ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയുമുള്ള ഗതിമാനില്‍ പന്ത്രണ്ട് എ.സി കോച്ചുകളുണ്ടാകും.
ടിക്കറ്റ് നിരക്ക് ശദാബ്ദിയേക്കാള്‍ കൂടുതലാണ്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തും. നൂറ് മിനുട്ടാണ് യാത്രാ സമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്.
ശക്തിയേറിയ അടിയന്തിരബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും ഇന്ത്യന്‍-പാശ്ചാത്യഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമാകും. 200 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ശതാബ്ദി 120 മിനിറ്റ് എടുക്കുമ്പോള്‍ ഗതിമാന്‍ 105 മിനിറ്റ് മാത്രമാണെടുക്കുക.