രുപത് വര്‍ഷങ്ങള്‍ കൊണ്ട് കൈലാഷ് ഗിരി ബ്രഹ്മചാരി നടന്നുതീര്‍ത്തത് 36,000 കിലോമീറ്ററുകളാണ്. ഒറ്റക്കായിരുന്നില്ല ആ നടത്തം. ഒരു ദണ്ഡിന്റെ ഇരുവശത്തായി കെട്ടിയ കുട്ടകളില്‍ ഒന്നില്‍ അമ്മയേയും മറ്റെ കുട്ടയില്‍ അത്യാവശ്യസാധനങ്ങളും നിറച്ച്  അതും തോളിലേറ്റിയാണ് യാത്ര.മുണ്ട് മാത്രമാണ് വസ്ത്രം. യാത്ര നടന്നായതിനാല്‍ കാലില്‍ മാത്രം കുറച്ച് ആര്‍ഭാടമുണ്ട്. സോക്‌സും ഷൂവും.
രാമേശ്വരം, കേദര്‍നാഥ്, ഋഷികേശ്, താരാപീഠ്, ഹരിദ്വാര്‍, കാശി, അയോധ്യ, ചിത്രകൂട്, അലഹാബാദ്, നര്‍മ്മദ, പുഷ്‌ക്കര്‍ തുടങ്ങി  ഇന്ത്യയിലെ ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അമ്മക്കൊപ്പം കൈലാഷിന്റെ കാലടികള്‍ പതിഞ്ഞുകഴിഞ്ഞു. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്ന അമ്മ കീര്‍ത്തി ദേവിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈലാഷ് തന്റെ യാത്രക്ക് തുടക്കമിട്ടത്.
എട്ടുവയസ്സുള്ളപ്പോള്‍ മരത്തില്‍ നിന്ന് വീണ് കൈലാഷിന് പരിക്കേറ്റിരുന്നു. ചികിത്സിക്കാന്‍  പണമില്ലാതിരുന്നതിനാല്‍ പ്രാര്‍ത്ഥനയായിരുന്നു മകനെ സുഖപ്പെടുത്താന്‍ അമ്മ കണ്ടെത്തിയ മാര്‍ഗ്ഗം. പ്രാര്‍ത്ഥന പോലെ മകന്‍ സുഖപ്പെട്ടപ്പോള്‍ ക്ഷേത്രസന്ദര്‍ശനം നടത്തി ദൈവങ്ങളോട് നേരിട്ട് നന്ദി പറയണമെന്നായി അമ്മക്ക്. പലപ്പോഴായി യാത്രകള്‍ക്കൊരുങ്ങിയെങ്കിലും പലകാരണങ്ങളാല്‍ യാത്ര മുടങ്ങി. ഒടുവില്‍ അമ്മയുടെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണ്ട കൈലാഷ് ഇരുപത്തിനാലാമത്തെ വയസ്സില്‍ അമ്മയുമായി തീര്‍ത്ഥാടനത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ഇന്ന് അമ്പതിലേക്ക് അടുക്കുകയാണ് കൈലാഷ്.
'എനിക്ക് പത്തുവയസ്സുളളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. സഹോദരങ്ങളും മരണപ്പെട്ടു. പിന്നെ ഞാനല്ലാതെ മറ്റാരാണ് എന്റെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുക.' കൈലാഷ് ചോദിക്കുന്നു. നടന്നുള്ള യാത്രക്കിടെ വഴിയിലുള്ളവര്‍ സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ വിശപ്പുമാറ്റുന്നത്. ഇതിന് പുറമേ അത്യാവശ്യം പാത്രങ്ങളും കുടിവെള്ളവും മറ്റു സാധനസാമഗ്രികളും കൈയിലും കരുതിയിട്ടുണ്ട്. തന്നെ കണ്ട് ഇന്നത്തെ തലമുറയിലെ യുവാക്കള്‍ അവരുടെ മാതാപിതാക്കളെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ അതില്‍കവിഞ്ഞുള്ള സന്തോഷമൊന്നും തനിക്കില്ലെന്നാണ് കൈലേഷ് പറയുന്നത്.
കടപ്പാട് : ബെറ്റര്‍ ഇന്ത്യ