5/30/2016

അതിരപ്പിള്ളി നടപ്പാക്കും പിണറായി

അതിരപ്പിള്ളി നടപ്പാക്കും


വെള്ളച്ചാട്ടത്തിനു തടസ്സമുണ്ടാകാത്ത രീതിയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി * ആശങ്കയ്ക്കടിസ്ഥാനമില്ല * എതിര്‍പ്പിനു പിന്നില്‍ രാഷ്ട്രീയമെന്നും പിണറായി * സി.പി.ഐ.ക്ക് എതിര്‍പ്പ്, മുന്നണിയിലുന്നയിക്കും
May 30, 2016, 01:00 AM IST
ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത് നേരത്തേ ചര്‍ച്ചചെയ്ത വിഷയമാണെന്നും വെള്ളച്ചാട്ടത്തിനു തടസ്സമുണ്ടാക്കാത്തതരത്തില്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

താന്‍ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കു ശ്രമിച്ചതാണ്. പിന്നീട് അനുമതികിട്ടി. പദ്ധതി ആരംഭിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരുകൂട്ടര്‍ കോടതിയില്‍ പോയി. ആ എതിര്‍പ്പിനു പിന്നില്‍ രാഷ്ട്രീയമായിരുന്നു.

പാരിസ്ഥിതികാനുമതി റദ്ദാക്കലും എതിര്‍പ്പുമൊക്കെയായി പദ്ധതി നീണ്ടുപോയി. എല്‍.ഡി.എഫ്. എന്നനിലയില്‍ നേരത്തേതന്നെ വിഷയത്തില്‍ ചര്‍ച്ചചെയ്തു തീരുമാനമെടുത്തതാണ്. അതിരപ്പിള്ളിയിലുള്ളവരുടെ ആശങ്ക വെള്ളച്ചാട്ടമുള്ള സ്ഥലത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ അവിടത്തെ മനോഹാരിതയെയുംമറ്റും ബാധിക്കുമോയെന്നാണ്. ആ ആശങ്കകളൊക്കെ എത്രത്തോളമുണ്ടെന്നു പരിശോധിക്കും.

അത്തരമൊരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. വെള്ളച്ചാട്ടത്തിനു തടസ്സമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുകയെന്നും പിണറായി വ്യക്തമാക്കി.

മന്ത്രിമാരുടെ പ്രസ്താവനകള്‍ക്കു പുറമെ, ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്യണമെന്നുള്ള സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ വകുപ്പും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസാരിച്ചെന്നു വരും, അത് ആരും തടയേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മന്ത്രിസഭയില്‍ പറയേണ്ടത് മന്ത്രിസഭയിലും ഇടതുമുന്നണിയില്‍ പറയേണ്ടത് അവിടെയും പറയും. മന്ത്രിമാര്‍ പരസ്​പരവിരുദ്ധമായി അഭിപ്രായപ്രകടനം നടത്തുന്നതില്‍ ഇടപെടുമോയെന്ന ചോദ്യത്തിന് അതൊന്നും മാധ്യമങ്ങളോടു പങ്കുവെക്കേണ്ട വിഷയമല്ലെന്നായിരുന്നു ഉത്തരം.

പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടതുമുന്നണിയില്‍ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. പരസ്യമായി പ്രതികരിച്ചു പ്രശ്‌നമുണ്ടാക്കാതെ ഇടതുമുന്നണിയില്‍ എതിര്‍പ്പു ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സി.പി.ഐ.
സംസ്ഥാനനേതൃത്വം. അതിരപ്പിള്ളി പദ്ധതിയില്‍ 15വര്‍ഷം മുമ്പാണ് ചര്‍ച്ചനടന്നതെന്ന നിലപാടിലാണ് സി.പി.ഐ. നേതാക്കള്‍. അതില്‍നിന്ന് ഇപ്പോള്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്യാനുള്ള തീരുമാനത്തിലാണവര്‍.

വിവാദം തീരാതെ

1979-ലാണ് അതിരപ്പള്ളിയില്‍ ജലവൈദ്യുതപദ്ധതിക്കുള്ള ആലോചന തുടങ്ങുന്നത്. ചാലക്കുടിപ്പട്ടണത്തിനു കിഴക്ക്, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു മുകളിലായാണ് പദ്ധതി. 1500 കോടി രൂപ മുതല്‍മുടക്കില്‍ വര്‍ഷം 21.2 കോടി മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവും നിര്‍ദിഷ്ട അണക്കെട്ടിനുദ്ദേശിച്ചത്. 1982-ല്‍ നിര്‍ദേശം സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക്, 1989-ല്‍ അനുമതി ലഭിച്ചു.
എന്നാല്‍, പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു. പിന്നീട് '98-ല്‍ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് വീണ്ടും ജീവന്‍വെക്കുന്നത്. 2007-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കി. എന്നാല്‍, 2010-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേഷ്, പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍പ്പുമായി രംഗത്തെത്തി. മുന്പുനല്‍കിയ പാരിസ്ഥിതികാനുമതി 2015-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു.

എതിര്‍വാദങ്ങള്‍
* 200 ഹെക്ടറിലെ വനം നശിക്കും
* പദ്ധതിപ്രദേശത്തുള്ള വാഴച്ചാല്‍, പൊകലപ്പാറ കോളനിനിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരും
* അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളെ ദോഷകരമായി ബാധിക്കും
* ഒട്ടേറെ അപൂര്‍വയിനം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ തകര്‍ക്കും
* ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കുത്തനെ കുറയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1