വെബ്സൈറ്റുകളില്‍ അനിമേഷനുകളും ഗെയിമുകളും വീഡിയോയും ശബ്ദവുമെല്ലാം കേള്‍ക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വേര്‍ ആണ് ഫ്ളാഷ്. നമ്മള്‍ സന്ദര്‍ശിക്കുന്ന പല വെബ്സൈറ്റുകളിലും ഫ്‌ളാഷില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ കാണാവുന്നതാണ്.
എന്നാല്‍ ഫ്ളാഷ് സോഫ്റ്റ്‌വേറിനെ ക്രോം ബ്രൗസറില്‍ ബ്ലോക്കുചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ഈ വര്‍ഷം അവസാനത്തോടെ അതുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രോമില്‍ നിന്ന് ഫ്‌ളാഷ് നീക്കം ചെയ്യപ്പെടും എന്നല്ല ഇതിനര്‍ഥം. ക്രോമില്‍ ഇനിയും  ഫ്‌ളാഷ് പ്രവര്‍ത്തിക്കും. എന്നാല്‍ അതിന് ഉപയോക്താവിന്റെ അനുവാദം വേണ്ടിവരും എന്നുമാത്രം. ഫ്ളാഷില്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ എല്ലാം തന്നെ ഗൂഗിള്‍ ക്രോമില്‍ ബ്ലോക്ക് ചെയ്യപ്പെടും. ഉപയോക്താക്കള്‍ക്ക് ഓരോ സൈറ്റിനും പ്രത്യേകമായി ഫ്ളാഷ് എനേബിള്‍ ചെയ്യാം.
ഇതിനായി ക്രോമില്‍ ഒരോ വെബ്സൈറ്റ് തുറക്കുമ്പോഴും ഫ്ളാഷ് എനേബിള്‍ ആക്കണോ എന്ന് ചോദിച്ച് പോപ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇത് തിരഞ്ഞെടുത്താല്‍ അത് ക്രോം ഓര്‍ത്തുവെക്കുകയും പിന്നീട് ആ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫ്ളാഷ് താനെ എനേബിള്‍ ആവുകയും ചെയ്യും.
യുട്യൂബ്, ഫെയ്‌സ്ബുക്ക്, യാഹൂ, ട്വിച്ച്, ആമസോണ്‍ തുടങ്ങിയ ഫ്ളാഷ് ഉപയോഗിക്കുന്ന പത്ത് പ്രമുഖ സൈറ്റുകള്‍ക്ക് ഫ്ളാഷ് ബ്ലോക്ക് ചെയ്യുന്നതില്‍ നിന്നും ഗൂഗിള്‍ ഇളവ് നല്‍കിയിട്ടുണ്ട്.  പോപ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് പ്രയാസമാകാതിരിക്കാനാണ് പ്രമുഖ സൈറ്റുകള്‍ക്ക് ഈ ഇളവ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ഇളവ് നിലനില്‍ക്കൂ. അതിനുശേഷം മറ്റ് വെബ്സൈറ്റുകളെ പോലെ ഈ പത്ത് സൈറ്റുകളിലും ഫ്ളാഷ് ബ്ലോക്ക് ചെയ്യപ്പെടും.
ഒരു വര്‍ഷം മുമ്പ് തന്നെ ഗൂഗിള്‍ ക്രോം ചെറിയതോതില്‍ ഫ്ളാഷ് പ്ലെയര്‍ ബ്ലോക്ക് ചെയ്തുതുടങ്ങിയിരുന്നു. അനാവശ്യവും അപകടകാരികളുമായ ഉള്ളടക്കങ്ങളെ തടയാന്‍ ഫ്ളാഷ് ബ്ലോക്ക് ചെയ്യപ്പെടുന്നതിലൂടെ സാധിക്കും. മാത്രവുമല്ല വെബ്ഡെവലപ്പര്‍മാരെ എച്ച്ടിഎംഎല്‍ 5 ലേക്ക് ( HTML5 ) മാറുന്നതിന് പ്രേരിപ്പിക്കാനും ഗൂഗിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.