ന്യൂഡല്‍ഹി: പി.എഫ് നിയമ ഭേദഗതി റദ്ദാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. പി.എഫ് ഭേദഗതിക്കെതിരെ ബെംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ച നിര്‍ദേശമാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും തൊഴിലാളികളുടേയും പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കിയത്. 58 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജീവനക്കാരന് 100 ശതമാനം പിഎഫ് തുക പിന്‍വലിക്കാനാകില്ലെന്നായിരുന്നു നിര്‍ദേശം.
1952 ലെ ഇ.പി.എഫ് സ്‌കീം ഭേദഗതി ചെയ്ത് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. കേന്ദ്ര-സംസ്ഥാന ജീവനക്കാരും തൊഴിലാളിസംഘടനകളും നിര്‍ദേശത്തിനെതിരേ രംഗത്തുവന്നു. പലയിടങ്ങളിലും സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം റദ്ദാക്കിയതെന്ന് ബന്ദാരു ദത്താത്രേയ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതോടെ ഭവനനിര്‍മാണം, ചികിത്സാചെലവ്, മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പിഎഫ് തുക പൂര്‍ണമായും പിന്‍വലിക്കാം.