4/27/2016

വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാൽ ലോകം ഇന്ത്യയ്ക്ക് കീഴിൽ!

manoramaonline.com


by സ്വന്തം ലേഖകൻ
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.
ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടു. അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലൻ മുസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധർ കൈവരിച്ചത്.
ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.
RLV-TD വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിസവങ്ങൾക്കുള്ളിൽ ഇത് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. മേയ് അവസാനത്തിലോ ജൂൺ ആദ്യത്തിലോ വിക്ഷേപിക്കാനാണ് നീക്കം നടത്തുന്നത്.
കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ RLVTD ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്‍റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്‍റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്‍ബിറ്റല്‍ ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. RLV സാങ്കേതികതയിലേക്കുള്ള ആദ്യ കാല്‍വയ്പ്പ് മാത്രമാണിത്. യഥാര്‍ത്ഥ RLV ടെക്‌നോളജിയില്‍ നമ്മുടെ ബഹിരാകാശസങ്കേതങ്ങള്‍ എത്തണമെങ്കില്‍ ഇനിയും ഒരുപാടു കടമ്പകള്‍ കടക്കേണ്ടതുണ്ട്.
space-shuttle
ഫ്‌ളഷ് എയര്‍ ഡാറ്റ സിസ്റ്റം, സ്ലോ ബേണിംഗ് പ്രോപ്പല്ലന്റ്, കോമ്പോസിറ്റ് മൂവബിള്‍ ഫിന്‍ എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. ആകെ ചെലവ് 95 കോടിയാണ് ഈ പ്രോജക്ടിന് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയില്‍ പൂര്‍ണ്ണമായ RLV വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന ശുഭപ്രതീക്ഷയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
ഇന്ത്യ ബഹിരാകാശ വിപണിയിലെ ലോകശക്തി!
ബഹിരാകാശ വിപണിയിലെ ലോകശക്തിയാണ് ഐഎസ്ആർഒ. കുറഞ്ഞ ചെലവിൽ കൂടുതൽ ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിയ ബഹിരാകാശ ഏജൻസി ഐഎസ്ആർഒയാണ്. ഒറ്റ വിക്ഷേപണവാഹനത്തിൽ 22 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒ ഒരുങ്ങുകയാണ്. മേയ് മാസത്തിൽ വിക്ഷേപിക്കുന്ന പിഎസ്എൽവി-സി 34 അവസാനവട്ട ഒരുക്കങ്ങളിലാണ്. 10 ഉപഗ്രഹങ്ങൾ എന്ന സി-9ന്റെ റെക്കോർഡ് ആണു പഴങ്കഥയാകുക. ഇരുപതിലേറെ ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇതോടെ ഇന്ത്യ.
നാസ 2013ൽ 29 ഉപഗ്രഹങ്ങളെ ഒന്നിച്ചു ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാർട്ടോസാറ്റ് -2സിക്കൊപ്പം യുഎസ്, കാനഡ, ഇന്തൊനീഷ്യ, ജർമനി എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വഹിച്ചാണു സി 34 കുതിക്കുക. പുണെ എൻജിനീയറിങ് കോളജ്, സത്യഭാമ സർവകലാശാല എന്നിവർ വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങളും സി 34 വഹിക്കും.
ഭൂമിയുടെ ചിത്രങ്ങളെടുക്കാനും കാലാവസ്ഥാ വിശകലനത്തിനും പ്രതിരോധ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമുള്ളവയാണ് ഉപഗ്രഹങ്ങൾ. നാലു കിലോ മുതൽ 725 കിലോ വരെയാണ് ഉപഗ്രഹങ്ങളുടെ ഭാരം. സി 34 വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്നു വിഎസ്എസ്‌സി ഡയറക്ടർ ഡോ. കെ. ശിവൻ പറഞ്ഞു. ഇത്രയേറെ ഉപഗ്രഹങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണു വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1