പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനുളളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുളളത്. 17 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ മൃതദേഹങ്ങള്‍ സഫോടനത്തില്‍ ചിതറിപ്പോയതാകാമെന്ന് പോലീസ് പറയുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനും കാണാതായവരെക്കുറിച്ചറിയാനും അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മുന്നിലുള്ളത് ഡിഎന്‍എ ടെസ്റ്റാണ്. അതാണ് ഇന്ന് തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഇന്ന് ആരംഭിക്കുന്നത്.
ഇതിനായി ബന്ധുക്കളോട് ഡിഎന്‍എ ടെസ്റ്റിന് കൊല്ലത്ത് എത്തിചേരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രക്തസാമ്പിളുകളും മറ്റും ശേഖരിക്കാനാണിത്. കൊല്ലം ജില്ലാആസ്പത്രിയില്‍ വെച്ച് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്ത് രാജിവ് ഗാന്ധി സെന്ററില്‍ എത്തിക്കും.
ദുരന്തത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിഎന്‍എ പരിശോധന എന്താണെന്ന് നോക്കാം -
മനുഷ്യരുള്‍പ്പടെ എല്ലാ ജിവികളുടെയും കോശമര്‍മത്തില്‍ സ്ഥിതിചെയ്യുന്ന നീളന്‍ തന്മാത്രയാണ് ഡിഎന്‍എ. ഒരു ജീവിയുടെ ജനിതകവിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ് എന്ന ഡിഎന്‍എ തന്മാത്രയിലാണ്. അതില്‍ അതിന് 'ജീവന്റെ തന്മാത്ര'യെന്നും പേരുണ്ട്.
കുറ്റവാളികളെ കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനകളിലും പിതൃത്വം തെളിയിക്കേണ്ടി വരുന്ന സാഹചര്യത്തിലും ജീന്‍ തെറാപ്പികള്‍ക്കുമൊക്കെയാണ് സാധാരണയായി ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. മനുഷ്യപരിണാമത്തിന്റെ പൂര്‍വ്വചരിത്രം കണ്ടെത്താനും ഇന്ന് ഡിഎന്‍എ പരിശോധന സഹായമേകുന്നു.
ഡിഎന്‍എ പരിശോധന എങ്ങനെ 
ഡിഎന്‍എ സാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുക. അതിനായി രക്തസാമ്പിള്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ മോണയില്‍ നിന്ന് പഞ്ഞി ഉപയോഗിച്ച് എടുക്കുന്ന കോശങ്ങളോ, ശരീരകോശപാളികളുടെ ഭാഗങ്ങളോ, എന്തിന് മുടിയിഴകള്‍ പോലുമോ ഉപയോഗിക്കാം. പരവൂര്‍ ദുരന്തത്തില്‍ രക്തസാമ്പിളുകള്‍ ഉപയോഗിച്ചുളള ഡിഎന്‍എ ടെസ്റ്റാണ് നടത്തുന്നത്.
രണ്ടുപേരുടെ ഡിഎന്‍എ പരിശോധിച്ചാല്‍ അതില്‍ 99.9 ശതമാനവും സമാനമായിരിക്കും. 0.1 ശതമാനം ഡിഎന്‍എ ശ്രേണി മാത്രമാണ് വ്യത്യാസം കാണാനാവുക. വ്യത്യാസമുള്ള ഇത്തരം ഡിഎന്‍എ ശ്രേണികള്‍ക്ക് 'ജനറ്റിക് മാര്‍ക്കറുകള്‍' ( genetic markers ) എന്നാണ് പേര്. ഡിഎന്‍എ പരിശോധനാവേളയില്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത് ഈ ജനറ്റിക് മാര്‍ക്കറുകളാണ്.
ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ മാത്രമേ ഒരേ പോലുള്ള ജനറ്റിക് മാര്‍ക്കറുകള്‍ കാണാനാകൂ. എന്നാല്‍, അടുത്ത ബന്ധുക്കളുടെ ജനറ്റിക് മാര്‍ക്കറുകളില്‍ ചിലത് സമാനമായിരിക്കും.
ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങള്‍ പരിശോധിച്ച് അതിലെ ജനറ്റിക് മാര്‍ക്കറുകള്‍ക്ക് രണ്ടുപേരുടെ കാര്യത്തില്‍ എത്രത്തോളം സമാനതയുണ്ടെന്ന് ഒത്തുനോക്കുകയാണ് ഡിഎന്‍എ ടെസ്റ്റില്‍ ചെയ്യുക.
രണ്ട് സാമ്പിളുകളിലെ ജനറ്റിക് മാര്‍ക്കറുകള്‍ ഇത്തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍, ആരില്‍നിന്നാണ് ആ സാമ്പിളുകള്‍ എത്തിയത് അവര്‍ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും വ്യക്തമാകും (കടപ്പാട്: ബിബിസി).