത് വ്യാഖ്യാനിക്കപ്പെടാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ