4/07/2016

നിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;

marunadanmalayali.com


 പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത ആഘാതം

April 07, 2016 | 08:01 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡരികിലും പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൾ നടത്തി ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രീതിക്ക് തടയിട്ട് ഹൈക്കോടതിയും ഇലക്ഷൻ കമ്മീഷനും. പാതയോരങ്ങളിലും നാൽക്കവലകളിലും പൊതുയോഗങ്ങൾ തടഞ്ഞുകൊണ്ടുള്ള നിയമം കർശനമാക്കി ഈ നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരള ഹൈക്കോടതി നിർദേശിച്ചു. കോട്ടയത്തെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന് ചെയർമാൻ കെ സി ചാക്കോ സമർപ്പിച്ച ഹർജിയിലാണ് അതിനിർണ്ണായകമായ ഈ ഉത്തരവ് ഉണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇനി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിനും മറ്റും പ്രത്യേകം വേദികൾ തേടേണ്ടി വരും. രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം കനത്ത ആഘാതമാണിത്.
റോഡരികിലും നാൽക്കവലകളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള പൊതുയോഗങ്ങൾ സംഘടിപ്പിച്ചാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാകുമെന്നാണ് ഹൈക്കോടി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ പോലും അധികാരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലും റോഡുകളും റാലികൾ പാടില്ല എന്ന സുപ്രീംകോടതി വിധി നിരന്തരമായി ലംഘിക്കപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്.
ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്‌ച്ച കേസ് പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടു. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ഇപ്പോൾ നിലവിലുള്ള എല്ലാ വിധികളും പാലിക്കപ്പെടുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു വരുത്തുമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിയമങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ ഉറപ്പു നൽകി.
അഡ്വ. ജോൺസൺ മനയാനി, അഡ്വ. ജീവൻ മാത്യു മനയനാനി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആറ് വർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് അതി നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്. 2010ൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പാതയോരങ്ങളിൽ പൊതുയോഗങ്ങൾ നിരോധിച്ച വിധി പുറപ്പെടുവിച്ചത്. തുടർന്ന് ഈ കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ഉണ്ടായി. ഈ ഉത്തരവിനെതിരെ രാഷ്ട്രീയക്കാർ തന്നെ എതിർപ്പുയർത്തിയതിനെ തുടർന്ന് വിധിയെ മറികടക്കാൻ സംസ്ഥാന നിയമസഭ നിയമനിർമ്മാണം നടത്തുകയുമുണ്ടായി. എന്നാൽ, ഈ നിയമ നിർമ്മാണത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പാതയോരങ്ങളിൽ മീറ്റിങ് നടത്താം എന്ന നിയമം അസാധുവാക്കിയിരുന്നു.
എന്നാൽ, ഈ വിധി നിലനിൽക്കേ തന്നെ രാഷ്ട്രീയക്കാർ പലപ്പോഴും തെരഞ്ഞെടുപ്പ് വേളയിൽ പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൽ നടത്തിപ്പോന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കർശന തീരുമാനം കൈക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചതോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശം നടുറോഡിൽ ആക്കാൻ സാധിക്കില്ലെന്നത് ഉറപ്പായി. ഇതോടെ തെരഞ്ഞെടുപ്പിന് പൊതുയോഗം സംഘടിപ്പിക്കാൻ മറ്റ് വേദികൾ തേടേണ്ടി വരും. ഗ്രൗണ്ടുകളോ മറ്റ് വേദികളോടെ സ്ഥാനാർത്ഥികൾക്ക് കണ്ടെത്തേണ്ടി വരും.
വോട്ടഭ്യർത്ഥിച്ചു കൊണ്ട് റോഡരികിൽ ഫ്‌ളാക്‌സുകൾ സ്ഥാപിക്കുന്നത് കർശനമായ തടയണമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായി ഈ കോടതി വിധിയും ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ കേരള ഹൈക്കോടതിയിൽ നിന്നും അടക്കം പാതയോരങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിന് നിരോധനമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നത്. ഇലക്ഷൻ കമ്മീഷൻ കൂടാതെ കേരളാ ചീഫ് സെക്രട്ടറി, ട്രാൻസ് പോർട്ട് കമ്മീഷർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നാഷണൽ ഹൈവേസ് അതോരിറ്റി ഓഫ് ഇന്ത്യ എന്നിവരെ എതിർ കക്ഷികളാക്കിയുമായിരുന്നു ഹർജി.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെ റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്‌ളാ്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചത്. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്‌ളാ്‌സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1