4/30/2016

അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍

mathrubhumi.com


സ്വന്തം ലേഖകന്‍
ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.
സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും, എന്തിനെയും അതിനെയും വേഗം വിപണിയിലെത്തിക്കുന്ന സവിശേഷമായ ആഗോള സാമ്പത്തിക ക്രമവും ഇനിയും പലതിനെയും മാറ്റിമറിക്കുമെന്നതില്‍ സംശയം വേണ്ട.
അങ്ങനെ നോക്കിയാല്‍ ഇന്ന് സാധാരണമായ എന്തൊക്കെ കാര്യങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷം ബാക്കിയുണ്ടാകും? പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ ഒട്ടുമിക്ക ദൈനംദിന ആവശ്യങ്ങളും നിവര്‍ത്തിക്കുന്ന 'സര്‍വ്വോപയോഗ' ഉപകരണമായിരിക്കുമ്പോള്‍. ടേപ്പ് റെക്കോര്‍ഡറും കാസറ്റും ഫ്ളോപി ഡിസ്‌ക്കുമൊക്കെ അപ്രത്യക്ഷമായതുപോലെ ഇനിയെന്തെല്ലാം പോകാനിരിക്കുന്നു.
പെന്‍ഡ്രൈവുകള്‍ വേണ്ടാത്ത കാലം
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ചേര്‍ന്ന സംവിധാനം വിവരകൈമാറ്റത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2020 ഓടെ ലോകത്തെ 70 ശതമാനം ജനങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഡേറ്റ നെറ്റ്‌വര്‍ക്ക് 90 ശതമാനം ജനങ്ങളെയും കൂട്ടിയിണക്കും.
ആപ്പിള്‍, ഡ്രോപ്ബോക്സ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ ക്ലൗഡ് സര്‍വ്വീസുകള്‍ അതോടെ പരിധിയില്ലാത്ത ഡേറ്റാ സ്റ്റോറേജ് സൗജന്യമായി നല്‍കിത്തുടങ്ങും.
മാത്രമല്ല, മൊബൈല്‍ ഫോണുകളുടെ സംഭരണശേഷി പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്യും. നമ്മുടെ ഡേറ്റ ഏതു സമയത്തും ഓണ്‍ലൈനില്‍ ലഭ്യമാകും എന്ന് ചുരുക്കം. അതോടെ പോക്കറ്റില്‍ പെന്‍ഡ്രൈവുമായി നടന്നതൊക്കെ പഴങ്കഥയാകും.
remote control
റിമോട്ട് കണ്‍ട്രോള്‍ ഇല്ലാത്ത വീടുകള്‍!
വീടുകളില്‍ റിമോട്ട് കണ്‍ട്രോളിനായി നടക്കുന്ന ഏറ്റുമുട്ടലുകളുടെ കാലം അവസാനിക്കാന്‍ പോകുന്നു എന്നാണ് കരുതേണ്ടത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഉടന്‍ ഇല്ലാതാകാന്‍പോകുന്ന ഉപകരണങ്ങളിലൊന്നാണ് റിമോട്ട് കണ്‍ട്രോള്‍.
'ആമസോണ്‍ ഇക്കോ' പോലെ ശബ്ദം തിരിച്ചറിഞ്ഞ് ഉത്തരവുകള്‍ അനുസരിക്കുന്ന ഉപകരണങ്ങള്‍ ഇപ്പോള്‍ത്തന്നെ വിപണിയിലുണ്ട്. വീടും വീട്ടുപകരണങ്ങളുമെല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും, വീട് പൂര്‍ണമായും 'സ്മാര്‍ട്ട'് ആവുകയും ചെയ്യുന്ന കാലം വിദൂരമല്ല.
2020 ഓടുകൂടി ലോകത്തെ 175 കോടി വീട്ടുപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതോടെ സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഏതെങ്കിലുമൊരു ഉപകരണങ്ങളിലൂടെ എന്തിനെയും നിയന്ത്രിക്കാനാവുന്ന അവസ്ഥയുണ്ടാകും. അങ്ങനെ റിമോട്ട് കണ്‍ട്രോള്‍ എന്ന ഉപകരണം ഗതകാലസ്മരണയാകും.
പാസ്‌വേഡുകള്‍ പഴങ്കഥയാകും 
Passwordപലവിധ ആവശ്യങ്ങള്‍ക്ക് ഒട്ടേറെ പാസ്‌വേഡുകളുടെ ഭാരവും പേറി നടക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് പാസ്‌വേഡില്ലാത്ത ഒരു ലോകം ഇപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, ഈമെയില്‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എല്ലാറ്റിനും പാസ്വേഡുകള്‍ വേണം.
എന്നാല്‍ അധികം വൈകാതെ പാസ്‌വേഡുകള്‍ അനാവശ്യമായേക്കും. പാസ്‌വേഡുകളുടെ സ്ഥാനത്ത് ബയോമെട്രിക് സംവിധാനങ്ങള്‍ സ്ഥാനംപിടിക്കും. ഇപ്പോള്‍ തന്നെ വിരലടയാളപൂട്ട് പോലുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലും മറ്റും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
വിരലടയാളം, ശബ്ദം, മുഖം തുടങ്ങിയവ ഉപയോഗിച്ചുള്ള 'ജൈവ താക്കോലുകള്‍' സാധാരണമാകുന്നതോടെ പ്രത്യേക താക്കോലുകളോ പാസ്‌വേഡുകളോ ആവശ്യമില്ലാതാകും. സ്മാര്‍ട്ട്‌ഫോണുകളുമായി ഇത് ബന്ധിക്കപ്പെടുന്നതോടെ വാതില്‍ തുറക്കുന്നതും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതും അടക്കം എല്ലാം ഈ ജൈവതാക്കോല്‍ നോക്കിക്കൊള്ളും.
അതെ, വൈകാതെ നാംതന്നെയാകും നമ്മുടെ താക്കോല്‍!
കണികാണാനുണ്ടാവില്ല, കാശും ചെക്കും!
Cash, chequebookപണം എന്ന സങ്കല്‍പം ഒരിക്കലും ഇല്ലാതാകാനിടയില്ലെങ്കിലും അതിന്റെ രൂപഭാവങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണിപ്പോള്‍. പഴയ ചെമ്പ്-സ്വര്‍ണ നാണയത്തില്‍നിന്ന് കറന്‍സി നോട്ട്, ചെക്ക് ബുക്കുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍, എടിഎം മെഷീനുകള്‍ എന്നിവയില്‍ എത്തിനില്‍ക്കുന്നു പണത്തിന്റെ വ്യവഹാരം.
അതും ഇനി അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പണത്തിന്റെ ഇന്നത്തെ രൂപത്തിന് ലോകത്ത് പലയിടത്തും കാര്യമായ മാറ്റമുണ്ടാവുമെന്നാണ് കരുതേണ്ടത്.
ഇപ്പോള്‍ത്തന്നെ ലോകത്ത് പലയിടത്തും കറന്‍സി നോട്ടുകളുടെ ഉപയോഗം അപൂര്‍വ്വമായി മാറിയിട്ടുണ്ട്. അമേരിക്കയില്‍ 35 വയസ്സില്‍ താഴെയുള്ള 95 ശതമാനം ഉപഭോക്താക്കളും ബാങ്കിടപാടുകള്‍ നടത്തുന്നത് ഓണ്‍ലൈനിലൂടെയാണെന്ന് കണക്കുകള്‍ പറയുന്നു. ഈ പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും ജീവിതത്തില്‍ ഒരിക്കല്‍പോലും ചെക്കോ ഡിഡിയോ ഉപയോഗിക്കാത്തവരാണ്. ഇപ്പോള്‍ വീട്ടുവാടക നല്‍കുന്നത് അടക്കമുള്ളവയെല്ലാംതന്നെ ഇന്റര്‍നെറ്റ്-മൊബൈല്‍ പേയ്മെന്റിലേയ്ക്ക് മാറിക്കഴിഞ്ഞു.
അധികം വൈകാതെ കറന്‍സി നോട്ടും എടിഎമ്മും അടക്കമുള്ള ഇന്നത്തെ പണവിനിയോഗ മാര്‍ഗ്ഗങ്ങളെല്ലാം ചരിത്രമാവും. പണം എന്നത് പൂര്‍ണമായും ഇലക്ട്രോണിക് ആകും.
രേഖകള്‍ ഡിജിറ്റലാകും
Paper documentനിര്‍ണായക കൈമാറ്റങ്ങളും തീരുമാനങ്ങളുമൊക്കെ എഴുതി ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്ത് 'കാര്യങ്ങള്‍ വ്യവസ്ഥ'യാക്കുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കരാറുകളോ വസ്തു ഉടമ്പടികളോ എഴുതിയ പേപ്പറുകളില്‍ ഇരുകക്ഷികളും ഒപ്പിട്ട്, നിരവധി ഓഫീസുകളിലൂടെയും അധികാരകേന്ദ്രങ്ങളിലൂടെയും കടന്നുപോയി, രജിസ്റ്റര്‍ ചെയ്യപ്പെട്ട,് ചിതലരിച്ച ബോണ്ടുപേപ്പറുകളുടെ രൂപത്തില്‍ കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന രീതിയ്ക്ക് മാറ്റംവരാന്‍ പോകുകയാണ്.
വൈകാതെ ഇത്തരം കാര്യങ്ങളൊക്കെ 'ക്ലൗഡ്' രേഖകളായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതായത്, ഇത്തരം രേഖകള്‍ ഓണ്‍ലൈന്‍വഴി രേഖകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ലോകത്തെവിടെവെച്ചും എക്കാലത്തേക്കുമായി രജിസ്റ്റര്‍ ചെയ്യപ്പെടും. പണം കൈമാറ്റം അടക്കം എല്ലാം ഓണ്‍ലൈനായി നടക്കും.
റിയല്‍എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയെല്ലാം ക്ലൗഡ് കമ്പ്യൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യശേഷിയും വേഗതയും വര്‍ദ്ധിക്കുമെന്നതും ചിലവ് കുറയുമെന്നതും ഈ സംവിധാനത്തിലേയ്ക്ക് ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കും.
അങ്ങനെവരുമ്പോള്‍ കരാറുകളും രേഖകള്‍ രജിസ്റ്റര്‍ചെയ്യുന്നതുമെല്ലാം ലോകത്തിന്റെ രണ്ടു കോണുകളില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഓണ്‍ലൈനിലൂടെ നടത്താനാവും. അതിന്റെ രേഖകളാകട്ടെ ലോകത്തിന്റെ മറ്റേതോ കോണില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സെര്‍വറുകളില്‍ ശേഖരിക്കപ്പെടുകയും ആവശ്യമുള്ളപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യും.
ഈ മാറ്റങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകാന്‍ നിരവധി പ്രായോഗിക ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ടെന്നത് സത്യമാണ്. അതുപോലെ, ലോകത്തിന്റെ എല്ലാ ഭാഗത്തും, എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും ഇവ ഒരേസമയം സംഭവിക്കുകയുമില്ല. എന്നാല്‍, സാങ്കേതികതയുടെ ലോകത്തുണ്ടാവുന്ന മാറ്റങ്ങളുടെ ഗതിവേഗം സാധാരണമായിരുന്ന പലതിനെയും വളരെപ്പെട്ടെന്ന് അപ്രത്യക്ഷമാക്കും എന്നതില്‍ സംശയമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1