ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. സൗരോര്‍ജം ഉപയോഗിച്ചാണ് തീവണ്ടിയിലെ ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത്.
ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് സൗരോര്‍ജം ലഭ്യമാക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് റെയില്‍വെ അറിയിച്ചു.
എ.സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 40 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഓരോ കോച്ചിന്റെയും മുകള്‍ഭാഗത്തുള്ളത്. 18 സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഈ സ്ഥലം ധാരാളം.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശത്തും സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം.
train
ഇന്ത്യയിലെ ആദ്യ സൗരോര്‍ജ തീവണ്ടി. ഫോട്ടോ: എ.എന്‍.ഐ
ഒരുദിവസം 17 യൂണിറ്റ് വൈദ്യൂതി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാകും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 രൂപയാണ് റെയില്‍വേയ്ക്ക് ചിലവാകുക. 340 രൂപയാണ് ഇതുവഴി റെയില്‍വേയ്ക്ക് ഒരു കോച്ചില്‍ നിന്ന് ലാഭിക്കാനാകുക. ഒരുവര്‍ഷം ഒരു കോച്ചിനായി 1,24,100 രൂപ ലാഭിക്കാന്‍ സാധിക്കും.
ഒരു കോച്ചില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് നാല് ലക്ഷത്തോളം രൂപയാകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ ഒരുവര്‍ഷം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കാനാകും എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
ഇന്ധന ചിലവില്‍ വലിയ ലാഭമാണ് റെയില്‍വേയ്ക്ക് ഉണ്ടാവുക. വരുമാനത്തിന്റെ 22 ശതമാനമാണ് റെയില്‍വേ ഇന്ധനത്തിനായി ചിലവഴിക്കുന്നത്.