മാഗ്‌നോലി പൈയ്റ്റയെന്ന വര്‍ഗ്ഗത്തില്‍ സോലനൈസ് കുടുംബത്തില്‍പ്പെട്ടവനാണ് നമ്മുടെ തക്കാളി. ലൈക്കോപെര്‍സ്‌കോണ്‍ എസ്‌കുളെന്റം എന്നാണ് ശാസ്ത്രനാമം.
തക്കാളി കേരളീയര്‍ക്ക് പ്രിയപ്പെട്ട ഭക്ഷ്യയിനമാണ്. പച്ചക്കറികളിലെ രാജാവാണ്്. നമ്മുടെ ഒട്ടുമിക്ക പച്ചക്കറി വിഭവങ്ങള്‍ക്കും പച്ചക്കറിയിതര വിഭവങ്ങള്‍ക്കും അത്യന്താപേക്ഷിതമായ കൂട്ടാണ് തക്കാളി. ചിക്കനായാലും മട്ടണായാലും ബീഫായാലും മീന്‍കറിയായാലും തക്കാളി ചേര്‍ത്ത് പെരുക്കിയാല്‍ രുചി ചീറും. കേരളീയര്‍ക്കും ഭാരതീയര്‍ക്കും മാത്രമല്ല ലോകം മൊത്തം പ്രിയപ്പെട്ട ഭക്ഷ്യയിനമാണ് തക്കാളി. ലോകത്തെല്ലായിടത്തും ഇത് കൃഷി ചെയ്തുവരുന്നു. ഏത് കാലാവസ്ഥയിലും ഏത് കാലത്തും വളരുന്ന ഇവ മികച്ച ഫലദായനിയുമാണ്. എന്നാലും ഒരു ഉഷ്ണകാല വിളയിനമായാണ് ഇതറിയപ്പെടുന്നത്. വേവിക്കാതെ തന്നെ കഴിക്കാവുന്ന ഇത് സാലഡുകളിലെ പ്രധാന പങ്കാളിയാണ്. സോസുകളും കെച്ചപ്പുകളും എന്ന രീതിയില്‍ വ്യവസായമായും ഇത് ഉപയോഗിച്ചുവരുന്നു.അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പല ആദിമ ഗോത്രങ്ങളും ചരിത്രത്തിന് മുമ്പുള്ള കാലത്തേ ഇത് ഭക്ഷ്യവസ്തുവായി ഉപയോഗിച്ചുവരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അമേരിക്കയിലെത്തിച്ചേര്‍ന്ന സ്‌പെയിന്‍കാരിലൂടെ യൂറോപ്പിലെത്തിയ തക്കാളി അവിടെയും പ്രമുഖ പച്ചക്കറിയായി. പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് ആദ്യമായി തക്കാളിയെത്തിച്ചത് . ഇന്ന് ചൈന, അമേരിക്ക, തുര്‍ക്കി, ഈജിപ്ത് എന്നിവയോടൊപ്പം ലോകത്തെ പ്രമുഖ തക്കാളി ഉത്പാദക രാജ്യമാണ് ഇന്ത്യ.
മാഗ്‌നോലി പൈയ്റ്റയെന്ന വര്‍ഗ്ഗത്തില്‍ സോലനൈസ് കുടുംബത്തില്‍പ്പെട്ടവനാണ് നമ്മുടെ തക്കാളി. ലൈക്കോപെര്‍സ്‌കോണ്‍ എസ്‌കുളെന്റം എന്നാണ് ശാസ്ത്രനാമം.
മെക്‌സിക്കോയാണ് തക്കാളിയുടെ ജന്മദേശമെന്ന് പറയപ്പെടുന്നു. ആന്‍ഡ്രുസ്മിത്തിന്റെ 'ദ ടൊമാറ്റോ ഇന്‍ അമേരിക്ക' എന്ന പുസ്തകവും ഇത് ശരിവെക്കുന്നു. മെക്‌സിക്കന്‍ നാട്ടുഭാഷയിലെ ഒരു പദമായ നാവറ്റില്‍ നിന്നാണ് ടൊമാറ്റോ ഉരുത്തിരിഞ്ഞതെന്നും പറയുന്നു. തക്കാളിയുപയോഗിച്ചുള്ള ആദ്യപാചകഗ്രന്ഥം ഇറ്റലിയിലാണ് കണ്ടെടുക്കപ്പെട്ടത്. 16-ാം നൂറ്റാണ്ടിലേതാണിത്. സ്പാനിഷ് അധിനിവേശത്തോടെയാണ് കരീബിയന്‍ ദ്വീപുകളിലും ഏഷ്യന്‍ വന്‍കരയിലും തക്കാളിയെത്തിയത്. അക്കാലത്ത് മെഡിറ്ററേനിയന്‍ തീരങ്ങളിലാണ് തക്കാളി വ്യാപകമായി കൃഷി ചെയ്തിരുന്നത്. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ലോകം മൊത്തം തക്കാളിയായി.
തക്കാളിച്ചെടി
തക്കാളി ഉഷ്ണകാല സസ്യമായാണ് അറിയപ്പെടുന്നത്. 21 മുതല്‍ 23 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവ് ഇതിന്റെ സമൃദ്ധമായ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ശീതമേഖലയെക്കാളും കൂടുതലായി ഇതിന്റെ വിളവും വൈവിധ്യവും. നല്ല വെയില്‍ ഇതിന് ആവശ്യമാണ്. വെയിലിന്റെ ഏറ്റക്കുറച്ചിലുകള്‍ ഇതിന്റെ ഉത്പാദനത്തെയും നിറത്തെയും പോഷകമൂല്യത്തെയും സ്വാധീനിക്കും.
തക്കാളിയുടെ വര്‍ഗ്ഗങ്ങള്‍ വിവിധ തരത്തിലാണ്. നന്നായി നിവര്‍ന്നുനിന്ന് വളരുന്ന ഉയരം കുറഞ്ഞ ഇനം തക്കാളിയില്‍ വിളവിന്റെ തോത് കുറവായിരിക്കും. താങ്ങ് ആവശ്യമായ നേര്‍ത്ത് ബലംകുറഞ്ഞ തണ്ടോടുകൂടിയ ഇനത്തില്‍ നല്ല വിളവ് ലഭിക്കുന്നു. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ നീളം വെ്ക്കുന്നവയാണ് തക്കാളിച്ചെടികള്‍. ഇതിന്റെ തണ്ട് ആകമാനം രോമാവൃതമായിരിക്കും. ത്ണ്ടിലാണ് പൂക്കുലകളുണ്ടാകുന്നത്. മഞ്ഞ നിറത്തില്‍ ആറ് ബാഹ്യദളങ്ങളും ആറ് ദളങ്ങളുമാണ് പൂക്കള്‍ക്കുണ്ടാവുക. കായ പിടിക്കുന്നതോടെ ബാഹ്യദളങ്ങള്‍ കായയോടൊപ്പം ഒരു പരിധിവരെ വളരുന്നു. ഇതില്‍ സ്വപരാഗണവും പരപരാഗണവും നടക്കുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് കാണിക്കുന്ന ചെടിയാണെങ്കിലും വര്‍ഷത്തില്‍ രണ്ടു തവണയായി ആണ് ഇതിന്റെ കൃഷിയിറക്കുന്നത്. ജൂണ്‍-ജൂലായ് മാസങ്ങളിലും നവംബര്‍-ഡിസംബര്‍ മാസത്തിലും. പോളി ഹൗസുകളില്‍ കൃഷിചെയ്യുന്ന ഇനത്തിന് വര്‍ഷംമുഴുവനും ഫലസാധ്യത നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും തക്കാളി കാണപ്പെടുന്നു. വലിയ ബോളുപോലുള്ള മൈസൂര്‍ത്തക്കാളി, പരന്നതരം തക്കാളി, കേരളത്തിലെ പീരുമേട്ടില്‍ കണ്ടുവരുന്ന കുട്ടിത്തക്കാളി എന്നിവയും വൈവിധ്യം നിറഞ്ഞതാണ്.
തക്കാളി കൃഷി
തക്കാളി കൃഷിയുടെ വിളവിനെ അത് കൃഷിയിറക്കുന്ന മണ്ണും സ്വാധീനിക്കുന്നു. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷിക്ക് യോജിച്ചത്. ശരത്-വര്‍ഷകാലം വസന്ത-വേനല്‍ക്കാലം എന്നിങ്ങനെയാണ് കൃഷിക്കാലം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 400-500 ഗ്രാം വിത്ത് വേണ്ടിവരും. കേരളത്തില്‍ കൃഷി ചെയ്യുന്നത് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവയാണ്. ഇതില്‍ വിജയ് എല്ലാ സമയത്തും കൃഷി ചെയ്യാവുന്ന ഇനമാണ്. പൂസാ റൂബി, മംഗള, പൂസ 120, എച്ച്.എസ്്. 102, എസ്.12, സി.ഒ.1 എന്നിവയാണ് പൊതുവേയുള്ള മറ്റിനങ്ങള്‍. ഇതില്‍ പൂസ റൂബിയും മുകളില്‍പ്പറഞ്ഞ ശക്തി, മുക്തി എന്നിവയും ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്നവയാണ്. നാടന്‍ തക്കാളിയിനങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത അതി നൂതനയിനങ്ങളില്‍നിന്ന് വലിപ്പമേറിയ കായകളും ഗുണമേന്മയും ലഭിക്കുന്നു.
മുളപ്പിക്കല്‍
വിത്ത് തവാരണകളില്‍ പാറ്റി മുളപ്പിച്ചെടുത്ത് മാറ്റി നടുന്നതാണ് കൃഷിയുടെ വ്യാപകമായ രീതി. വേപ്പിന്‍പിണ്ണാക്ക് ചാണകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി പൊടിയാക്കി വേണം വിത്ത് മുളപ്പിക്കാന്‍ മണ്ണൊരുക്കാന്‍. രാത്രി തുണിയില്‍ കെട്ടി നനച്ചുവെച്ച വിത്ത്് രാവിലെയെടുത്ത് വെള്ളം തോരാന്‍ വെക്കുക. വൈകീട്ട് പൊടിയായി തയ്യാറാക്കിയ മണ്ണില്‍ വിതറിയതിന് ശേഷം അതിന് മുകളില്‍ ചെറിയലെയറായി പൊടിമണ്ണ് വിതറുക. ദിവസവും സ്‌പ്രേയായി നനച്ചുകൊടുക്കുക. മൂന്ന് ദിവസം കൊണ്ട് മുളച്ചുപൊന്തും. പിന്നീട് വെള്ളമൊഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. ശക്തിയില്‍ വെള്ളമൊഴിച്ചാല്‍ വേര് പൊട്ടിപ്പോവും. കടലപ്പിണ്ണാക്ക് പുതര്‍ത്തി ചാണകവെള്ളത്തില്‍ കലക്കിയതിന്റെ തെളി ഒഴിച്ചുകൊടുത്താല്‍ മുളച്ച ചെറിയ തൈകള്‍ പെട്ടെന്ന് വളരും. നല്ല തുറസ്സായ സ്ഥലത്ത് ആണ് നഴ്‌സറി തയ്യാറാക്കേണ്ടത്. സൂര്യപ്രകാശം നന്നായി ലഭിക്കണം. ഉണക്കിപ്പൊടിച്ച ചാണകത്തിന് പകരം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിച്ച ചാണകമാണ് നഴ്‌സറിയില്‍ നല്ലത്. വിത്ത് പാകിയതിന് ശേഷം പച്ചിലകൊണ്ട് പുതയിട്ട് നന നല്‍കി മുളച്ചതിന് ശേഷം പച്ചിലമാറ്റിയും നഴ്‌സറി തയ്യാറാക്കാം. മൂന്നുദിവസം ഇടവിട്ട് രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കാം. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ചാണകക്കുഴമ്പോ ഒഴിച്ചാലും തൈകള്‍ വേഗം വളരും. തക്കാളി തൈകളുടെ തണ്ടിന് അത്യാവശ്യം ബലം കൈവന്നതിന് ശേഷമേ പറിച്ച് നടാവൂ. തൈകള്‍ പറിക്കുന്നതിന് മുമ്പ് നഴ്‌സറി നന്നായി നനച്ചുകൊടുക്കണം.
തവാരണകളില്‍
നന്നായി കൊത്തിയിളക്കിയ മണ്ണ് വെയിലത്ത് ഉണക്കിയ ശേഷം രണ്ടടി വീതിയും ഒരടി ഉയരവും ഉള്ള നീളത്തിലുള്ള തവാരണ തയ്യാറാക്കണം. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി സെന്റിന് 20-25 കിലോ, വേപിപ്പന്‍പിണ്ണാക്ക് അഞ്ച് കിലോ എന്നിവ ചേര്‍ത്തിളക്കിയ തവാരണകള്‍ നനച്ച് തയ്യാറാക്കണം. അതിനുശേഷമാണ്. തൈകള്‍ പറിച്ചു നടേണ്ടത്. നട്ട തൈകള്‍ക്ക് നന്നായി നന വേണം. താത്ക്കാലികമായി തണലും നല്‍കണം. (വാട്ടം കുത്തുക) തൈകള്‍ പറിച്ചു നടുന്നതിന് പത്ത്-പതിനാല് ദിവസം മുമ്പു തന്നെ തവാരണകളില്‍ സെന്റിന് 2-4 കിലോ കുമ്മായം ചേര്‍ത്ത് ഇളക്കണം. ചാണകം ട്രൈക്കോഡര്‍മയോ പി.ജി.ആര്‍.-1 മിശ്രിതമോ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച് അടിവളമാക്കാം. പറിച്ചു നടുന്ന സമയത്ത് ചെടിയുടെ വേരുകള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കാം. ചാണകത്തിന് പകരം കോഴിവളമോ ആട്ടിന്‍കാഷ്്ഠമോ ഉപയോഗിക്കാം. 8-10 ദിവസങ്ങള്‍ ഇടവിട്ട് ചാണകപ്പാലോ സ്ലറിയോ ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതോ വെര്‍മി വാഷോ ഗോമൂത്രമോ ഇരട്ടി വെള്ളം ചേര്‍ത്തോ, മണ്ണിര കമ്പോസ്റ്റോ കോഴിവളമോ കടലപ്പിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതോ മേല്‍വളമായി ഒഴിച്ചുകൊടുക്കാം.
വേനല്‍ക്കാലത്ത് ഒന്നരാടന്‍ ദിവസങ്ങളില്‍ നനയ്ക്കണം. പുതയിടല്‍, മണ്ണ് കൂട്ടല്‍ മേല്‍വളം നല്‍കല്‍ എന്നിവ ചെയ്യണം. പച്ചിലകള്‍, വൈക്കോല്‍, ചകിരിച്ചോര്‍, തൊണ്ട് എന്നിവ കൊണ്ട് പുതയിട്ടാല്‍ കശല്ല്യവും കുറയ്ക്കാനും ഈര്‍പ്പം നിലനിര്‍ത്താനും കഴിയും.
തക്കാളിയിലെ കീടങ്ങള്‍
തക്കാളി കൃഷിയിലെ പ്രധാന ഭാഗം സസ്യ സംരക്ഷണമാണ്. വേഗം നശിച്ചുപോകാന്‍ സാധ്യതയുള്ള ചെടിയാണിത്. പ്രധാനമായും തക്കാളിയെ ബാധിക്കുന്ന കീടങ്ങള്‍ ഇവയാണ്.
തണ്ട്/കായ്തുരപ്പന്‍ പുഴു
ഇത് ശലഭപ്പുഴുവാണ്. വെളുത്ത നിറത്തില്‍ തവിട്ടുപ്പുള്ളിയോടുകൂടിയ ചിറകുള്ള പൂമ്പാറ്റയുടെ ലാര്‍വകളാണിത്. ഇവ ചെടിയുടെ തണ്ടും കായും തിന്ന്് നശിപ്പിക്കുന്നു. ഇളംതണ്ടിലും കായിലും പുഴു തുളച്ച് കയറുന്നു. ആക്രമണത്തിനിരയായ തണ്ട് വാടുന്നു. പുഴു തുളച്ച കായില്‍ ദ്വാരങ്ങള്‍ കാണാം. ക്രമേണ കായ ചെറുപ്പത്തിലേ പഴുത്ത് കൊഴിയുന്നു.
തൈ പറിച്ച് നടുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തും കേടുവന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റിയും കീടാക്രമണം കാണുമ്പോള്‍ വേപ്പിന്‍ കുരുസത്ത് തളിച്ചും ഇതിനെ നിയന്ത്രിക്കാം. വേപ്പിന്‍പിണ്ണാക്ക് 35-40 ദിവസ ഇടവേളകളില്‍ മേല്‍വളമായി നല്‍കുക.
എപ്പിലാക്‌സ് വണ്ട്
തവിട്ടുനിറത്തില്‍ കറുത്ത പുള്ളിയുള്ള എപ്പിലാക്‌സ് വണ്ടുകള്‍ ഇലയിലെ ഹരിതകം കാര്‍ന്നുതിന്നുന്നു. അങ്ങനെ ഇലകള്‍ ഉണങ്ങിക്കരിയുന്നു. ചെടിയുടെ വളര്‍ച്ചയെയും കായ്പിടുത്തത്തെയും ബാധിക്കുന്നു. വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക, വേപ്പിന്‍ കുരുസത്ത്, പെരുവലം സത്ത് എന്നിവ 10 ശതമാനം വീര്യത്തില്‍ തളിക്കുക എന്നിങ്ങനെയും വണ്ടിനെ നിയന്ത്രിക്കാം.
ചെടിയുടെ ഇലകളെയും തണ്ടിനെയും നീരൂറ്റി നശിപ്പിക്കുന്ന കീടമാണ് വെള്ളീച്ച. വെര്‍ട്ടിസീലിയം ലക്കാനി 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. രണ്ട് ശതമാനം വീര്യത്തില്‍ വെളുത്തുള്ളി എമല്‍ഷന്‍ ഉപയോഗിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണ്ണികള്‍ സ്ഥാപിക്കുക. എന്നിങ്ങനെ വെള്ളീച്ചയെ തുരത്താം.
തക്കാളിത്തൈയെ ബാധിക്കുന്ന മറ്റൊരു കീടമാണ് ചിത്രകീടം. ഇത് ഇലകളിലും കായകളിലും തണ്ടിലും ചിത്രം വരക്കുന്ന രീതിയില്‍ ഹരിതകം കവരുകയും ചെടിയെ മുരടിപ്പിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ എമല്‍ഷന്‍, വെളുത്തുള്ളി മിശ്രിതം, പുകയില കഷായം എന്നിവ ഉപയോഗിച്ച് ഇതിനെ തടയാം.
രോഗങ്ങള്‍
ബാ്ക്ടീരിയല്‍ വാട്ടം
മുരടിളക്കി വളം ചേര്‍ത്ത് കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ ചെടി വാടിപോകുന്ന രോഗമാണിത്. വേരിളക്കുമ്പോള്‍ മണ്ണിലെ രോഗകാരിയായ ബാക്ടീരിയ മുറിഞ്ഞ വേരിലൂടെ അകത്തേക്ക് കയറി ചെടിയെ ബാധിക്കുന്നതാണിത്.
സ്യൂഡോമോണസ്, പി.ജി.ആര്‍.മിക്‌സ് കക 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസത്തെ ഇടവേളകളില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. തൈകള്‍ പറിച്ചു നടുമ്പോള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കുക, സ്യൂഡോമോണസ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയാസകലം തളിക്കുക. പ്രതിരോധ ശേഷിയുള്ള തക്കാളിയിനങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണിതിന്റെ പ്രതിവിധി.
ചീയല്‍
വേര് അല്ലെങ്കില്‍ അടിഭാഗത്തെ കാണ്ഡം മൊത്തമായി ചീഞ്ഞുപോകുന്ന ഫംഗസ് രോഗമാണിത്. ഇത് മണ്ണില്‍ക്കൂടി പകരുന്നതാണ്. വേപ്പിന്‍പിണ്ണാക്ക്് ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. തവാരണകളൊരുക്കുമ്പോള്‍ കുമ്മായം നന്നായി വിതറുക. അടിവളത്തിന്റെ കൂടെ ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, പി.ജി.ആര്‍. മിക്‌സ് കക എന്നിവ ഉപയോഗിക്കുക എന്നിവയാണ് തൈ ചീയലിന് പ്രതിവിധി.
തക്കാളി തൈകള്‍ നടുമ്പോഴും പരിപാലിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. 45 സെ.മീ. ത 45 സെ.മീ. നടീലകലം കാക്കണം. ശ്രദ്ധയും പരിചരണവും ജൈവകീടനാശിനികളുമുപയോഗിച്ചാല്‍ തൊടിനിറയെ നമുക്ക് തക്കാളി വിളയിക്കാം.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ